ADVERTISEMENT

ആലപ്പുഴ∙ കുട്ടനാട്ടില്‍ മടവീണ് 560 ഏക്കറോളം പാടത്തെ കൃഷി വെള്ളത്തിലായി. കനകാശേരി പാടത്തിന്റെ പുറംബണ്ടാണ് തകര്‍ന്നത്. നാനൂറിലധികം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. വേലിയേറ്റത്തെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

രണ്ടുവര്‍ഷം മുമ്പുണ്ടായ മഹാപ്രളയത്തിലാണ് കനകാശേരി പാടത്തിന്റെ പുറംബണ്ട് സാരമായി തകര്‍ന്നത്. മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ മണല്‍ച്ചാക്കുകള്‍ അടുക്കി ബണ്ട് കെട്ടിയെങ്കിലും അശാസ്ത്രീയമായ നിര്‍മാണം മൂലം ലക്ഷങ്ങള്‍ വെള്ളത്തിലായി. പിന്നാലെ വീണ്ടും മടകുത്തിയെങ്കിലും അത് ഫലപ്രദമായില്ല. 

110 ഏക്കര്‍ വരുന്ന കനകാശേരി പാടത്ത് വെള്ളംകയറിയതോടെ തൊട്ടടുത്തുള്ള മീനപ്പള്ളി പാടത്തെ 130 ഏക്കറിലും വലിയകരി പാടത്തെ മുന്നൂറ് ഏക്കറിലും കൃഷിനാശമുണ്ടായി. ഇവിടങ്ങളില്‍ പത്തുമുതല്‍ നാല്‍പ്പത്തിയഞ്ചു ദിവസം വരെ പ്രായമുള്ള നെല്‍ച്ചെടികളാണുള്ളത്. മടവീഴ്ച ശക്തമായതിനാല്‍ 560 ഏക്കറിലെ പുഞ്ചകൃഷി പൂര്‍ണമായും നശിക്കും.

പുറംബണ്ടുകളില്‍ താമസിക്കുന്ന നാനൂറിലധികം കുടുംബങ്ങളാണ് കൂടുതല്‍ ദുരിതത്തിലായത്. വീടുകളില്‍ വെള്ളംകയറും. മടകുത്തുന്നത് നീണ്ടാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ ഉള്‍പ്പടെ തുറക്കേണ്ടിവരും. അതിനിടെ വേലിയേറ്റത്തെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English Summary : 560 acres of agriculture land in Kuttanad is under water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com