ADVERTISEMENT

കൊച്ചി∙ ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റു ചെയ്ത ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ പ്രധാനമന്ത്രിക്കു മുന്നിൽ ഉന്നയിക്കാനൊരുങ്ങി കത്തോലിക്ക സഭാ മേലധ്യക്ഷൻമാർ. നാളെ രാവിലെ 11 മണിക്കാണ് ഇവർക്കു പ്രധാനമന്ത്രിയെ കാണാൻ അവസരം. ഇന്നു രാത്രി ഡൽഹിയിലെത്തുന്ന കർദിനാൾമാർ പരസ്പരം കൂടിക്കണ്ട് എന്തെല്ലാം കാര്യങ്ങളാണു പ്രധാനമന്ത്രിയെ ധരിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ ആലോചനാ യോഗം ചേരും. ഇതിൽ മുൻഗണന നൽകേണ്ട കാര്യങ്ങളിൽ ഉൾപ്പെടെ കൂട്ടായ തീരുമാനം എടുത്തശേഷമായിരിക്കും നാളെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുക.

മാർപ്പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്ന് ആവശ്യപ്പെടാനും സഭാ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്നതു വിശ്വാസികൾക്കും രാജ്യത്തെ ജനങ്ങൾക്കും അതീവ താൽപര്യമുള്ള കാര്യമാണെന്നു പ്രധാനമന്ത്രിയെ ധരിപ്പിക്കുന്നതിനാണ് തീരുമാനം. 1986ലാണ് അവസാനമായി ഒരു മാർപ്പാപ്പ ഇന്ത്യ സന്ദർശിച്ചത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയായിരുന്നു അത്. 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തിട്ടുള്ള സ്റ്റാൻസ്വാമി ആരോഗ്യപരമായി ഏറെ ക്ഷീണിതനാണെന്നും പാർക്കിൻസൺസ് ഉൾപ്പടെയുള്ള രോഗങ്ങൾ അലട്ടുന്നുണ്ടെന്നുമുള്ള വിവരം പ്രധാനമന്ത്രിയെ ധരിപ്പിക്കും. ക്രിസ്ത്യൻ വിശ്വാസികൾക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. 

ന്യൂനപക്ഷ അവകാശ വിഷയങ്ങളും സഭകൾ നേരിടുന്ന പ്രശ്നങ്ങളും നിവേദനത്തിലുണ്ടാവും. യുപിയിലും ക്രിസ്ത്രീയ മിഷിനറിമാരെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. വടക്കേ ഇന്ത്യയിൽ ക്രൈസ്തവ സഭകൾക്കു നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിക്രമങ്ങളിൽ നടപടി വേണമെന്നതാണ് ആവശ്യം.

ഉന്നയിക്കുന്ന ഏതു വിഷയത്തിനു പ്രാമുഖ്യം നൽകണം എന്ന കാര്യത്തിൽ കൂട്ടായ തീരുമാനം ഉണ്ടാക്കുന്നതിനാണ് ഇന്നത്തെ കർദിനാൾമാരുടെ ഡൽഹിയിൽ വച്ചുള്ള കൂടിക്കാഴ്ച. സിബിസിഐ തലവനും ബോംബെ ലത്തീൻ അതിരൂപത അധ്യക്ഷനുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡൻറും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. 

മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുൻകൈയ്യെടുത്താണ് കൂടിക്കാഴ്ചയ്ക്ക് വഴി ഒരുക്കിയത്. നാളെ സഭാ നേതാക്കൾക്കൊപ്പം അദ്ദേഹവും പ്രധാനമന്ത്രിയെ കാണുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ക്വാറന്റീനിൽ ആയതിനാൽ ചർച്ചയിൽ പങ്കെടുക്കില്ല എന്നാണ് വിവരം. 

English Summary: Kerala church leaders to meet PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com