ADVERTISEMENT

കൊച്ചി ∙ പിഎച്ച്‍ഡിയും നെറ്റും ഉൾപ്പെടെ ഉയർന്ന യോഗ്യതകൾ ഉണ്ടായിട്ടും ഏഴാം ക്ലാസ് മാത്രം യോഗ്യതവേണ്ട സ്വീപ്പർ തസ്തികയ്ക്കു നൽകുന്ന ശമ്പളംപോലും ലഭിക്കുന്നില്ലെന്ന പരാതി ഉയർത്തിയതിനു പിന്നാലെ സർക്കാരിനെതിരെ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുകയാണു കോളജ് അധ്യാപകർ.

സർക്കാർ സ്വീപ്പർ തസ്തികയ്ക്ക് നൽകുന്ന അടിസ്ഥാന ശമ്പളവും യുജിസി അസിസ്റ്റന്റ് പ്രഫസർക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളവും താരതമ്യം ചെയ്താണ് അധ്യാപകർ പരാതി ഉന്നയിച്ചിരിക്കുന്നത്. സ്വീപ്പർ തസ്തികയിൽ 16500-35700 രൂപയും അസിസ്റ്റന്റ് പ്രഫസർക്കത് 15600-39100 ആണെന്നും അധ്യാപകർ പറയുന്നു.

കോളജ് അധ്യാപകൻ അയച്ചുകൊടുത്ത ശമ്പള സ്കെയിൽ രേഖകൾ നിരത്തി ശശി തരൂർ എംപി അധ്യാപകരുടെ ശമ്പളം സംബന്ധിച്ച ചർച്ചയ്ക്ക് തുടക്കമിട്ടത് ഈയിടെയാണ്. സർക്കാർ ശമ്പള പരിഷ്കരണം നടപ്പാക്കാത്തതാണു പ്രശ്നമെന്ന് അധ്യാപകർ പറയുന്നു. യുജിസി ഏഴാം ശമ്പള പരിഷ്കരണം കേരളത്തിലെ അധ്യാപകർക്ക് ഇതുവരെ ലഭ്യമായിട്ടില്ല.

നിലവിലെ ശമ്പള സ്കെയിൽ 2006ലേതാണ്. 15 വർഷമായി ശമ്പള പരിഷ്കരണം ലഭിച്ചിട്ടില്ലാത്ത മറ്റൊരു വിഭാഗം ഇന്ത്യയിൽ ഇല്ലെന്നാണ് അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. സർക്കാർ ജീവനക്കാർക്ക് അഞ്ചുവർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണമുണ്ടെന്നും അധ്യാപകർ കൂട്ടിച്ചേർക്കുന്നു.

ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരല്ല

കോളജ് അധ്യാപകരെക്കുറിച്ച് പറയുമ്പോൾ ലക്ഷങ്ങൾ വാങ്ങുന്നവരാണെന്നാണു പൊതുവെയുള്ള പറച്ചിലെന്ന് അധ്യാപകനും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ മീഡിയ സെൽ കൺവീനറായ ഡോ. ഷിനോ പി. ജോസ് പറഞ്ഞു. എന്നാൽ കേരളത്തിലെ കോളജുകളിലെ 80 ശതമാനവും അസിസ്റ്റന്റ് പ്രഫസർമാരാണ്. ഇവരുടെ അടിസ്ഥാന ശമ്പളം അവരുടെ കോളജുകളിലെതന്നെ സ്വീപ്പറെക്കാൾ കുറവാണ്.

എന്നാൽ അസോഷ്യേറ്റ് പ്രഫസർക്ക് കൂടിയ അടിസ്ഥാന ശമ്പളമുണ്ടെങ്കിലും വിരമിക്കലിനോട് അടുക്കുമ്പോഴാണ് ഈ തസ്തികയിൽ എത്തുന്നത്. 20% മാത്രമുളള അസോഷ്യേറ്റ് പ്രഫസർമാരുടെ ശമ്പളം പറഞ്ഞാണ് ലക്ഷങ്ങളുടെ ശമ്പളമെന്നു പറയുന്നത്. ഡിഎ ഉൾപ്പെടെ 53,000 രൂപയാണു തുടക്കത്തിൽ കോളജ് അധ്യാപകനു ലഭിക്കുന്നതെന്നും ഷിനോ ചൂണ്ടിക്കാട്ടുന്നു.

യുജിസി ഏഴാം ശമ്പള പരിഷ്കരണം സർക്കാർ നടപ്പാക്കണമെന്ന ഹൈക്കോടതി വിധി കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) സമ്പാദിച്ചെങ്കിലും സർക്കാർ കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നാണു സംഘടനയുടെ ആരോപണം.

സാലറി കട്ടിന്റെ സമയത്ത് സംസ്ഥാനത്തെ മുഴുവൻ ജീവനക്കാരുടെയും നിശ്ചിത ദിവസത്തെ ശമ്പളം മാറ്റിവയ്ക്കുന്നതിന് സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ സർക്കാരിന് ദിവസങ്ങൾ മാത്രമാണ് വേണ്ടിവന്നത്. എന്നാൽ കോളജ് അധ്യാപകരുടെ കാര്യത്തിൽ സർക്കാർ അലംഭാവം കാട്ടുന്നതിനാൽ കോടതി അലക്ഷ്യ ഹർജി നൽകാനാണു സംഘടന നീങ്ങുന്നത്. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിക്ക് നോട്ടിസും അയച്ചിട്ടുണ്ട്.

