ADVERTISEMENT

ന്യൂഡല്‍ഹി∙ പല തവണത്തെ ചര്‍ച്ചകള്‍ക്കുശേഷവും കര്‍ഷകസമരം പരിഹരിക്കപ്പെടാതെ തുടരുന്നതിനിടയില്‍ സമരത്തില്‍ നക്‌സല്‍ബന്ധം ആരോപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നക്‌സല്‍ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ഒരാളിന്റെ ചിത്രം സമരക്കാര്‍ക്കിടയില്‍ കണ്ടുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. കര്‍ഷകസമരത്തെ അപകീര്‍ത്തിപ്പെടുത്തി വിഷയം മറ്റു വഴിക്കു തിരിച്ചുവിടാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നം ഗഡ്കരി പറഞ്ഞു. 

'എല്ലാ കര്‍ഷകരെക്കുറിച്ചും സംഘടനകളെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. നാഗ്പുരിനു സമീപം വിദര്‍ഭയില്‍ നക്‌സല്‍ പ്രസ്ഥാനത്തെ അനുകൂലിക്കുന്ന ഒരാളെക്കുറിച്ച് അന്വേഷണം നടക്കുണ്ടുണ്ട്.. അയാള്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുമില്ല. പിന്നെ എങ്ങിനെയാണ് അയാള്‍ കര്‍ഷക സമരത്തിന് എത്തുന്നത്. കൃഷിയുമായും കര്‍ഷകരുമായും ഇയാള്‍ക്കുള്ള ബന്ധം എന്താണ്.'- നിതിന്‍ ഗഡ്കരി ചോദിച്ചു.

'ദേശവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ളയാള്‍, കര്‍ഷകരുമായി നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലാത്തയാള്‍. അങ്ങിനെയുള്ളയാളിന്റെ ചിത്രമെങ്ങിനെ കര്‍ഷകര്‍ക്കൊപ്പം വരും. അതാണു ഞാന്‍ പറഞ്ഞത് മറ്റു ചില ശക്തികള്‍ ഇതില്‍ ഇടപെടുന്നുണ്ടെന്ന്. കര്‍ഷകരുടെയും അവരുടെ സംഘടനകളുടെയും അജന്‍ഡയല്ല ഇപ്പോള്‍ കേള്‍ക്കുന്നത്. കര്‍ഷകര്‍ ഇതില്‍നിന്നൊക്കെ മാറി നില്‍ക്കണം.' - ഗഡ്കരി പറഞ്ഞു. 

തീവ്ര ഇടതു സംഘടനകളും മാവോയിസ്റ്റുകളും കര്‍ഷക സമരം ഹൈജാക്ക് ചെയ്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഭീമ കൊറേഗാവ് കലാപം, ഷഹീന്‍ബാഗ് സമരം, പൗരത്വനിയമ ദേദഗതി വിരുദ്ധ നീക്കം എന്നിവയും കര്‍ഷകസമരവും തമ്മില്‍ താരതമ്യപ്പെടുത്തലുകളും ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കര്‍ഷകസമരം അക്രമങ്ങളിലേക്കു നീങ്ങുമെന്നും പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപ്പെടുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി-ജയ്പുര്‍ ദേശീയപാത തടയാന്‍ മറ്റു സംഘടനകളാണ് കര്‍ഷകരെ ഉപദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ കര്‍ഷക സംഘടനകള്‍ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. സമരം ഒരു തരത്തിലും രാഷ്ട്രീയനീക്കമല്ലെന്നും സമാധാനപരമാണെന്നും നേതാക്കള്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com