ADVERTISEMENT

കൊൽക്കത്ത∙ കേന്ദ്ര സർക്കാരും ബംഗാളിലെ മമത സർക്കാരും തമ്മിലുള്ള തുറന്നപോരിന് അയവില്ല. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിനുനേരെ കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കു സമീപമുണ്ടായ ആക്രമണത്തെചൊല്ലിയാണ് തർക്കം. സംഭവം നടന്നപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ ഡപ്യൂട്ടേഷനായി ഡൽഹിയിലേക്ക് തിരികെ വിളിപ്പിച്ചു. എന്നാൽ ബംഗാളിൽ പരോക്ഷമായി അടിയന്തരാവസ്ഥ ചുമത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് ആരോപിച്ച് തൃണമൂൽ എംപി കല്യാൺ ബാനർജി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചു.

ബംഗാളിലെ ക്രമസമാധാനനില വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഡൽഹിയിലേക്കു വിടേണ്ടെന്നു മമത ബാനർജി സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയും ഡിജിപി വീരേന്ദ്രയും 14നു ഡൽഹിയിൽ എത്തണമെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആവശ്യപ്പെട്ടത്. എന്നാൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഡൽഹിയിലേക്കു വിടേണ്ടെന്നു തൃണമൂൽ ഭരണകൂടം തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരികെ വിളിപ്പിച്ചത്.

സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി ബംഗാളിൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കാൻ അമിത് ഷാ പരോക്ഷമായി ശ്രമിക്കുന്നുവെന്നാണു തൃണമൂലിന്റെ ആരോപണം. ഡിസംബർ 10ന് വാഹനവ്യൂഹത്തിനു നേരെയുണ്ടായ കല്ലേറിനു ജെ.പി.നഡ്ഡ തന്നെയാണ് ഉത്തരവാദിയെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് അയച്ച കത്തിൽ തൃണമൂൽ എംപി കല്യാൺ ബാനർജി ആരോപിച്ചു. ബിജെപി കൊടികളേന്തിയ 50 മോട്ടർ സൈക്കിളുകളും 30 കാറുകളും വാഹനവ്യൂഹത്തിലുണ്ടായിരുന്നു. സംഭവസ്ഥലത്തു വിന്യസിച്ചിരുന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡപ്യൂട്ടേഷനായി വിട്ടയക്കണമെന്നു ബംഗാൾ ചീഫ് സെക്രട്ടറിയോ‌ടു മന്ത്രാലയം ആവശ്യപ്പെട്ടെന്നും ബാനർജി ചൂണ്ടിക്കാട്ടി.

മൂന്ന് ഉദ്യോഗസ്ഥരെയും കേന്ദ്രത്തിലേക്കു മടക്കി വിളിക്കുന്നതിലൂടെ ഉദ്യോഗസ്ഥരു‌ടെമേൽ സമ്മർദം ചെലുത്താനുള്ള ഉദ്ദേശ്യം വ്യക്തമാണ്. ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥർക്കും പൊലീസ് മേധാവിക്കും കേന്ദ്രം സമൻസ് അയച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രാഷ്ട്രീയ പ്രതികാര നടപടികളുമായി ബംഗാളിലെ ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കാനാണു ശ്രമം. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിൽ ഇടപെടാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നും ബാനർജി കത്തിൽ കുറ്റപ്പെടുത്തി.

മമത ബാനർജി, അമിത് ഷാ
മമത ബാനർജി, അമിത് ഷാ

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കളമൊരുക്കുന്നതിന്റെ ഭാഗമായാണു തൃണമൂലുമായി ബിജെപി കൊമ്പുകോർക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായെന്നു ഗവർണർ ജഗ്ദീപ് ധൻകർ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകിയിരുന്നു. ആക്രമണത്തിന്റെ പേരിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തെന്നും 7 പേർ അറസ്റ്റിലായെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

English Summary: Amit Shah Trying To Indirectly Impose Emergency In Bengal: Trinamool MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com