ADVERTISEMENT

മൂന്നാർ∙ ഉരുൾപൊട്ടലിന്റെയും കൂട്ടമരണത്തിന്റെയും ഹൃദയം നുറുങ്ങുന്ന ഓർമകളുമായാണ് പെട്ടിമുടിക്കാർ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോൾ ചേർന്നു നിന്നു വോട്ടു രേഖപ്പെടുത്തിയ 46 പേർ വോട്ടർ പട്ടികയിൽ നിന്നും ജീവിതത്തിൽ നിന്നും മാഞ്ഞുപോയതിന്റെ സങ്കടം രാജമല എൽപി സ്കൂളിലെ ബൂത്തിലും നിറയുന്നു.

പെട്ടിമുടിയിൽ നിന്നു മൂന്നുകിലോമീറ്റർ അകലെയുള്ള രാജമല എൽപി സ്കൂളിൽ മന്ദഗതിയിലായിരുന്നു പോളിങ് തുടങ്ങിയത്. ആദ്യ നാലു മണിക്കൂറിൽ 125 പേർമാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ദുരന്തത്തെ തുടർന്നു വിവിധ എസ്റ്റേറ്റുകളിൽ മാറ്റിപ്പാർപ്പിച്ച 32 പേർ വോട്ട് ചെയ്യാനെത്തി. പെട്ടിമുടി ദുരന്തത്തിനു ശേഷം വിവിധ എസ്റ്റേറ്റുകളിലേക്കു മാറ്റപ്പെട്ടവരിൽ ചിലർ അതിനു ശേഷം ആദ്യമായാണു മുഖാമുഖം കാണുന്നത്. പെട്ടിമുടിയിലെ ജീവിതത്തെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും ചെറിയ വാക്കുകളിൽ ഓർമ പുതുക്കി അവർ തിരികെ യാത്രയായി.

എസ്റ്റേറ്റുകളിൽ നിന്നു ജീപ്പുകളിലാണ് ഇവർ രാജമലയിലെ പോളിങ് ബൂത്തിലേക്ക് എത്തിയത്. പെട്ടിമുടിയിലും രാജമലയിലുമായി ആകെ 497 വോട്ടുകളാണ് നിലവിലുള്ളത്. ഇതിൽ 249 പേർ പുരുഷന്മാരും 248 പേർ സ്ത്രീകളും. ദുരന്തത്തെ തുടർന്നു പെട്ടിമുടിയിൽ നിന്നു 122 പേരെയാണു രാജമല ഉൾപ്പെടെയുള്ള വിവിധ എസ്റ്റേറ്റുകളിലേക്കു മാറ്റിപ്പാർപ്പിച്ചത്.

ഉരുൾപൊട്ടലിൽ നിന്നു രക്ഷപ്പെട്ട ആരും ഇതുവരെ വോട്ടു ചെയ്യാൻ എത്തിയിട്ടില്ല. വൈകുന്നേരത്തിനുള്ളിൽ കൂടുതൽ പേർ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണു രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ.

English Summary: Gloomy polling day at pettimudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com