ADVERTISEMENT

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഡോണൾഡ് ട്രംപ് പടിയിറങ്ങുന്നതിനു മുൻപ് ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ പതിമൂന്നാമത്തേതും അവസാനത്തേതുമായ വധശിക്ഷ നടപ്പിലാക്കി. മേരിലാൻഡിൽ 1996 ൽ മൂന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്ന കേസിൽ കറുത്ത വശംജനായ ഡസ്റ്റിന്‍ ഹിഗ്സിന്റെ (48) വധശിക്ഷയാണു നടപ്പാക്കിയത്.

ഇൻഡ്യാനയിലെ ടെറെ ഹോട് ജയിലിൽ വച്ച് വിഷം കുത്തിവച്ചാണ് ഹിഗ്സിനെ കൊന്നത്. ശനിയാഴ്ച പുലർച്ചെ 1.30 ന് മരണം സംഭവിച്ചതായി ജയിൽ അധികൃതർ അറിയിച്ചു. ടാമിക ബ്ലാക്ക് (19), ടാനി ജാക്സൺ(21) മിഷാൻ ചിൻ (23) എന്നീ മൂന്ന് സ്ത്രീകളെയാണ് ഡസ്റ്റിന്‍ ഹിഗ്സും സുഹൃത്തുക്കളും ചേർന്നു വെടിവച്ചു കൊന്നത്. 2001 ലാണ് ഹിഗ്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

വിചാരണ വേളയിൽ ട്രിഗർ വലിച്ചത് താനല്ലെന്നും അതിനാൽ കൊലപാതക്കുറ്റം ചുമത്തരുതെന്നുമുള്ള ഹിഗ്സിന്റെ വാദം കോടതി തള്ളിയിരുന്നു. വധശിക്ഷയ്ക്കു തൊട്ടുമുൻപും ശാന്തനായി കാണപ്പെട്ട ഹിഗ്സ് അവസാന സന്ദേശത്തിൽ ഇരകളുടെ പേരെടുത്തു പറയുകയും താൻ നിരപരാധിയാണെന്നു ഉറക്കെ വിളിച്ചു പറയുകയും ചെയ്തു.

വധശിക്ഷ സംബന്ധിച്ച് യുഎസിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. 1963നു ശേഷം 3 പേരുടെ വധശിക്ഷ മാത്രമാണു നടപ്പാക്കിയത്. 17 വർഷം മുടങ്ങിയ വധശിക്ഷ നടപ്പാക്കൽ കഴിഞ്ഞ വർഷം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുനരാരംഭിച്ചു. അതിനുശേഷം 2020ൽ 10 പേരെ വധിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ താത്കാലികമായി മരവിപ്പിച്ച മൂന്ന് വധശിക്ഷകളാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പടിയിറങ്ങുന്നതിനു തൊട്ടുമുൻപ് അടിയന്തരമായി നടപ്പാക്കിയത്. 

Lisa-Montgomery
ലിസ മോണ്ട്ഗോമറി

ഗർഭിണിയെ കൊന്നു വയറു കീറി കുഞ്ഞിനെ തട്ടിയെടുത്ത കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ലിസ മോണ്ട്ഗോമറിയെ (52) ഇൻഡ്യാനയിലെ ടെറെ ഹോട് ജയിലിൽ 2021 ജനുവരി 13 ന് വിഷം കുത്തിവച്ചു കൊന്നിരുന്നു. ഏഴു പതിറ്റാണ്ടിനിടെ ഇതാദ്യമാണ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കുന്നത്. ലിസയുടെ മാനസിക ആരോഗ്യനില പരിഗണിച്ച് വധശിക്ഷ സ്റ്റേ ചെയ്ത ഇൻഡ്യാന കോടതി നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. 2007ൽ ലിസ മോണ്ട്ഗോമറി 8 മാസം ഗർഭിണിയായിരുന്ന ബോബി ജോ സ്റ്റിനെറ്റിനെ കൊന്ന് അവരുടെ വയറു കീറി ശിശുവിനെ മോഷ്ടിക്കുകയായിരുന്നു. 

1200-corey-johnson
കോറി ജോൺസൻ

വെർജീനിയിൽ മയക്കു മരുന്നു കച്ചവടം നടത്തുന്നതിനിടയിൽ ഏഴു പേരെ കൊലപ്പെടുത്തിയ പ്രതി കോറി ജോൺസന്റെ വധശിക്ഷയും ഇൻഡ്യാനയിലെ ഫെഡറൽ പ്രിസണിൽ നടപ്പാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രി 11.34 ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 ലായിരുന്നു സംഭവം. ജോൺസനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോൺ, റിച്ചാർഡ് ടിപ്ടൺ എന്നിവരും ചേർന്നാണ് എതിർഗ്രൂപ്പിലെ ഏഴു പേരെ കൊലപ്പെടുത്തിയത്.

English Summary: US carries out 13th and final execution under Trump administration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com