ADVERTISEMENT

ബെയ്ജിങ്∙ കോവിഡ് ആദ്യഘട്ടത്തിൽ കൈകാര്യം ചെയ്യുന്നതിൽ ചൈന മനഃപൂർവം വീഴ്ച വരുത്തിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ചൈനയിൽ ആരോഗ്യ മേഖലയിലെ അടുത്തവൃത്തങ്ങളിൽനിന്ന് ചോർന്ന രേഖകൾ ‘വുഹാൻ ലീക്ക്സ്’ എന്ന പേരിൽ സിഎൻഎൻ ആണ് റിപ്പോർട്ട് ചെയ്തത്. 117 പേജുള്ള രേഖകളിൽ പറയുന്നത് പ്രകാരം, ഹ്യൂബെ പ്രവിശ്യയിൽ ഫെബ്രുവരി 10നകം 5918 കോവി‍ഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഔദ്യോഗിക കണക്കുപ്രകാരം ഇതിന്റെ പകുതിയിൽ താഴെ മാത്രമാണ് ചൈന റിപ്പോർട്ട് ചെയ്തത്.

ആദ്യഘട്ടത്തിൽ പരിശോധനയുടെ കൃത്യത ഉറപ്പാക്കാൻ ചൈന ബുദ്ധിമുട്ടിയിരുന്നതായും രേഖയിൽ പറയുന്നു. ചില കേസുകളിൽ പരിശോധനഫലം പുറത്തുവരുന്നതിനു മൂന്നാഴ്ച വരെ സമയമെടുത്തു. ആദ്യം ഉപയോഗിച്ച പരിശോധനാ കിറ്റുകൾ അധികവും തെറ്റായ ഫലം നൽകുന്നവയായിരുന്നു. ആദ്യ മാസങ്ങളിൽ ശരാശരി 23 ദിവസമാണ് പരിശോധന ഫലം പുറത്തുവരാൻ എടുത്ത സമയം. യഥാർഥ കേസുകളും ഔദ്യോഗിക കണക്കും തമ്മിൽ വലിയ അന്തരമില്ലെങ്കിലും കേസുകളുടെ എണ്ണം കുറച്ചു കാണിക്കാൻ ഉദ്യോഗസ്ഥർ മനഃപൂർവം ശ്രമിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.

മാർച്ച് 7 ആയപ്പോൾ ഔദ്യോഗിക കണക്കുപ്രകാരം 2986 പേരാണ് ഹ്യൂബെ പ്രവിശ്യയിൽ കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ യഥാർഥത്തിൽ ഇത് 3456 പേരായിരുന്നെന്ന് ഹ്യൂബെ പ്രൊവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) നിന്ന് ചോർന്ന രേഖയിൽ പറയുന്നു. മാത്രമല്ല, കോവി‍ഡ് ഏറ്റവുമധികം ബാധിച്ചെന്ന് കരുതിയിരുന്ന ഹ്യൂബെയിലെ വുഹാൻ നഗരത്തേക്കാൾ യിചാങ്, സിയാനിങ് എന്നീ നഗരങ്ങളിലായിരുന്നു കൂടുതൽ രോഗികളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നോവൽ കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന പഠനം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ കൃത്യമായ സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ചൈന നൽകിയ പല വിവരങ്ങളിലും പൊരുത്തകേടുള്ളതായും വിമർശനമുണ്ട്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ 2019 നവംബർ 17നാണ് ആദ്യത്തെ കേസ് കണ്ടെത്തിയത്. അന്ന് രോഗം സ്ഥിരീകരിച്ചയാളാണോ ആദ്യത്തെ രോഗി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അജ്ഞാത വൈറസ് മൂലമുളള രോഗബാധയെക്കുറിച്ച് ലോകാരോഗ്യസംഘടനയിൽ ചൈന റിപ്പോർട്ട് ചെയ്യുന്നത് ഡിസംബർ 31നാണ്.

English Summary: Wuhan leaks: Documents show China’s early, costly mistakes in handling COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com