ADVERTISEMENT

ന്യൂഡൽഹി∙ കര്‍ഷക സമര നേതാക്കളെ ലക്ഷ്യമിട്ടുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ (എന്‍ഐഎ) അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍. പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിമാരുമായുള്ള പത്താമത്തെ ചര്‍ച്ചയില്‍ ആവശ്യപ്പെടും.

എന്‍ഐഎയെ ഉപയോഗിച്ച് പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെങ്കില്‍ കേന്ദ്രവുമായി സഹകരിക്കില്ലെന്ന നിലപാടാണ് സംഘടനകള്‍ക്ക്. ഇക്കാര്യം പത്താമത്തെ ചര്‍ച്ചയില്‍ സംഘടനകള്‍ വ്യക്തമാക്കും. കര്‍ഷക സമരത്തിന് നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ ഫണ്ട് ലഭിക്കുന്നുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോപണമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇതിന്റെ പേരില്‍ കര്‍ഷക നേതാക്കള്‍ അടക്കം നാല്‍പതിലധികം പേരോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നോട്ടിസ് ലഭിച്ച പലരും എന്‍ഐഎയ്ക്ക് മുന്‍പാകെ ഹാജരായിട്ടില്ല. 

അതിനിടെ, നേരത്തെ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലിയോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുമെന്നു ഉള്‍പ്പെടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് സംഘടനകള്‍ അറിയിച്ചു.

കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറിയ പശ്ചാത്തലത്തില്‍, വിദഗ്ധസമിതി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ ലോക്ശക്തി സുപ്രീംകോടതിയെ സമീപിച്ചു. സമിതി പൂര്‍ണമായും ഉടച്ചുവാര്‍ക്കണമെന്നാണ് ആവശ്യം. നിലവില്‍ സമിതിയിലുള്ളവര്‍ നിഷ്പക്ഷരല്ല, അതിനാല്‍ സ്വതന്ത്രനിലപാടുള്ളവരെ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് നാളെ പരിഗണിക്കാനിരിക്കെ സമിതിയിലുണ്ടായ ഒഴിവിന്റെ കാര്യത്തിലും കോടതി തീരുമാനമെടുത്തേക്കും.

English Summary: Farmers against NIA probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com