ADVERTISEMENT

കോട്ടയം∙ ‘ഷെയിംഓൺയുകമൽ’ സംവിധായകൻ കമലിന്റെ കത്ത് പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ തുടങ്ങിവച്ച ഹാഷ്ടാഗ് ശ്രദ്ധ നേടുന്നു. പി.സി. വിഷ്ണുനാഥ്, കെ.എസ്. ശബരീനാഥൻ അടക്കമുള്ള യുവ കോൺഗ്രസ് നേതാക്കൾ ചെറുപ്പക്കാരെ വഞ്ചിച്ചുെകാണ്ടുള്ള കമലിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തി. 

കേരള ചലച്ചിത്ര അക്കാദമിയിൽ 4 വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കമൽ സർക്കാരിനു കത്തു നൽകിയത്. ഇവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സർക്കാരിനും ചലചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

‘കമലിന്റെ മാതൃകയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെല്ലാം 'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിന്നെ പിഎസ്‌‌സിയുടെ ജോലി എളുപ്പമാവും. കേരളത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തൊഴിൽ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്ന്യവാസത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം.’ പി.സി. വിഷ്ണുനാഥ് സമൂഹമാധ്യമത്തിൽ കുറിച്ചു. 

ഫെസ്റ്റിവൽ ഡപ്യൂട്ടി ഡയറക്ടർ, ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ടർ, പ്രോഗ്രാം മാനേജർ എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമലിന്റെ ആവശ്യം. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു കൊണ്ട് അക്കാദമിക്കു സാമ്പത്തിക ബാധ്യത വരില്ല. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് നാലുപേരെയും തിരഞ്ഞെടുത്തിരിക്കുന്നത്. അക്കാദമിയുടെ നേട്ടങ്ങൾക്കു പിന്നിൽ ഈ 4 ജീവനക്കാരുടെ വലിയ സംഭാവനകളുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിനു സഹായിക്കുമെന്നും സാംസ്കാരിക മന്ത്രി എ.കെ.ബാലനു നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

ശബരീനാഥന്റെ കുറിപ്പ് വായിക്കാം: 

കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാൽ കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും  കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷഅനുഭാവികൾക്ക് അക്കാദമിയിൽ  സ്ഥിരനിയമനം നൽകിയിരിക്കുകയാണ്.

മന്ത്രിക്ക് സ്ഥിരനിയമനം ശുപാർശചെയ്ത അദ്ദേഹം എഴുതിയ ഫയലിലെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കണം. ‘ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും’.

പിഎസ്‌സി ജോലി കിട്ടാതെ യുവാക്കൾ  ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന്‌ അപമാനമാണ്.

English Summary: PC Vishnunadh, KS Sabarinadhan criticizing Director Kamal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com