ADVERTISEMENT

തിരുവനന്തപുരം∙ കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 ന് തുടങ്ങും. കോവിഡ് സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലാണ് മേള നടക്കുകയെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള.

1500 പേർ വീതം ഡെലിഗേറ്റുകളെ മാത്രമേ ഓരോ മേഖലകളിലേക്കും അനുവദിക്കൂ. ഓൺലൈൻ ബുക്കിങ് വഴി മാത്രമാകും പ്രവേശനം. ഒരു തിയറ്ററിൽ 200 പേർക്ക് മാത്രമേ പ്രവേശനം നൽകൂ. ഓരോ മേഖലയിലും അഞ്ച് തിയറ്ററുകളിലായി അഞ്ച് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടുമാണ്.

ഒരു ദിവസം നാല് സിനിമകളാകും ഒരു തിയറ്ററിൽ പ്രദർശിപ്പിക്കുക. ഫെബ്രുവരി 10-ന് തിരുവനന്തപുരത്താകും മേള തുടങ്ങുക. എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെ, തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെ, പാലക്കാട്ട് മാർച്ച് 1 മുതൽ അഞ്ച് വരെയാണ് മേള സംഘടിപ്പിക്കുക.

കേരളത്തിന്റെ ചലച്ചിത്ര സംസ്കാരത്തിനു നിര്‍ണായക സംഭാവന നല്‍കിയ ഐഎഫ്എഫ്കെയുടെ രജതജൂബിലി പതിപ്പ് കൂടിയാണ് ഇത്. തിരുവനന്തപുരം എന്ന സ്ഥിരം വേദിയില്‍ നടക്കുന്ന മേളയില്‍ ഓരോ വര്‍ഷവും 14,000 ത്തോളം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കോവിഡിന്റെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലാത്തതിനാലാണ് കേരളത്തിന്റെ നാലു മേഖലകളിൽ മേള സംഘടിപ്പിക്കാൻ തീരുമാനമായത്. ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കും.

മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആള്‍ക്കൂട്ടം കൂടുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടാവില്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്റര്‍ ക്ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും.

രാജ്യാന്തര മല്‍സര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയില്‍ ഉണ്ടാവും. ഓരോ മേഖലയിലും ഐഎഫ്എഫ്കെയില്‍ ഉള്‍പ്പെടുത്തിയ എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദര്‍ശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദര്‍ശനങ്ങള്‍ വീതവും ആകും ഉണ്ടാവുക.

കഴിഞ്ഞ വര്‍ഷം ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമായി കുറച്ചു. പ്രതിനിധികൾ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ തന്നെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്തണം.

representative image
representative image

തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും ഓൺലൈൻ റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. തെര്‍മല്‍ സ്കാനിങ് നടത്തിയശേഷം മാത്രമായിരിക്കും പ്രവേശനം. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കുകയുള്ളൂ. ഓരോ പ്രദര്‍ശനം കഴിയുമ്പോഴും തിയേറ്ററുകള്‍ സാനിറ്റൈസ് ചെയ്യും.

ഡെലിഗേറ്റുകള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം മേളയില്‍ പങ്കെടുക്കേണ്ടത്. മേള സംഘടിപ്പിക്കുന്ന ഇടങ്ങളില്‍ എല്ലാം ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുമ്പ് ആന്‍റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും.

English Summary: IFFK to be held in four phases, four venues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com