ADVERTISEMENT

ഓയൂർ (കൊല്ലം) ∙ സ്കൂളിൽ പഠിക്കുമ്പോൾ മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട യുവാവിനെ പ്രണയിക്കുകയും പിന്നീട് മാതാപിതാക്കളെ ധിക്കരിച്ച് അയാൾക്കൊപ്പം ഇറങ്ങിപ്പോവുകയും ചെയ്ത ഒരു പെൺകുട്ടി. വർഷങ്ങൾക്കിപ്പുറം അയാളിൽനിന്ന് പീഡനം ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങേണ്ടി വന്നപ്പോഴും സംഭവിച്ചത് എന്താണെന്നു മാതാപിതാക്കളോട് പോലും അവൾ തുറന്നു പറഞ്ഞിരുന്നില്ല. അടിവയറ്റിൽ ഭർത്താവിന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ട കരിക്കം അഭിലാഷ് ഭവനിൽ ജോർജ് – ശോഭ ദമ്പതികളുടെ മകൾ ആശ (29) മരണക്കിടക്കയിൽ വച്ചു മാത്രമാണ് സത്യം സ്വന്തം പിതാവിനോട് പോലും തുറന്നു പറയാൻ ധൈര്യം കാണിക്കുന്നത്. 

അരുണിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അതിനെ ചൊല്ലി ആശയുമായി അരുൺ തർക്കിച്ചു, ക്രൂരമായി മർദിച്ചു. അടിവയറ്റിൽ ആഞ്ഞുള്ള ചവിട്ടാണ് ആശയുടെ മരണത്തിൽ കലാശിച്ചത്. ആശയുടെ മാതാപിതാക്കളുടെ  പരാതിയിൽ നടന്ന അന്വേഷണത്തിലാണ് അരുൺ കുടുങ്ങിയത്.

ഒക്ടോബർ 31നാണ് ആശയുടെ മൂത്തമകൾ ആശയുടെ പിതാവ് ജോർജിനെ ഫോണിൽ വിളിക്കുന്നത്. അമ്മയെ ആട് ഇടിച്ചിട്ടു. വയ്യാതെ കിടപ്പാണ് എന്നായിരുന്നു കുട്ടി ജോർജിനെ വിളിച്ചു പറഞ്ഞത്. ആശുപത്രിയിൽ കൊണ്ടു പോകാൻ താൻ ആവശ്യപ്പെട്ടിട്ടും വൈകുന്നരത്തോടെ മാത്രമാണ് മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആശയുടെ ഭർത്താവ്  ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുൺ (36) തയാറായതെന്നും മനോരമ ന്യൂസിന്റെ പ്രത്യേക പരിപാടിയായ കുറ്റപത്രത്തിൽ ജോർജ് പറയുന്നു. 

‘‘അവൾ പ്രേമിച്ചു പോയതാണ്. പള്ളിക്കൂടത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. ദീർഘകാലം ഒരുമിച്ചു താമസിച്ചു. രണ്ട് കുട്ടികൾ ആയിട്ടും വിവാഹം റജിസ്റ്റർ ചെയ്യാൻ അരുൺ തയാറായിരുന്നില്ല. മദ്യപിച്ചു വന്നാൽ ആശയെ അരുൺ വല്ലാതെ മർദ്ദിക്കുമായിരുന്നു. ഒരു തവണ അടിച്ചിട്ട് നെറ്റിയൊക്കെ വീർത്തു വന്നു. ചോദിക്കാൻ ചെന്ന എന്നെയും തല്ലി. അന്നു തന്നെ ഞാൻ വനിതാ സെല്ലിൽ പരാതി കൊടുത്തു. ഒന്നര കൊല്ലം മുൻപാണ് അത്. അവിടെ വച്ചാണ് കല്യാണം റജിസ്റ്റർ ചെയ്യാൻ അരുൺ സമ്മതിക്കുന്നത്. 

മകൾക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടെന്ന് അറിഞ്ഞ് പലതവണ കാണാൻ ഞങ്ങൾ അവിടെ ചെന്നിട്ടുണ്ട്. പലപ്പോഴും ഞങ്ങളോടും അരുൺ മോശമായി പെരുമാറിയിരുന്നു. ഞങ്ങളുടെ കയ്യിൽ ഉള്ളതെല്ലാം നുള്ളിയും പെറുക്കിയും ഞങ്ങൾ കൊണ്ടു വന്നു കൊടുത്തിരുന്നു. സാമ്പത്തികപ്രശ്‌നത്തിന്റെ പേരിൽ മകൾ പീഡനം ഏൽക്കരുതെന്ന് ഞങ്ങൾ കരുതി’’– അമ്മ ശോഭ കണ്ണീരോടെ പറയുന്നു. 

നവംബർ നാലാംതീയതി മീയ്യണ്ണൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ആശ മരിച്ചത്. വീടിനു സമീപത്തെ പാറ മുകളിൽ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണു ഭർത്താവ് ബന്ധുക്കളെ അറിയിച്ചിരുന്നത്. ആശയെ ചികിത്സിച്ച ഡോക്ടർ അത് ആട് ഇടിച്ച പാടല്ലെന്നു പറഞ്ഞിരുന്നുവെന്ന് പിതാവ് ജോര്‍ജ് പറഞ്ഞു. പപ്പ എന്റെ കുഞ്ഞുങ്ങളെ ഓർത്താണ് ഞാൻ ഇത് ഇപ്പോൾ നിങ്ങളോട് പറയുന്നത്. പപ്പയ്ക്ക് അവനോട് മുട്ടിനിൽക്കാൻ പറ്റില്ല. ഒന്നിനും പോകേണ്ടെന്നും മകൾ പറഞ്ഞു. തീരാനോവോടെ ജോർജ് പറയുന്നു.

പൊലീസ് പറയുന്നത്: മദ്യപിച്ചെത്തിയ അരുൺ ഒക്ടോബർ 31ന് ആശയുമായി വഴക്കിട്ടു. അരുൺ വയറ്റിൽ ചവിട്ടിയതോടെ ആശ അബോധാവസ്ഥയിലായി. ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. സ്ഥിതി വഷളായതോടെ മീയ്യണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്. ആട് ഇടിച്ചിട്ടെന്ന കഥ അരുൺ ആശുപത്രിയിലും ആവർത്തിച്ചിരുന്നു. 

എന്നാൽ രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമായി. തുടർന്നാണു പോസ്റ്റ്മോർട്ടം നടത്തിയത്. പാറയുടെ മുകളിൽ നിന്നു വീണാൽ ശരീരം മുഴുവൻ മുറിവുകളുണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റ്മോർട്ടത്തിൽ ആശയുടെ ശരീരത്തിൽ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയിൽ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. റൂറൽ എസ്പി: ഇളങ്കോയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി എം.എ.നസീർ അടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.

English Summary: Kollam police solve mystery: Not goat, husband’s kick killed woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com