ADVERTISEMENT

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാവുകയാണ് പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിന്റെ പേര്. ഇക്കുറി മത്സരരംഗത്ത് അപു ഉണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും പി.ജെ.ജോസഫിന്റെ പരസ്യപ്രസ്താവന ആ വാർത്തയുടെ ആക്കം കുറച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നതു പാർട്ടി നിര്‍ദേശത്തിന് അനുസരിച്ച് മാത്രമാകും എന്നാണ് അപുവിന്റെ നിലപാട്. വരും ദിവസങ്ങളിൽ ആകാംക്ഷയേറ്റുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളുന്നില്ലെന്ന് അദ്ദേഹം മനോരമ ന്യൂസ് ഡോഡ്കോമിനോട് പറഞ്ഞു.

തിരുവമ്പാടിയിലേക്ക് പേര് ഉയർന്നുകേട്ടിരുന്നല്ലോ..?

അതെ, തിരുവമ്പാടിയിൽ ഞാൻ മത്സരരംഗത്ത് ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. സംയുക്ത കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് ഒരു സമ്മേളനം നടന്നിരുന്നു. അതിന്റെ ഭാഗമായി അവിടെ എത്തിയപ്പോഴാണ് മണ്ഡലം കമ്മറ്റിയുടെ ഭാഗമായി ഇങ്ങനെ ഒരു ആവശ്യം ഉയരുന്നത്.

പി.ജെ.ജോസഫ് പറഞ്ഞതിന്റെ യാഥാർഥ്യമെന്ത്..?

രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച ശേഷം വളർന്നുവരുന്നതാണ് അദ്ദേഹത്തിന്റെ ഇഷ്ടം. എന്നാൽ ഇനി പാർട്ടി നിർദേശം എന്താണോ അത് അനുസരിക്കും.

അങ്ങനെയെങ്കിൽ എന്തുകൊണ്ട് തിരുവമ്പാടി..? പേരാമ്പ്രയിലില്ല..?

1980 ല്‍ ഡോക്ടർ കെ.സി ജോസഫ് വിജയിച്ച ശേഷം പേരാമ്പ്രയിൽ നിന്ന് ജയിക്കാന്‍ കേരള കോണ്‍ഗ്രസിനായിട്ടില്ല. അതേസമയം, ലീഗിന്റെ കൈവശമുള്ള സീറ്റാണ് തിരുവമ്പാടി. ലീഗുമായി ചർച്ച നടത്തിയാൽ മാത്രമെ അത്തരം കാര്യങ്ങളിൽ തീരുമാനമാകൂ.

മക്കൾ രാഷ്ട്രീയം എന്ന വിമർശനം ഉണ്ടാകില്ലേ..?

പി.ജെ.ജോസഫിന്റെ നയങ്ങൾ മക്കൾ രാഷ്ട്രീയത്തിന് എന്നും എതിരാണ്. കൃത്യമായി പ്രവർത്തിച്ച് വരുന്നവർക്ക് മാത്രമെ രാഷ്ട്രീയത്തിൽ അവരുടേതായ സ്ഥാനം ഉണ്ടാകൂ. അതുകൊണ്ടായിരിക്കും എന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിൽ അപ്പച്ചൻ അത്തരം ഒരു നിലപാടെടുത്തത്. 2008 മുതൽ ഞാൻ സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സ്റ്റഡി സെന്‍റര്‍ വൈസ് ചെയര്‍മാനുമായും പ്രവർത്തിക്കുന്നുണ്ട്.

കേരള കോൺഗ്രസ് ചോദിക്കുന്ന 15 സീറ്റിന് അർഹതയുണ്ടോ..?

apujoseph
അപു ജോൺ ജോസഫ്

പി. ജെ. ജോസഫിനെ പോലെ ഒരാൾ അത്തരം ഒരു ആവശ്യം ഉന്നയിക്കുമ്പോൾ അതിന് അർഹതക്കുറവ് എന്താണ്..? മുഖ്യകക്ഷികളും ഘടകകക്ഷികളും ചേരുന്നതാണല്ലോ ഒരു മുന്നണി.

