ADVERTISEMENT

സിഡ്നി∙ കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഓസ്ട്രേലിയൻ ഷെഫിന്റെ പേജ് നീക്കം ചെയ്ത് ഫെയ്സ്ബുക്. ഓസ്ട്രേലിയയിൽ ഏറെ പ്രശസ്തനായ ഷെഫ് ടേൺ പീറ്റ് ഇവാൻസിന്റെ പേജാണ് നീക്കിയത്. രാജ്യത്തെ ഒട്ടേറെ പ്രൈം ടൈം പാചക ഷോകളിലെ വിധികർത്താവായിരുന്നു ഇവാൻസ്. ആരും കോവിഡ് പരിശോധനയ്ക്കു വിധേയരാകരുതെന്നും വാക്സീൻ സ്വീകരിക്കരുതെന്നും ജനങ്ങളോട് തന്റെ പേജിലൂടെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

താൻ ഫെയ്സ്ബുക് വിടുകയാണെന്ന് നവംബർ 20ന് ഇൻസ്റ്റഗ്രാമിലൂടെ ഇവാൻസ് അറിയിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ പോസ്റ്റുകളിട്ടിരുന്നു. ‘കോവിഡിനെക്കുറിച്ചോ കോവിഡ് വാക്സീനുകളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ പങ്കിടാൻ ഞങ്ങൾ ആരെയും അനുവദിക്കുന്നില്ല. ഇത്തരത്തിലുള്ള ഉള്ളടക്കത്തിനെതിരെ വ്യക്തമായ നയങ്ങളുണ്ട്. ഈ നയങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാണ് ഷെഫ് പീറ്റ് ഇവാൻസിന്റെ പേജ് നീക്കംചെയ്തിരിക്കുന്നത്’– കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.

എന്നാലും ഇദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഫെയ്സ്ബുക് വ്യക്തമാക്കിയിട്ടില്ല. സംസാര സ്വാതന്ത്ര്യം പോലുള്ള സുപ്രധാന വിഷയത്തെപ്പറ്റിയുള്ള ചർച്ചയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇവാൻസ് മറുപടി പറഞ്ഞു. ഇദ്ദേഹത്തിന് ഇൻസ്റ്റഗ്രാമിൽ 2.78 ലക്ഷം ഫോളോവേഴ്സുണ്ട്. വാക്സീനെ ‘അഴിമതി’, ‘വിഷം’ എന്നിങ്ങനെ പരാമർശിച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഇപ്പോഴുമുണ്ട്.

കൊറോണ വൈറസ് വാക്‌സീനുകളെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ ഫെയ്സ്ബുക്കിൽനിന്നും ഇൻസ്റ്റഗ്രാമിൽനിന്നും നീക്കംചെയ്യുമെന്ന് ഈ മാസം ആദ്യം തന്നെ ഫെയ്സ്ബുക് അറിയിച്ചിരുന്നു. ഓഗസ്റ്റ് വരെ, ആരോഗ്യപരമായ ഉള്ളടക്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന 3.8 ബില്യൻ പോസ്റ്റുകൾ ഉണ്ടായിരുന്നെന്നാണു കണക്ക്. കോവിഡ് വാക്‌സീനുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങൾ, ഫൊട്ടോഗ്രാഫുകൾ, വിഡിയോകൾ എന്നിവ പ്രചരിപ്പിച്ച നാല് ഗ്രൂപ്പുകളെ ഫെയ്സ്ബുക്ക് നീക്കം ചെയ്തതായി ഈ ആഴ്ച ഇസ്രയേൽ സർക്കാർ പറഞ്ഞിരുന്നു.

English Summary: Facebook removes Australian celebrity chef's page for COVID-19 conspiracies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com