ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിൽ തലമുറമാറ്റത്തിനു സാധ്യതയേറുന്നു. ചെറുപ്പക്കാർക്ക് അവസരം നൽകാനും 2 വനിതകളെ മത്സരിപ്പിക്കാനുമാണ് ധാരണ. ഒരു വനിതയേയും പുരുഷനേയും പൊതുവിഭാഗത്തിൽനിന്ന് മത്സരിപ്പിച്ചേക്കും. പട്ടാമ്പി, ചേലക്കര, പേരാമ്പ്ര, കൂത്തുപറമ്പ് സീറ്റുകൾ അധികമായി ചോദിക്കും. തവനൂരിൽ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കാനും ആലോചിക്കുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാകുന്ന മുറയ്ക്കായിരിക്കും മറ്റു മുതിർന്ന നേതാക്കൾ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകുക. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാനാണ് സാധ്യത. എൻ.എ. നെല്ലികുന്ന്, അബ്ദുറബ്ബ്, എം. ഉമ്മർ, സി. മമ്മൂട്ടി, ഉബൈദുള്ള, അഹമ്മദ് കബീർ, കെഎൻഎ ഖാദർ തുടങ്ങിയവർ മത്സരിക്കാൻ സാധ്യത കുറവാണ്. മണ്ണാർക്കാട് എംഎൽഎ ഷംസുദ്ദീന്റെ സീറ്റ് മലപ്പുറം ജില്ലയിലേക്കു മാറ്റിയേക്കും. 

കാന്തപുരം വിഭാഗവുമായി ചർച്ചകൾ തുറക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. വിവാദങ്ങളിൽപ്പെട്ട എം.സി. കമറുദ്ദീനും ഇബ്രാഹിംകുഞ്ഞിനും സീറ്റുണ്ടാകില്ല. മങ്കടയിൽനിന്ന് മാറുകയാണെങ്കില്‍ മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണയിൽ മത്സരിച്ചേക്കും. ബാലുശേരിക്കു പകരം കുന്ദമംഗലം ലീഗ് ആവശ്യപ്പെടാനാണ് സാധ്യത. തിരുവമ്പാടിക്കു പകരം കൽപ്പറ്റ നൽകാമെന്നു കോൺഗ്രസ് വാഗ്ദാനമുള്ളതായി സൂചനയുണ്ട്.

∙ പ്രാഥമിക ചർച്ചകളിൽ ഉയർന്നുവന്ന ലീഗ് സ്ഥാനാർഥികളുടെ പേര് :

അഴീക്കോടും കണ്ണൂരും വച്ചുമാറുകയാണെങ്കിൽ കണ്ണൂരിൽ കെ.എം. ഷാജി സ്ഥാനാർഥിയാകും.  ഏറനാട് എംഎൽഎ പി.കെ. ബഷീർ മഞ്ചേരിയിൽ മത്സരിക്കാനാണ് സാധ്യത. ഏറനാട്ടിൽ പി.വി. അബ്ദുൽ വഹാബ്‌ മത്സരിക്കും. കൂത്തുപറമ്പ്‌ ആവശ്യപ്പെടുന്ന ലീഗ് സി.കെ. സുബൈറിനെയാണ് (യൂത്ത് ലീഗ്) സ്ഥാനാർഥിയായി പരിഗണിക്കുന്നത്. കോഴിക്കോട്‌ സൗത്തിൽ മുനീർ മാറിയാൽ ഉമ്മർ പാണ്ടികശാലയ്ക്ക് (പുതിയ സ്ഥാനാർഥി) അവസരം ലഭിക്കും. പേരാമ്പ്ര യൂത്ത് ലീഗ് വനിതാ നേതാവ് ഫാത്തിമ തെഹ്‌ലിയയ്ക്കായി ചോദിക്കും. മണ്ണാർക്കാടുനിന്ന് എൻ. ഷംസുദ്ദീൻ തിരൂരിൽ മത്സരിക്കാനാണ് സാധ്യത. പട്ടാമ്പി പുതുതായി ചോദിക്കുമ്പോൾ എം.എ. സമദിനെയാണ് സ്ഥാനാർഥിയായി കാണുന്നത്. 

മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്‌ (യുത്ത് ലീഗ്), കാസർകോട്‌ : കല്ലട്ര മായൻ (പുതിയ സ്ഥാനാർഥി), കുറ്റ്യാടി : പാറക്കൽ അബ്ദുല്ല (സിറ്റിങ് എംഎൽഎ), കുന്ദമംഗലം : നജീബ്‌ കാന്തപുരം (യൂത്ത് ലീഗ്), കൊടുവള്ളി : ഡോ.എം.കെ.മുനീർ, തിരുവമ്പാടി: സി.പി.ചെറിയ മുഹമ്മദ്‌ (പുതിയ സ്ഥാനാർഥി), വള്ളിക്കുന്ന്: പി.അബ്ദുൽ ഹമീദ്‌ (സിറ്റിങ് എംഎൽഎ), കൊണ്ടോട്ടി: ടി.വി. ഇബ്രാഹിം (സിറ്റിങ് എംഎൽഎ), പെരിന്തൽമണ്ണ: ടി.പി. അഷറഫലി (യൂത്ത് ലീഗ്), മങ്കട: മഞ്ഞളാംകുഴി അലി, വേങ്ങര: കെ.പി.എ. മജീദ്, കോട്ടക്കൽ: ആബിദ്‌ ഹുസൈൻ തങ്ങൾ (സിറ്റിങ് എംഎൽഎ), താനൂർ : പി.കെ. ഫിറോസ്‌ (യൂത്ത് ലീഗ്), തിരൂരങ്ങാടി : അൻവർ നഹ, മണ്ണാർക്കാട്‌ : പി.എം. സാദിഖലി (യൂത്ത് ലീഗ്), ചേലക്കര: ജയന്തി രാജൻ, ഗുരുവായൂർ: സി.എച്ച്‌. റഷീദ്‌ (പുതിയ സ്ഥാനാർഥി), കളമശ്ശേരി: അഡ്വ.ഗഫൂർ (യൂത്ത് ലീഗ്), പുനലൂർ : ശ്യാം സുന്ദർ.

English Summary : Muslim league to provide more seats to youth wing in coming Assembly Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com