ADVERTISEMENT

മഴപ്പെയ്ത്തിൽ ജനുവരി ചരിത്രം കുറിച്ചെങ്കിലും തുലാവർഷം(വടക്കു–കിഴക്കൻ മൺസൂൺ) പിൻവാങ്ങുമ്പോൾ സംസ്ഥാനത്ത് മഴലഭ്യതയിൽ വലിയ കുറവ്. നാലു വർഷങ്ങൾക്കിടയിൽ ഏറ്റവും കുറവു മഴ ലഭിച്ചത് ഇത്തവണയാണ്. ദീർഘകാല ശരാശരിയിൽ നിന്ന് 26% കുറവാണ് ഇത്തവണ മഴ.

491.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 365.3 മില്ലിമീറ്റർ. തുലാവർഷം രാജ്യത്തു നിന്നു പിൻവാങ്ങിയെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നാണു സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ജനുവരി 10ന് തുലാവർഷം പൂർണമായും പിൻവാങ്ങിയിരുന്നു.

2019 ൽ 625 മില്ലിമീറ്റർ അധിക തുലാവർഷം ലഭിച്ച സ്ഥാനത്താണിത്. 2016 ൽ 185 മില്ലിമീറ്റർ മാത്രം ലഭിച്ചതാണ് കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ തുലാവർഷം. സംസ്ഥാനത്ത് കേന്ദ്ര  കാലാവസ്ഥാ വകുപ്പിന്റെ 103 സ്റ്റേഷനുകളിൽ നിന്നു ശേഖരിക്കുന്ന മഴയുടെ അളവിനെ അടിസ്ഥാനമാക്കിയാണ് ശരാശരി കണക്കുകൾ ശേഖരിക്കുന്നത്.കഴിഞ്ഞ വർഷം 15 പുതിയ സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. ഇതോടെ കൂടുതൽ വ്യക്തമായ കണക്കുകൾ ലഭിച്ചു തുടങ്ങി. 

മഴയ്ക്കു കുറവ് വന്നതോടെ കേരളത്തിലേക്ക് നഗര മേഖലകളിൽ ചൂടും മലയോരങ്ങളിൽ തണുപ്പും തിരിച്ചു വരുന്ന ലക്ഷണങ്ങളും കാണിച്ചു തുടങ്ങി. 15ന് കൊച്ചിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് (34.7 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തി.

∙ വടക്കു–കിഴക്കൻ മൺസൂൺ

ഒക്ടോബർ‍ 1 മുതൽ ഡിസംബർ 31 വരെയാണ് തുലാവർഷത്തിന്റെ സമയമെങ്കിലും ഇത്തവണ 18 ദിവസത്തോളം വൈകിയാണ് മൺസൂൺ കാറ്റ് രാജ്യത്തു നിന്നു പിൻവാങ്ങുന്നത്. ഡിസംബർ 31 വരെ ലഭിക്കുന്ന മഴയാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി രേഖപ്പെടുത്തുന്നത്. ദീർഘകാല ശരാശരി കണക്കാക്കുന്നതിന് ഈ രേഖകൾ ഉപയോഗിക്കുന്നു. 

∙ അധികമഴ കാസർകോട് മാത്രം

സംസ്ഥാനത്ത് ദീർഘകാല ശരാശരിയേക്കാൾ അധികം മഴ ലഭിച്ച ഏക ജില്ല ഇത്തവണ കാസർകോടാണ്. 14% അധികമഴയാണ് കാസർകോട് ജില്ലയിൽ ലഭിച്ചത്. കണ്ണൂരിൽ തുലാവർഷം 8% കുറഞ്ഞു. ഇടുക്കി(11%), പത്തനംതിട്ട(12%), കോഴിക്കോട്(16%), എറണാകുളം(17%), ആലപ്പുഴ(29%), വയനാട്(29%), കൊല്ലം(31%), തിരുവനന്തപുരം(37%), തൃശൂർ(43%), പാലക്കാട്(45%), മലപ്പുറം(58%) എന്നിങ്ങഃെയാണു മറ്റു ജില്ലകളിൽ മഴ കുറഞ്ഞത്. 