ചില സീറ്റുകൾ യുഡിഎഫ് തിരച്ചെടുക്കമെന്ന് പറയുന്നുണ്ടല്ലോ..?

മുന്നണിയിൽ ഇതുവരെ അങ്ങനെ ഒരു ചർച്ച നടന്നിട്ടില്ല.

ചിഹ്നവും പാർട്ടി പേരും ഇല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയല്ലേ..?

അത്തരത്തിൽ ഒരു തിരിച്ചടി ഉണ്ടായി എന്നതു വെറും തെറ്റിദ്ധാരണ മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അതിന് ഉത്തമ ഉദാഹരണമാണ്. 290 സീറ്റുകളിൽ കേരള കോണ്‍ഗ്രസ് പലയിടത്തു നിന്നായി ജയിച്ചു. അതും ചരിത്രത്തിൽ ആദ്യമായാണ്. കോട്ടയത്ത് ജോസ് വിഭാഗത്തിന് എൽഡിഎഫിനൊപ്പം ചേർന്നുകൊണ്ട് ചെറിയ മേൽകൈ ഉണ്ടായി എന്നത് വാസ്തവമാണ്. എന്നാൽ തൊടുപുഴയിൽ അടക്കം പാർട്ടിക്ക് വൻ മുന്നേറ്റം ഉണ്ടാക്കാൻ ആയി.

അടുത്തിടെ കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ അവതരിപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ എൽഡിഎഫിനും യുഡിഫിനും വോട്ടുകണക്കിൽ നേരിയ അന്തരം മാത്രമെ ഉള്ളൂ. എന്നാൽ ഇനിയുള്ള മാസങ്ങളിൽ ഐക്യത്തോടെ നിന്നാൽ യുഡിഎഫിന് തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ഉണ്ടാക്കാം.

മുന്നണിയിൽ ഐക്യക്കുറവ് ഉണ്ടോ..? യുഡിഎഫിൽ അർഹിക്കുന്ന പരിഗണന കിട്ടുമോ..?

തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് അത്തരത്തിൽ ഐക്യക്കുറവ് ഉണ്ടായിട്ടിട്ടുണ്ട്. എന്നാൽ പാർട്ടികളും ഗ്രൂപ്പുകളും അത്തരം കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത് പരിഹരിച്ച് തിരഞ്ഞെടുപ്പിനായി പ്രവർത്തനം തുടങ്ങും എന്നാണ് വിശ്വാസം. മധ്യതിരുവിതാംകൂർ മേഖലകളിൽ ഉള്ള ജോസഫ് വിഭാഗത്തിന്റെ ശക്തി അവഗണിക്കാൻ സാധ്യമല്ല.

പരിഗണനപട്ടികയിൽ യുവത്വത്തിന് പ്രാധാന്യം ഉണ്ടോ..?

തീർച്ചയായും, യുവനേതാക്കള്‍ക്ക് ധാരാളം അവസരം ഇക്കുറി ഉണ്ടാവും.

രാഷ്ട്രീയത്തിന് മുൻപ്..

ഞാൻ ഒരു ഐടി പ്രഫഷനല്‍ ആണ്. 2008ൽ സ്വിറ്റ്സർലൻഡ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. കൃഷിയും ജീവകാരുണ്യപ്രവർത്തനത്തിലേക്കും തിരിഞ്ഞും. ഒപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്നു. യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. സ്വന്തം കാലിൽ നിന്ന് വരുമാന മാർഗം കണ്ടെത്തണം. രാഷ്ട്രീയം ഒരു ഉപജീവനമാർഗം ആയിരിക്കരുത്.

കുടുംബം

ഭാര്യ അനു ജോർജ്, അസോസിയേറ്റ് പ്രഫസറായി ജോലി നോക്കുന്നു. രണ്ട് മക്കൾ. അവരും പഠനകാര്യങ്ങളുമായി മുന്നോട്ട് പോകുന്നു.

English Summary: Interview With PJ Joseph's Son Apu John Joseph

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com