ADVERTISEMENT

തൃശൂർ ∙ കോങ്ങാട് എംഎൽഎയും സിപിഎം നേതാവുമായ കെ.വി.വിജയദാസ് (61) അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഡിസംബർ 11 ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയെങ്കിലും കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 7.45 ഓടെയായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം സിടി സ്കാൻ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തലച്ചോറിലെ രക്തസമ്മർദ്ദം കുറയ്ക്കാനാണ് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതെന്ന് തൃശൂർ മെഡിക്കൽ കോളജിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. 

കർഷകസംഘം പാലക്കാട് ജില്ലാ പ്രസിഡന്റാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം 1995 ൽ പാലക്കാട് ജില്ലാ പഞ്ചായത്ത് നിലവിൽ വന്നപ്പോൾ ആദ്യ അധ്യക്ഷനായി. 2011 മുതല്‍ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. 1959 മേയ് 25 ന് കെ.വേലായുധന്റെയും എ.തത്തയുടെയും മകനായാണ് ജനനം. 

ലോകത്തിന്‌ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ്‌ പ്രസിഡന്റായിരിക്കെയാണ്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്‌. ഏഷ്യയിൽതന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയും മീൻവല്ലമാണ്‌. 1975 ൽ കെഎസ്‌വൈഎഫിലൂടെ  പൊതുപ്രവർത്തനരംഗത്ത്‌ വന്നു. ദീർഘകാലം സിപിഎം എലപ്പുള്ളി  ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന്‌ പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.

1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു.  തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്‌, സംസ്ഥാന സഹകരണ ബാങ്ക്‌ ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌, എലപ്പുള്ളി സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ ചുമതലകളും വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു‌.  മികച്ച സഹകാരികൂടിയാണ്‌. കഴിഞ്ഞ ജില്ലാ സമ്മേളനത്തിനു ശേഷമാണ് സിപിഎം  ജില്ലാ സെക്രട്ടറിയറ്റിൽ എത്തിയത്‌. മികച്ച കർഷകൻ കൂടിയാണ് അദ്ദേഹം. വി.പ്രേംകുമാരിയാണ് ഭാര്യ. മക്കൾ: ജയദീപ്‌, സന്ദീപ്‌.

English Summary: Kongad MLA KV Vijayadas passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com