ADVERTISEMENT

ബെയ്ജിങ് ∙ ചൈനീസ് തുറമുഖങ്ങളിൽ അടുക്കാൻ രണ്ട് ഇന്ത്യൻ ചരക്കു കപ്പലുകൾക്ക് അനുമതി നിഷേധിച്ചതും ഇന്ത്യയും ഓസ്ട്രേലിയയുമായുള്ള ചൈനയുടെ ബന്ധവും തമ്മിൽ കൂട്ടിവായിക്കേണ്ടതില്ലെന്ന് ചൈന. ചൈനീസ് കടലിൽ നങ്കൂരമിട്ട രണ്ടു ചരക്കു കപ്പലുകളിലെ 39 ഇന്ത്യക്കാരെ, മറ്റു കപ്പലുകളുടേതിൽനിന്നു വ്യത്യസ്തമായി, കരയിലിറങ്ങാൻ അനുവദിക്കുന്നില്ലെന്നും സാധനങ്ങൾ പുറത്തിറക്കാൻ അനുവദിക്കുന്നില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനു മറുപടിയായാണ് ചൈനയുടെ പ്രസ്താവന.

കപ്പൽ ജീവനക്കാർക്കു വലിയ മാനസിക പിരിമുറുക്കമാണ് ഈ അപ്രതീക്ഷിത നിലപാട് സൃഷ്ടിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. നിറയെ ചരക്കുകളും 13 നാവികരുമായി എംവി ജഗ് ആനന്ദ് എന്ന ചരക്കുകപ്പൽ ജൂൺ 23 മുതൽ ചൈനയുടെ ഹേബിയ പ്രവിശ്യയിൽ കരയ്ക്കടുക്കാൻ അനുവാദവും കാത്ത് കിടക്കുകയാണ്. 16 നാവികരുമായി എംവി അനസ്താസിയയും സെപ്റ്റംബർ 20 മുതൽ കയോഫോഡിയൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണെന്നും ശ്രീവാസ്തവ അറിയിച്ചു. കപ്പൽ തുറമുഖത്ത് അടുപ്പിക്കാനും നാവികർക്ക് കരയിലിറങ്ങാനും അനുവാദത്തിനായി ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയ്ക്കുള്ള മുന്നറിയിപ്പായി നിരീക്ഷകർ വിലയിരുത്തുന്ന, ബംഗാൾ ഉൾക്കടലിൽ ആരംഭിച്ച ‘മലബാർ 2020’ നാവികാഭ്യാസവുമായി ബന്ധപ്പെട്ടാണ് ചൈനയുടെ ഈ നിലപാടെന്നാണ് ഇന്ത്യ കരുതുന്നത്. എന്നാൽ നാവികാഭ്യാസവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ചൈനയുടെ ക്വാറന്റീൻ നിബന്ധനകളുടെ ഭാഗമായാണ് കപ്പുലകൾക്ക് തീരത്തടുക്കാൻ അനുമതി നൽകാത്തതെന്നും ചൈന അറിയിച്ചു. ‘ക്വാറന്റീൻ നടപടികളിൽ ചൈനയ്ക്ക് വ്യക്തമായ വ്യവസ്ഥകളുണ്ട്. ഇക്കാര്യത്തിൽ, ചൈന ഇന്ത്യൻ അധികൃതരുമായി ആശയവിനിമയം നടത്തുകയും അവരുടെ അഭ്യർഥനകളോട് പ്രതികരിക്കുകയും അവർക്ക് ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നുണ്ട്.’– ചൈന വിദേശകാര്യ വക്താവ് വാങ് വെൻബിൻ അറിയിച്ചു.

ക്വാറന്റീൻ നിബന്ധനകൾ പാലിച്ചു കൊണ്ട് കപ്പൽ ക്രൂവിൽ മാറ്റം വരുത്താൻ ചൈന അനുവദിക്കുന്നുണ്ട്. എന്നാൽ ജിൻതാങ് പോർട്ട് ആ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഫോഡിയൻ തീരത്തെക്കുറിച്ച് വെൻബിൻ പരാമർശിച്ചില്ല. നാവികാഭ്യാസവുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

കഴിഞ്ഞ ജൂണിൽ കിഴക്കൻ ലഡാക്കിൽ ഉണ്ടായ സംഘർഷത്തിനു പിന്നാലെ ഇന്ത്യയും ചൈനയുമായുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയുമായി ചേർന്നു യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ നടത്തുന്ന ഏറ്റവും വലിയ നാവിക അഭ്യാസമായ ‘മലബാർ 2020’ സൈനികമായും സാമ്പത്തികമായും ചൈന ഉയർത്തുന്ന വെല്ലുവിളിക്കുള്ള മുന്നറിയിപ്പാണെന്നതും ചൈനയ്ക്ക് കല്ലുകടി ഉണ്ടാക്കിയിട്ടുണ്ട്.

English Summary :China Says No "Link" Between Stranded Ship Crew And Its Ties With India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com