ADVERTISEMENT

കൊല്ലം∙ തെക്കന്‍ കേരളത്തിലുടനീളം മോഷണവും വടിവാളാക്രമണവും പതിവാക്കിയ കൊടും ക്രിമിനലാണ് കഴിഞ്ഞ ദിവസം പിടിയിലായ വടിവാള്‍ വിനീത്. കോവിഡ് സെന്ററില്‍ നിന്നടക്കം ഒന്നിലേറെത്തവണയാണ് വിനീത് പൊലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടത്. വിനീതിനൊപ്പം ഭാര്യ ഷിന്‍സിയടക്കം മൂന്നുപേരാണ് മോഷണസംഘത്തിലെ പ്രധാനികള്‍.

‘തിരുവല്ല നഗരത്തില്‍ പ്രഭാതസവാരിക്കിറങ്ങിയവരെ വാനിലെത്തിയ അജ്ഞാത സംഘം വടിവാൾ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. ഒരു യുവാവും യുവതിയുമായിരുന്നു വാനിലുണ്ടായിരുന്നത്’. ഭീതിപ്പെടുത്തുന്ന വാര്‍ത്ത ഒരു മാസം മുന്‍പാണ് പുറത്തു വന്നത്. കൊല്ലം പൊലീസ് സാഹസികമായി പിടികൂടിയ വിനീതും ഭാര്യ ഷിന്‍സിയുമായിരുന്നു ആ രണ്ടു പേര്‍.

ആലപ്പുഴ എടത്വ സ്വദേശിയായ വിനീത് ഏഴാം തരത്തില്‍ പഠനം നിര്‍ത്തിയതാണ്. 2013ല്‍ ചക്കുളത്തുക്കാവില്‍ കടകള്‍ കുത്തിത്തുറന്നായിരുന്നു ആദ്യ മോഷണം.  പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അന്ന് വെറുതേ വിട്ടു. മോഷണം പതിവായതോടെ ആലപ്പുഴയിലെ ജുവൈനൈല്‍ ഹോമില്‍ വിനീതിനെ പാര്‍പ്പിച്ചു. രണ്ട് മാസത്തിനുശേഷം പുറത്തിറങ്ങിയ വിനീത് നേരെ പോയത് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കാണ്. 

കോളജ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്നു. പിന്നീടങ്ങോട്ട് വാഹനമോഷണം പതിവാക്കി. കൊച്ചിയില്‍ നിന്ന് പന്ത്രണ്ടോളം ബൈക്കുകള്‍ മോഷ്ടിച്ചു.  2017ല്‍  ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി രണ്ടുവര്‍ഷത്തോളം  ജയില്‍ശിക്ഷ. 2019ല്‍ ജയിൽ മോചിതനായതോടെ മോഷണത്തിനൊപ്പം വടിവാളാക്രമണവും തുടങ്ങി. ഇതോടെ വടിവാള്‍ വിനീതെന്ന പേര് വീണു.

ഇതിനിടെ, ആലപ്പുഴ പുന്നമടക്കാരി ഷിന്‍സിയുമായി ഇഷ്ടത്തിലായി. ഒടുവില്‍ ഷിന്‍സിയെ വിവാഹം കഴിച്ചു. പിന്നീടങ്ങോട് ഷിന്‍സിയ്ക്കൊപ്പമായിരുന്നു മോഷണവും ആക്രമണവുമെല്ലാം. പാലാരിവട്ടത്തുനിന്ന് മോഷിച്ച ൈബക്കുമായി  കടവന്ത്രയിലെ പമ്പിലെത്തി ഇന്ധനം നിറച്ചശേഷം കത്തികാട്ടി പമ്പിലെ ജീവനക്കാരന്റെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും  സാധിച്ചില്ല. 

കൊച്ചിയില്‍ നിന്ന് പരിചയപ്പെട്ട ശ്യാം, മിഷേല്‍ എന്നീ രണ്ടു േപരെക്കൂടി വിനീത് ഒപ്പം ചേര്‍‍ത്തു. തുടര്‍ന്നങ്ങോട്ട് വിനീതും മിഷേലും, ഷിന്‍സിയും, ശ്യാമും അടങ്ങുന്ന സംഘം കന്യാകുമാരി മുതല്‍ മലപ്പുറം വരെ മോഷണ പരമ്പരയുടെ ഭാഗമായി. വിവിധ സ്റ്റേഷനുകളിലായി കുറഞ്ഞത് 50 കേസെങ്കിലും വിനീതിന്റെയും സംഘത്തിന്റെയും പേരിലുണ്ട്.

വാഹനങ്ങള്‍ മാത്രമല്ല. വഴിയാത്രക്കാരെ തടഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും കവരുന്നതും ഇവരുടെ പതിവാണ്.  ഒക്ടോബറില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ പിടിയിലായി. കൂട്ടത്തില്‍ മിഷേലുമുണ്ടായിരുന്നു. പെരുമ്പാവൂരിലെ കോവിഡ് സെന്ററില്‍ പാര്‍പ്പിച്ചതിനിടെ ശുചിമുറിയിലെ എക്സ്ഹോസ്റ്റര്‍ ഫാന്‍ ഇളക്കിമാറ്റി രക്ഷപ്പെട്ടു. പിന്നീടാണ് ഷിന്‍സിയുമൊത്ത് വാന്‍ മോഷ്ടിച്ചതും തിരുവല്ലയില്‍ പ്രഭാത നടത്തിനിറങ്ങിയവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരാന്‍ ശ്രമിച്ചതും. സാധിക്കാതെ വന്നതോടെ രക്ഷപ്പെട്ട വിനീതിന്റെ പലയിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തുടര്‍ന്നാണ് കൊല്ലത്തുനിന്ന് സാഹസികമായി പിടികൂടിയത്. 

English Summary: Notorious thief and wanted criminal Vadival Vineeth arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com