ADVERTISEMENT

കൽപറ്റ ∙ സ്വകാര്യ മെഡിക്കൽ കോളജായ ഡിഎം വിംസ് ഏറ്റെടുക്കേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചതോടെ വയനാട്ടുകാരുടെ മെഡിക്കൽ കോളജ് എന്ന സ്വപ്നത്തിനുമേൽ വീണ്ടും കരിനിഴൽ. ഡിഎം വിംസ് ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളജ് ആക്കാനുള്ള നടപടികൾ ഏറെക്കുറെ പൂർത്തിയായപ്പോഴാണ് സർക്കാർ ഒറ്റയടിക്ക് പിൻവാങ്ങിയത്. എത്രയും പെട്ടെന്ന് മെഡിക്കൽ കോളജ് യാഥാർഥ്യമാകുമെന്നാണ് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

ഈ പ്രഖ്യാപനം വന്നതോടെ ഡിഎം വിംസ് ഏറ്റെടുക്കുെമന്ന് ജനം പ്രതീക്ഷിച്ചു. സ്ഥലം എംഎൽഎ ആയ സി.കെ.ശശീന്ദ്രനും ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞു. ഈ സർക്കാരിന്റെ കാലാവധി തീരുംമുൻപ് വയനാട്ടുകാരുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് ഇടതു രാഷ്ട്രീയ നേതാക്കളും പറഞ്ഞു. എന്നാൽ, െമഡിക്കൽ കോളജ് നിർമിക്കാൻ സ്വന്തം നിലയ്ക്ക് പുതിയ സ്ഥലം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം വ്യാഴാഴ്ച തീരുമാനിച്ചു. ഇതോടെ വീണ്ടും കബളിപ്പിക്കപ്പെട്ടുവെന്ന തോന്നലിലാണ് വയനാട്ടിലെ ജനം. 

ഏറ്റെടുത്ത ഭൂമി ഉപേക്ഷിച്ചു; പുതിയത് തേടി അഞ്ച് വർഷം

2012 ലാണ് വയനാട് മെഡിക്കൽ കോളജ് നിർമിക്കുമെന്ന് പ്രഖ്യാപനം വന്നത്. മെഡിക്കൽ കോളജിനായി ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റിന്റെ, മടക്കിമലയിലുള്ള 50 ഏക്കർ ഭൂമി സൗജന്യമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കൈമാറി. ഭൂമി ഏറ്റെടുക്കലിലും സാങ്കേതിക തടസ്സങ്ങളിലുംപെട്ടു പലതവണ പദ്ധതി മാറിമറിഞ്ഞു. ഒടുവിൽ സ്ഥലം ഏറ്റെടുത്ത് 2015ൽ വയനാട് മെഡിക്കൽ കോളജിന് കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടു.

wayanad-med-college
വയനാട് മെഡിക്കൽ കോളജിനായി ഏറ്റെടുത്ത സ്ഥലം

നിർമാണങ്ങൾക്കായി നബാർഡ് ഫണ്ടിൽനിന്ന് 41 കോടി രൂപ ആദ്യ ഗഡുവായി നീക്കിവച്ചിരുന്നു. ഈ തുകയിൽനിന്നു മൂന്നു കോടി രൂപ ചെലവിൽ റോഡിന്റെ മണ്ണുപണി ആരംഭിച്ചു. 980 മീറ്റർ റോഡു നിർമാണത്തിനും കലങ്കു നിർമാണത്തിനുമാണ് തുടക്കം കുറിച്ചത്. മെഡിക്കൽ കോളജ് കെട്ടിടം പണിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചപ്പോഴാണ് പ്രളയമുണ്ടായത്. പ്രളയാനന്തരം ജില്ലയിൽ നിർമാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠന റിപ്പോർട്ട് കൂടി വന്നതോടെ ഈ സ്ഥലത്ത് നിർമാണം നടത്താൻ സാധിക്കില്ലെന്ന അവസ്ഥയായി.

ഇതോടെ പുതിയ സ്ഥലം കണ്ടെത്താനുള്ള നീക്കം ആരംഭിച്ചു. വൈത്തിരി താലൂക്കിൽത്തന്നെയുള്ള ചേലോട് എസ്റ്റേറ്റ് ഭൂമി അനുയോജ്യമെന്നു കണ്ടെത്തി. ഈ ഭൂമി ഏറ്റെടുക്കാനാവശ്യമായ നടപടികൾ ഏറെക്കുറെ പൂർത്തിയായപ്പോഴാണ് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആയ ഡിഎം വിംസ് സർക്കാരിന് വിട്ടു നൽകാമെന്ന് അധികൃതർ അറിയിച്ചത്. വിംസ് ഏറ്റെടുക്കുന്നതിനായി അടുത്ത നീക്കം. 

