ADVERTISEMENT

കോഴിക്കോട്∙ വേദിയിൽ മന്ത്രിയും എംഎൽഎയും ഉൾപ്പെടെയുള്ള നേതാക്കൾ. ഐജിയും കമ്മിഷണറും ഉൾപ്പെടെ വേദിയിലും സദസ്സിലും നിറയെ പൊലീസുകാർ. സർവോപരി പൊലീസ് സ്റ്റേഷന്റെ മുറ്റം. കുട്ടികൾ പക്ഷേ കളിക്കുകയായിരുന്നു. ഊഞ്ഞാലിലും സീസോയിലുമൊക്കെ കയറി ഉല്ലസിക്കുകയായിരുന്നു. കാരണം കോഴിക്കോട് ടൗൺ സ്റ്റേഷന്റെ മുറ്റം നാട്ടിലെ കുട്ടികളുടെ പാർക്കാണ്. 

കുട്ടികൾക്കുവേണ്ടി പൊലീസുകാർ ഉണ്ടാക്കിയ പാർക്ക്. പൊലീസിന്റെ ആ കരുതലിനാണ് ശിശുസൗഹൃദ, ജനമൈത്രി പൊലീസ് സ്റ്റേഷനുള്ള ഐഎസ്ഒ അംഗീകാരം ലഭിച്ചത്. രാജ്യത്ത് ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ശിശുസൗഹൃദ, ജനമൈത്രി പൊലീസ് സ്റ്റേഷൻ. ഐഎസ്ഒ മികവിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുന്ന ചടങ്ങിനിടയിലും സ്റ്റേഷൻ മുറ്റത്തെ പാർക്കിൽ കുട്ടികളുടെ ആരവം നിറഞ്ഞു.

കുട്ടികളുടെ കളി കണ്ട മന്ത്രിക്ക് അടിയന്തരാവസ്ഥക്കാലത്തെ പൊലീസിനെ ഓർമ വന്നു. അന്ന് അടിവസ്ത്രം മാത്രമിട്ടു പേരാമ്പ്ര പൊലീസ് സ്റ്റേഷിലെ ലോക്കപ്പിൽ കിടന്നതോർമ വന്നു. ‘ഭക്ഷണം പോലും കഴിക്കാതെ ആറു ദിവസമാണു കക്കയം ക്യാംപിൽ കഴിഞ്ഞത്. പൊലീസ് മർദനത്തിൽ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. നടക്കാൻ പറ്റുന്നവർക്ക് പൈപ്പിനടുത്തു പോയി വെള്ളം കുടിക്കാം. ഒപ്പമുണ്ടായിരുന്ന എബ്രഹാം ബെൻഹറിന് ദാഹിച്ചിട്ടു വയ്യ. നടക്കാനും വയ്യ. ഒടുവിൽ ബെൻഹർ ഇട്ടിരുന്ന ബനിയൻ ഊരി തന്നിട്ട് നച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതു കേട്ടതും മനസ്സുപൊട്ടിപ്പോയി. ഇന്നു പക്ഷേ അതേ പൊലീസ് കുട്ടികളുടെ കൂട്ടുകാരായി മാറിയിരിക്കുന്നു. പൊലീസിന്റെ ഈ മാറ്റം കാലത്തിന്റെ മാറ്റമാണ്. അതിൽ അഭിമാനിക്കാം’’ – മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 

ചടങ്ങിൽ അധ്യക്ഷനായിരുന്ന എം.കെ. മുനീറിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് സ്റ്റേഷനിൽ പാർക്ക് നിർമിച്ചതെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി. എസ്എസ്എൽസി തോറ്റവരും സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോയവരുമായ 62 വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകിയ ടൗൺ പൊലീസിന്റെ പദ്ധതി മന്ത്രി അഭിനന്ദിച്ചു. അതിൽ 58 പേരും എസ്എസ്എൽസി പരീക്ഷ വിജയിച്ചു. കുട്ടികൾക്കുള്ള കൗൺസിലിങ്, ആത്മഹത്യ പ്രതിരോധ പദ്ധതി, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള ഇരിപ്പിടങ്ങൾ, കുട്ടികളുടെ പാർക്ക്, ലൈബ്രറി എന്നിവയും ടൗൺ സ്റ്റേഷനെ മികവിന്റെ പട്ടികയിലെത്തിച്ചു. കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാനും തെരുവിൽ കഴിഞ്ഞ 700 പേരെ പുനരധിവാസ കേന്ദ്രത്തിലെത്തിക്കാനും ടൗൺ പൊലീസ് മുൻനിരയിലുണ്ടായിരുന്നു.

English Summary : Kozhikode Town Police Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com