ADVERTISEMENT

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തു ട്രാക്ടർ റാലി നടത്തുമെന്ന കർഷകരുടെ ആവശ്യത്തിൽ, ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്തു ഡൽഹി പൊലീസാണു തീരുമാനം എടുക്കേണ്ടതെന്നു സുപ്രീംകോട‌തി. ജനുവരി 26ന് നടക്കാനിരിക്കുന്ന ട്രാക്ടർ റാലിക്കെതിരായി ഡൽഹി പൊലീസ് സമർപ്പിച്ച ഹർജിയിലാണു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ആരെയെല്ലാം പ്രവേശിപ്പിക്കാം, തടയാം തുടങ്ങിയ കാര്യങ്ങൾ ക്രമസമാധാന കാര്യങ്ങളാണ്. ഞങ്ങൾക്കല്ല പൊലീസിനാണ് ഇതു ചെയ്യാനുള്ള പ്രഥമാധികാരമെന്നും സുപ്രീംകോട‌തി പറഞ്ഞു.

അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അടുത്തഘട്ട ചർച്ചകൾക്കു മുന്നോടിയായി കേന്ദ്ര സർക്കാരിന്റെ നിലപാട് ശക്തമാക്കി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ രംഗത്തെത്തി. പുതിയ കൃഷി നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിനു പകരമുള്ള നിർദേശങ്ങളുമായി വരണമെന്നു കർഷക സംഘടനകളോടു മന്ത്രി ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം കൃഷിക്കാരും വിദഗ്ധരും ശാസ്ത്രജ്ഞരും മറ്റും പുതിയ നിയമങ്ങളെ അനുകൂലിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

‘സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ, നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉറച്ചുനിൽക്കുന്നതിൽ അർത്ഥമില്ല. കർഷക യൂണിയനുകൾ അൽപംപോലും മാറാൻ തയാറല്ല. ജനുവരി 19ന്‌ കർഷകർ‌ നിയമങ്ങൾ വിശദമായി ചർച്ചചെയ്യുമെന്നും മറ്റ് നിർദേശങ്ങൾ നൽ‌കുമെന്നും പ്രതീക്ഷിക്കുന്നു. എതിർപ്പ് സാധുതയുള്ളതാണെങ്കിൽ സർക്കാർ അവ പരിഗണിച്ച് ഭേദഗതികൾ വരുത്തും’– തോമർ പറഞ്ഞു. പ്രധാന ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ സർക്കാർ താൽപ്പര്യപ്പെടുന്നില്ല എന്നാണു മന്ത്രിയുടെ വാക്കുകളിൽനിന്നു മനസ്സിലാകുന്നതെന്നു കർഷകർ പ്രതികരിച്ചു.

സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച വ്യക്തികൾക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) നോട്ടിസ് നൽകിയതിനെയും കർഷകർ അപലപിച്ചു. എൻഐഎ നടപടികളെ നിയമപരമായി നേരിടുമെന്നു സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ‘മന്ത്രി മനഃപൂർവം ഇത്തരം പരാമർശങ്ങൾ നടത്തുന്നതിലൂടെ സമരക്കാരുടെ മുഖ്യ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ കേട്ട് ഞങ്ങൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് സർക്കാർ കരുതുന്നു. എന്നാൽ ഞങ്ങളുടെ ആവശ്യങ്ങൾക്ക് മറുപടി ലഭിക്കാൻ തീർച്ചയായും ചർച്ചകൾക്കു പോകും’– ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി യുധ്‍വിർ സിങ് പറഞ്ഞു.

English Summary: Cops To Decide On Farmers Entering Delhi: Top Court On R-Day Tractor Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com