ADVERTISEMENT

ന്യൂഡൽഹി∙ കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ 11ന് ആരംഭിച്ച രാജ്യവ്യാപക ഭാരത് ബന്ദിൽ പരക്കെ സംഘർഷം. പ്രതിഷേധങ്ങൾ ശക്തമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഡൽഹി അതിർത്തിയായ സിംഘുവിൽ വൻ സുരക്ഷാ സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രാവിലെ 11 മുതൽ 3 മണി വരെ ചക്കാ ജാം (Chakka Jam) എന്ന പേരിൽ കർഷകർ പ്രധാനപ്പെട്ട റോഡുകൾ തടസ്സപ്പെടുത്തി. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യൂക്കിനു മുന്നിൽ മുട്ടുകുത്തില്ലെന്നു സിംഘുവിലെ സമരവേദിയിൽ കർഷകർ പ്രഖ്യാപിച്ചു.

farmers-protest
ഭാരത് ബന്ദിനെത്തുടർന്ന് പ്രതിഷേധം നടത്തുന്നവർ. ചിത്രം∙ രാഹുൽ ആർ.പട്ടം

രാവിലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭാരത് ബന്ദ് പ്രതിഷേധത്തിന് പോകാന്‍ അനുവദിക്കാതെയാണ് യുപി പൊലീസ് ആസാദിനെ യുപിയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. കെ.കെ.രാഗേഷ് എംപിയും പി.കൃഷ്ണപ്രസാദും അറസ്റ്റിലായി. ബിലാസ്പൂരില്‍നിന്നാണ് ഇവര്‍ അറസ്റ്റ് ചെയ്തത്.

കർഷക പ്രതിഷേധത്തിന് പിന്തുണ നൽകാൻ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ പഞ്ചാബും ഹരിയാനയും നിശ്ചലമായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബന്ദ് കാര്യമായി ബാധിച്ചു. കർഷകരെ കവർച്ച ചെയ്യുന്നത് മോദി അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സിംഘുവില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

farmers-strike
ഭാരത് ബന്ദിനെത്തുടർന്ന് പ്രതിഷേധം നടത്തുന്നവർ . ചിത്രം∙ രാഹുൽ ആർ.പട്ടം

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷക രോഷം ഏറ്റവും കൂടുതൽ ആഞ്ഞടിച്ച പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ ഭാരത് ബന്ദ് പൂർണമാണ്. കർഷകർക്കു പുറമെ കോൺഗ്രസ്, ശിരോമണി അകാലി ദൾ പ്രവർത്തകർ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. സമരങ്ങൾ നിശ്ചലമാക്കാറുള്ള ബംഗാളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തൃണമൂൽ കോൺഗ്രസും ഇടതു പാർട്ടികളും ട്രെയിൻ തടഞ്ഞു. രാജ്യതലസ്ഥാനത്ത് 11 മണിക്ക് തുടങ്ങിയ റോഡ് ഉപരോധങ്ങൾ തുടരുകയാണ്. എന്നാൽ ബന്ദ് ഡൽഹിയിലെ വാഹന ഗതാഗതത്തെ ബാധിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ കർഷക സംഘടനകൾ ട്രെയിൻ തടഞ്ഞു. അഹമ്മദാബാദ് - വിരാംഗം ദേശീയപാതയിൽ ടയർ കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ജയ്‌പ്പൂരിൽ കോൺഗ്രസ്‌ - ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഡൽഹി - യുപി ദേശീയപാതകളിലും കർഷകർ റോഡ് ഉപരോധിച്ചു.

farmers-bandh
ഭാരത് ബന്ദിനെത്തുടർന്ന് പ്രതിഷേധം നടത്തുന്നവർ . ചിത്രം∙ രാഹുൽ ആർ.പട്ടം

ഭാരത് ബന്ദിനെ പിന്തുണച്ചു കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധിക്കാനിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ഡല്‍ഹി പൊലീസ് വീട്ടുതടങ്കലിലാക്കിയതായി ആം ആദ്മി പാര്‍ട്ടി (എഎപി) ആരോപിച്ചു. കേജ്‍രിവാളിനെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ ഡല്‍ഹി പൊലീസ് ആരോപണം നിഷേധിച്ചു. ഡല്‍ഹി െഎടിഒ റോഡ് ഉപരോധിച്ച എഎപി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വനിത പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ കീറിയതായും ആക്ഷേപം ഉയർന്നു.

English Summary: Bharat Bandh: Heavy security at Delhi borders; shops, banks shut in Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com