ADVERTISEMENT

ടെഹ്റാൻ ∙ യുഎസ് ഉപരോധങ്ങൾക്കെതിരെ അന്ത്യശാസനവുമായി ഇറാൻ. ഫെബ്രുവരി 21നകം ഉപരോധങ്ങൾ നീക്കിയില്ലെങ്കിൽ ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷണ സമിതിയായ രാജ്യാന്തര ആണവോർജ ഏജൻസിയെ (ഐഎഇഎ) രാജ്യത്തുനിന്നു പുറത്താക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അണ്വായുധം നിർമിക്കുന്നതിലേക്കു വഴിവയ്ക്കുന്ന തരത്തിൽ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ പാർലമെന്റ് ഡിസംബറിൽ അനുമതി നൽകിയതിനു പിന്നാലെയാണ് ഇറാന്റെ പുതിയ നീക്കം.

‘പാർലമെന്റ് പാസാക്കിയ നിയമം അനുസരിച്ച്, അമേരിക്ക സാമ്പത്തികം, ബാങ്കിങ്, എണ്ണ മേഖലകളിലെ ഉപരോധം നീക്കിയില്ലെങ്കിൽ രാജ്യാന്തര ആണവോർജ ഏജൻസി പ്രതിനിധികളെ തീർച്ചയായും രാജ്യം പുറത്താക്കും. സ്വമേധയാ അധിക പ്രോട്ടോക്കോൾ എർപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും അവസാനിപ്പിക്കും’– പാർലമെന്റ് അംഗം അഹമ്മദ് അമിറാബദി ഫറഹാനി പറഞ്ഞു. 2015ൽ ഇറാനും മറ്റു ലോക രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ആണവ കരാറിൽനിന്ന് ഏകപക്ഷീയമായി യുഎസ് പിന്മാറുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയുമായിരുന്നു. ഡോണൾഡ് ട്രംപ് മാറി ഈ മാസം 20ന് ജോ ബൈഡൻ യുഎസ് പ്രസിഡന്റായി അധികാരമേൽക്കാൻ ഇരിക്കെയാണ് ഇറാന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയം.

2015ലെ കരാറിലെ പല നിയന്ത്രണങ്ങളും ഇറാൻ ലംഘിച്ചെങ്കിലും രാജ്യാന്തര ആണവോർജ ഏജൻസിയുമായി ഇപ്പോഴും സഹകരിക്കുന്നുണ്ട്. ഐഎഇഎയുടെ നിരീക്ഷകരെ പ്ലാന്റിലേക്ക് പരിശോധനയ്ക്കായി കടത്തിവിടുന്നുമുണ്ട്. ഇത് അവസാനിപ്പിക്കുമെന്ന ഭീഷണയെ ആശങ്കയോടെയാണു ലോകം കാണുന്നത്. ആണവ മേഖലയിലെ പ്രവർത്തനങ്ങൾ യുദ്ധാവശ്യത്തിനല്ലെന്നും സിവിലിയൻ കാര്യങ്ങള്‍ക്കാണെന്നും ഇറാൻ ആവർത്തിന്നുണ്ടെങ്കിലും യുഎസ് അടക്കമുള്ള രാജ്യങ്ങൾക്കു സംശയമുണ്ട്. 2015 ലെ കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണം നടത്താൻ 2030 വരെ ഇറാനു വിലക്കുണ്ടായിരുന്നു. എന്നാൽ കരാറിൽനിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇറാൻ സമ്പുഷ്ടീകരണം പുനരാരംഭിച്ചത്.

English Summary: Iran will expel UN nuclear inspectors unless sanctions are lifted -lawmaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com