ADVERTISEMENT

കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃണമൂല്‍ നേതാക്കളെ കൂട്ടത്തോടെ പാളയത്തിലെത്തിക്കാനുള്ള ബിജെപി ശ്രമങ്ങൾ തുടരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ജനകീയ മുഖമായി അറിയപ്പെടുന്ന ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് പാർട്ടി വിട്ടേക്കുമെന്ന സൂചനകളും പുറത്തു വന്നു. 2009 മുതല്‍ ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശതാബ്ദി റോയ് തന്റെ തീരുമാനം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കു പ്രഖ്യാപിക്കുമെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. 

ബംഗാള്‍ മന്ത്രി ജ്യോതിക് മാലിക്കിനെ വെല്ലുവിളിച്ചു കൊണ്ട് 50ഓളം തൃണമൂല്‍ എംഎല്‍എമാര്‍ അടുത്ത മാസം ബിജെപിയില്‍ ചേരുമെന്നു ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമാക്കി ശതാബ്ദി റോയിയുടെ ഫെയ്സ്ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുന്‍മന്ത്രി സുവേന്ദു അധികാരി ഉള്‍പ്പെടെ ഏഴ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടതിനു തൊട്ടുപിന്നാലെ ഡിസംബർ 29 ന് മമത പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ മമതയ്ക്കൊപ്പം നിലകൊണ്ട ശതാബ്ദിയുടെ മനംമാറ്റം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. 

താരത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ശതാബ്ദി റോയിയുടെ ഫോൺ സിച്ച് ഓഫ് ആണെന്നും ശതാബ്ദിയുമായി ബന്ധപ്പെടാനാകുന്നില്ലെന്നും തൃണമൂൽ നേതാക്കൾ പ്രതികരിച്ചു. പാർട്ടിയിൽ കൂടിയാലോചനകളില്ലെന്നും പല പൊതുപരിപാടികളിൽ നിന്നും തന്നെ ബോധപൂർവ്വം മാറ്റിനിർത്തുകയാണെന്നും ഏറെ മാനസിക പ്രയാസം അനുഭവിക്കുന്നതായും ശതാബ്ദി റോയ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 

എന്നാൽ ബിജെപി നീക്കത്തിൽ ആശങ്കയില്ലെന്നും അഴുകിത്തുടങ്ങിയ ചില എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ കഴിഞ്ഞുവെന്ന് വച്ച് തൃണമൂലിനെയാകെ വാങ്ങാന്‍ കഴിയുമെന്ന് വിചാരിക്കരുതെന്നും  മമത ബാനർജി നേരത്തെ പ്രതികരിച്ചിരുന്നു. പുറത്തുനിന്നുള്ളവരുടെ പാര്‍ട്ടിയായ ബിജെപി വിദ്വേഷ രാഷ്ട്രീയവും തട്ടിപ്പു രാഷ്ട്രീയവുമാണ് പയറ്റുന്നതെന്ന് മമത കുറ്റപ്പെടുത്തി. 

English Summary: Speculation over MP Satabdi Roy's future in TMC after curious Facebook post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com