മൊത്തം പിശകുകൾ

2019 ജൂൺ മുതൽ 2020 വരെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏഴ് ഉത്തരവുകൾ സർക്കാർ ഇറക്കിയെങ്കിലും ഏഴിലും പിശകുകൾ കടന്നുകൂടിയതിനാൽ ശമ്പള പരിഷ്കരണം മാത്രം നടപ്പിലായില്ലെന്ന് അധ്യാപകർ പറഞ്ഞു. പരസ്പര വിരുദ്ധമായ, തെറ്റുകൾ നിറഞ്ഞ, ആശയക്കുഴപ്പമുണ്ടാക്കുന്ന ഉത്തരവുകളാണു സർക്കാർ പുറത്തിറക്കിയത്.

മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കണമെന്നു ഹൈക്കോടതി നിർദേശം നൽകി. കഴിഞ്ഞ മാസം 18വരെയായിരുന്നു ഹൈക്കോടതി നിർദേശിച്ച സമയപരിധി. കോടതി വിധിക്കുശേഷം സർക്കാർ ഉത്തരവുകൾ ഇറക്കിയെങ്കിലും പിശകുകൾ കാരണം പിൻവലിച്ചു.

നിലവിലുള്ള അടിസ്ഥാന ശമ്പളം പുതിയ സ്കെയിലേക്കു കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം കണക്കാക്കാൻ സർക്കാർ ഉപയോഗിച്ച തോതിൽതന്നെ തെറ്റുണ്ടായെന്നാണ് അധ്യാപകരുടെ ആക്ഷേപം. അടിസ്ഥാന ശമ്പളത്തിൽ അയ്യായിരം രൂപ മുതൽ ആറായിരം വരെ കുറവ് വരുന്ന രീതിയിലായിരുന്നു സർക്കാർ കണക്ക്.

ക്ഷാമബത്തയും മറ്റും വരുമ്പോൾ ആകെ ശമ്പളത്തിൽ വൻ വ്യത്യാസമുണ്ടാകുന്ന സ്ഥിതി. യുജിസി വരുത്തിയ ഭേദഗതി ശ്രദ്ധിക്കാതെ, പിഎച്ച്ഡി ഇൻക്രിമെന്റും ഒഴിവാക്കിയും സർക്കാർ ഉത്തരവിൽ തെറ്റുണ്ടാക്കി. കൂടാതെ, മുൻകാല പ്രാബല്യത്തോടെ 2020ൽ പരിഷ്കരണം നടത്തുമ്പോഴുണ്ടാകുന്ന അധിക ബാധ്യതയുടെ 50% കേന്ദ്രസർക്കാരാണു നൽകുന്നത്.

എന്നാൽ ഈ തുക സർക്കാർ വക മാറ്റി ചെലവഴിച്ചെന്ന ആക്ഷേപവുമുണ്ട്. എന്നാൽ പരിഷ്കരണത്തിന്റെ അടിസ്ഥാനത്തിൽ 2016 ജനുവരി മുതൽ 2019 ഏപ്രിൽവരെ ലഭിക്കേണ്ട കൂടിയ ശമ്പളവും നിഷേധിക്കുന്നതായിരുന്നു സർക്കാർ ഉത്തരവ്. ഇതിനിടെയാണു കോളജ് അധ്യാപകർക്ക് ശനി പ്രവൃത്തി ദിവസമാക്കുകയും ജോലിസമയം വർധിപ്പിക്കുകയും ചെയ്തത്.

കോവിഡ് കാലഘട്ടത്തിൽ സ്കൂൾ അധ്യാപകർക്ക് ലഭിച്ചതുപോലെ യാതൊരു ഇളവുകളും ലഭിച്ചിട്ടില്ലെന്ന് കോളജ് അധ്യാപകർ പറയുന്നു. പകരം ഓൺലൈൻ ക്ലാസുകളായും പരീക്ഷാജോലികളും മൂല്യനിർണയവും കൃത്യസമയത്തു പൂർത്തിയാക്കാൻ അധ്യാപകർ നിർബന്ധിതരാകുകയും ചെയ്തു. എന്നിട്ടും ജോലി ചെയ്യാത്തവർ എന്ന് പൊതു സമൂഹത്തിൽ ആക്ഷേപം ഉയർത്തി ശനിയും പ്രവൃത്തി ദിവസമാക്കി മാറ്റിയതും പ്രതിഷേധത്തിനിടയാക്കുകയായിരുന്നെന്ന് അധ്യാപകർ പറഞ്ഞു.

ജനുവരി ഒന്നിന് കാഷ്വൽ അവധി എടുത്ത് പ്രതിഷേധിച്ച അധ്യാപകർ. 14 ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

English Summary : Salary disparity among government employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com