പ്രതീക്ഷകൾക്ക് പുതുവേഗം

ഡിഎം വിംസ് മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിന് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും അനുകൂലമായിരുന്നു. മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടെയാണ് വിട്ടുനൽകാൻ മാനേജിങ് ട്രസ്റ്റി ആയ ഡോ. ആസാദ് മൂപ്പൻ സന്നദ്ധത അറിയിച്ചത്. ഇതോടെ സർക്കാർ തുടർനടപടികൾ സ്വീകരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രഫസർ ഡോ. കെ.വി.വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളജ് സന്ദർശിച്ച് അനുകൂല റിപ്പോർട്ട് നൽകി. ഡോക്ടർമാർക്ക് പുറമെ ചാർട്ടേഡ് അക്കൗണ്ടന്‍റ്, ചീഫ് എൻജിനീയർ, തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ആവശ്യത്തിന് സ്ഥലവും െകട്ടിടങ്ങളുമുള്ളതിനാൽ നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടതില്ലായിരുന്നു.

wayanad-wims
പ്രത്യേക സംഘം ഡിഎം വിംസ് മെഡിക്കൽ കോളജ് സന്ദർശിക്കുന്നു (ഫയൽ ചിത്രം)

പിന്നീട് നിയോഗിച്ച സമിതികളും മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിന് അനുകൂലമായ റിപ്പോർട്ട് ആണ് നൽകിയത്. ഇതിന്റെ വെളിച്ചത്തിലാണ് സി.കെ.ശശീന്ദ്രൻ എംഎൽഎ ഉൾപ്പെടെയള്ളവർ സർക്കാർ മെഡിക്കൽ കോളജ് ഉടൻ യാഥാർഥ്യമാകുമെന്ന് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ജനങ്ങളിൽ വിശ്വാസം വർധിപ്പിച്ചു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം വിംസ് ഏറ്റെടുക്കാനുള്ള തീരുമാനത്തിൽനിന്നും പിൻമാറിയത് എന്തിനെന്ന് ജനങ്ങൾക്ക് മനസ്സിലായില്ല. 

ജില്ലയിൽ കിതച്ച് ആരോഗ്യമേഖല

വയനാട്ടിൽ വെന്റിലേറ്റർ സൗകര്യമുള്ള സർക്കാർ ആശുപത്രികൾ മൂന്നെണ്ണം മാത്രമേയുള്ളൂ. പീഡിയാട്രിക് വെന്റിലേറ്ററിന്റെയും പീഡിയാട്രിക് ഐസിയുവിന്റെയും അപര്യാപ്തതയുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം, തേയിലത്തോട്ടങ്ങളിലെ താമസക്കാർക്കുള്ള ആരോഗ്യപ്രശ്നങ്ങൾ, ആദിവാസി വിഭാഗങ്ങൾക്കിടയിൽ കൂടുതലായി കണ്ടുവരുന്ന പകർച്ചവ്യാധികൾ, വനത്തോടു ചേർന്നുള്ള ഗ്രാമങ്ങളിൽ കുരങ്ങുപനി എന്നിവയും ഭീതിവിതയ്ക്കുന്നു.

ഇതിനു പുറമേയാണു കോവിഡ് പോലുള്ള സാംക്രമിക രോഗങ്ങളുടെയും കടന്നുവരവ്. സിക്കിൾ സെൽ അനീമിയ പോലെ ആദിവാസികൾക്കിടയിൽ ജനിതകരോഗങ്ങളും വയനാട്ടിൽ വ്യാപകം. ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ തേടണമെങ്കിൽ ഇപ്പോഴും വയനാട്ടുകാർ ചുരം താണ്ടി 100 കിലോമീറ്ററോളം സഞ്ചരിച്ച് കോഴിക്കോടെത്തണം. വയനാടുനിന്നു കോഴിക്കോട്ടേക്കുള്ള വഴിമധ്യേ ആംബുലൻസിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. 

അനന്തമായ കാത്തിരിപ്പ്

രണ്ടു വർഷത്തിനുള്ളിൽ ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്നാണ് 2015ൽ തറക്കല്ലിട്ടപ്പോൾ പ്രഖ്യാപിച്ചത്. എന്നാൽ 5 വർഷം കഴിഞ്ഞിട്ടും എവിടെ മെഡിക്കൽ കോളജ് പണിയണമെന്നു പോലും തീരുമാനമായില്ല. മടക്കിമലയിലെ സ്ഥലം ഉപേക്ഷിച്ച് ചേലോട് സ്ഥലം കണ്ടെത്തി ഏറ്റെടുക്കാൻ നടപടിയായി. പിന്നീട് അതുപേക്ഷിച്ച് വിംസ് ഏറ്റെടുക്കാൻ പോയി

ഇപ്പോൾ അതും ഉപേക്ഷിച്ച് പുതിയ സ്ഥലം കണ്ടെത്തണമെന്നാണ് സർക്കാർ നിർദേശം. ഇതിനിടെ മക്കിമലയിലും സ്ഥലം കണ്ടെത്തി. ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഈ ആവശ്യത്തിൻമേൽ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞയാഴ്ച ആരോഗ്യവകുപ്പു സെക്രട്ടറിക്കു ഹൈക്കോടതി നിർദേശം നൽകി.

ചുരുക്കത്തിൽ വയനാട്ടുകാരുടെ മെഡിക്കൽ കോളജ് സ്വപ്നം മരീചിക പോലെയായി. എട്ട് വർഷം മുൻപ് െമഡിക്കൽ കോളജിനായി തുടങ്ങിവച്ച നടപടികൾ വീണ്ടും തുടങ്ങേണ്ടി വരും. ദുർഘടമായ വയനാടു ചുരം താണ്ടി പ്രാണൻ കയ്യിലെടുത്തു പിടിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള പരക്കംപാച്ചിൽ അനന്തമായി തുടരും. 

Content Highlights: Wayanad Medical College 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com