ADVERTISEMENT

മധുര ∙ ‘തമിഴ്മക്കളിൻ വീരം താൻ ജല്ലിക്കെട്ട്, വീരത്തിന് ലിംഗഭേദമുണ്ടോ’ – ഈ ചോദ്യം ട്രാൻസ്ജെൻഡർ കീർത്തന എന്ന കിരണിന്റേതാണ്. തമിഴ്നാട്ടിൽ ആണിനും പെണ്ണിനും ‘തിരുനങ്കൈയ്ക്കും’ (ട്രാൻസ്ജെൻഡർ) ജല്ലിക്കെട്ട് വീരം ഒന്നുപോലെ തന്നെ എന്ന സന്ദേശവുമായി കീർത്തന ഇന്ന് സ്വന്തം കാളക്കൂറ്റനെ അവനിയാപുരം ജല്ലിക്കെട്ടിനിറക്കും. 

‘വെള്ളയൻ’ എന്ന കാളയുമായാണ് ജല്ലിക്കെട്ട് വടിവാസൽ കടന്ന് കീർത്തന മത്സരിക്കാനിറങ്ങുന്നത്. ജല്ലിക്കെട്ടിലെ കാളയെ കീഴടക്കുന്ന വീരനു സമമാണ് കീഴടക്കാനാവാത്ത കാളയുമായി മത്സരത്തിനെത്തുന്ന ഉടമയും. മുൻവർഷങ്ങളിൽ ചില ട്രാൻസ്ജെൻഡർ ആളുകൾ ജല്ലിക്കെട്ടിന് എത്തിയെങ്കിലും ശസ്ത്രക്രിയ പൂർത്തിയാക്കി മെഡിക്കൽ സർട്ടിഫിക്കറ്റ് നേടിയ ശേഷം മത്സരത്തിനെത്തുന്ന ആദ്യ ട്രാൻസ്ജെൻഡറാണ് കീർത്തന.

മധുര ജില്ലയിലെ മതിച്ചിയം സ്വദേശിയായ കീർത്തനയും ട്രാൻസ്ജെൻഡറുകളായ അക്ഷയ, രാജി, അഞ്ജലി എന്നിവരും ചേർന്നാണ് വെള്ളയനെ വാങ്ങിയത്. പശുക്കളെ വളർത്തി പാലു വിറ്റു നേടിയ പണവും ബാങ്ക് വായ്പയും ചേർത്താണ് 4 വയസ്സുള്ള വെള്ളയൻ മാടിനെ വാങ്ങിയത്. പുളിക്കുളം ഇനത്തിൽ പെട്ട കാളയെ ജല്ലിക്കെട്ടിനു പരിശീലിപ്പിക്കുന്നത് 30 വർഷത്തോളം പരിശീലന പരിചയമുള്ള ചന്ദ്രശേഖരൻ പാണ്ടിയാണ്.

ജല്ലിക്കെട്ടിൽ ‘വീര തിരുനങ്കൈ’ എന്ന പട്ടം ട്രാൻസ്ജെൻഡറുകൾക്കായി ഏർപ്പെടുത്തണമെന്നും ആ പട്ടം നേടിയെടുക്കണമെന്നുമാണ് കീർത്തനയുടെ ഏറ്റവും വലിയ ആഗ്രഹം. 

English Summary: Keerthana, a transgender person, to compete in Jallikattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com