ADVERTISEMENT

മുംബൈ∙ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് റജിസ്റ്റർ ചെയ്ത കേസിൽ ബോളിവുഡ് നടി കങ്കണ റനൗട്ടിനെയും സഹോദരിയും മാനേജറുമായ രംഗോലിയെയും മുംബൈ പൊലീസ് ചോദ്യം ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുംവിധം തുടർച്ചയായ ട്വീറ്റ് ചെയ്യുന്നതിനെതിരെ ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടർ നൽകിയ പരാതിയിലാണ് കടുത്ത കുറ്റങ്ങൾ ആരോപിച്ച് പൊലീസ് കേസെടുത്തത്. പല വട്ടം സമൻസ് ലഭിച്ചിട്ടും വിവിധ കാരണങ്ങൾ പറഞ്ഞ് സന്ദർശനം നീട്ടിയ കങ്കണ ഇന്നലെ ഉച്ചയ്ക്കാണ് സഹോദരിക്കൊപ്പം ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിയത്.

നേരത്തേ, മഹാരാഷ്ട്ര സർക്കാരിനെതിരെ കങ്കണ രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെ, കേന്ദ്രസർക്കാർ അനുവദിച്ച വൈ പ്ലസ് സുരക്ഷാ സംവിധാനത്തിലാണ് കങ്കണ പൊലീസ് സ്റ്റേഷനിലെത്തിയത്. രാജ്യത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി നടത്തുന്ന അഭിപ്രായപ്രകടനങ്ങളുടെ പേരിൽ നാവടപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പൊലീസ് സ്റ്റേഷനിലേക്കു പുറപ്പെടും മുൻപ് കങ്കണ ട്വിറ്ററിൽ വിഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തനിക്കും സഹോദരിക്കുമെതിരെ ഒട്ടേറെ കേസുകളാണുള്ളതെന്നും അവർ പറഞ്ഞു. ഇരുവരെയും പൊലീസ് 2 മണിക്കൂറോളം ചോദ്യംചെയ്തു. വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

സമൂഹത്തിലും ബോളിവുഡിലും വർഗീയ വേർതിരിവും ഭിന്നിപ്പും ഉണ്ടാക്കുന്നതിനെതിരെ കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനാവർ അലി നൽകിയ പരാതിയിൽ ബാന്ദ്ര മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തത്. 

അതിനിടെ, ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് അഭ്യർഥിച്ച് കങ്കണ സമർപ്പിച്ച ഹർജി ഈ മാസം 11ന് ബോംബെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തേ വാദം കേൾക്കവേ, നടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

English Summary: Kangana Ranaut, Sister Questioned For 2 Hours By Mumbai Police In Sedition Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com