∙ കൂടുതൽ പെയ്തത് പീരുമേട്ടിൽ

മൂന്നു മാസം നീണ്ടു നിന്ന തുലാവർഷത്തിൽ ഇത്തവണ കൂടുതൽ മഴ ലഭിച്ചത് പീരുമേട്ടിലാണ് (734 മില്ലിമീറ്റർ). പിറവം(620 മില്ലിമീറ്റർ), വെള്ളരിക്കുണ്ട്(606 മില്ലിമീറ്റർ) എന്നീ സ്ഥലങ്ങൾ തൊട്ടുപിന്നിലുണ്ട്. വെള്ളരിക്കുണ്ടിൽ കഴിഞ്ഞ വർ‍ഷം മുതലാണ് മഴയുടെ അളവ് രേഖപ്പെടുത്തി തുടങ്ങിയത്. ശക്തമായ മഴ ലഭിക്കുന്ന ഈ മേഖല കൂടി ജില്ലയുടെ മഴ മേഖലയിലേക്ക് വന്നതോടെയാണ് ഇവിടെ ശരാശരിക്കണക്കുകൾ ഉയർന്നു തുടങ്ങിയത്. 

∙ ചരിത്രം തിരുത്തിയ ജനുവരി മഴ

സംസ്ഥാനത്ത് ജനുവരിയിലെ മഴയിൽ റെക്കോർഡ്. രേഖപ്പെടുത്തിയ 145 വർഷങ്ങളിലെ ഏറ്റവും വലിയ മഴയാണ് ഇത്തവണ ലഭിക്കുന്നത്. ഈ മാസം 18 വരെ കേരളത്തിൽ പെയ്തത് 104.3 മില്ലീമീറ്റർ മഴയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 1876 മുതലുള്ള രേഖകൾ പ്രകാരം ജനുവരിയിൽ 100 മില്ലീമീറ്ററിനു മുകളിൽ മഴ ലഭിക്കുന്നത് ഇതാദ്യം.

1943 ജനുവരിയിൽ ലഭിച്ച 83.4 മില്ലീ മീറ്ററായിരുന്നു ഇതിനു മുൻപ് റെക്കോർഡ്. 1985 ജനുവരിയിൽ രേഖപ്പെടുത്തിയ 61.2 മില്ലി മീറ്ററാണ് സമീപ പതിറ്റാണ്ടുകളിലെ  കൂടിയ മഴ. രണ്ടു ദശാബ്ദങ്ങൾക്കിടെ ഒരു ജനുവരിയിലും 43 മില്ലീമീറ്റർ മഴ പോലും ലഭിച്ചിട്ടില്ല.

പസഫിക് സമുദ്രത്തിൽ നിലവിലുള്ള ലാ നിന പ്രതിഭാസവും കിഴക്കൻ കാറ്റിന്റെ തുടർച്ച, മാഡൻ ജൂലിയൻ ഓസിലേഷന്റെ ഇന്ത്യൻ മഹാ സമുദ്രത്തിലെ സാന്നിധ്യവുമാണ് റെക്കോർഡ് മഴയ്ക്കു കാരണം. സംസ്ഥാനത്ത് 6 ജില്ലകളിൽ 100 മില്ലീമീറ്ററിനു മുകളിൽ മഴ ലഭിച്ചു.

ജനുവരിയിൽ ഇതുവരെ മഴ കൂടുതൽ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്(236.4 മില്ലിമീറ്റർ). കോഴിക്കോട്(164.9 മിമീ), എറണാകുളം(147.8 മില്ലിമീറ്റർ), കോട്ടയം(145.1 മില്ലിമീറ്റർ), ഇടുക്കി(116.6 മിമീ), കാസർകോട് (108.3 മിമീ) എന്നീ ജില്ലകളാണു തൊട്ടുപിന്നിൽ. 

∙ കഴിഞ്ഞ വർഷം ജനുവരിയിൽ ഈ സമയം 4.1 മില്ലിമീറ്റർ‍ മഴ

2020 ജനുവരി 1 മുതൽ 17 വരെ കേരളത്തിൽ ആകെ പെയ്ത മഴ 4.1 മില്ലിമീറ്റർ മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നിങ്ങനെ ആറു ജില്ലകളിൽ മാത്രമാണു നാമമാത്രമായെങ്കിലും മഴ ലഭിച്ചത്. തിരുവനന്തപുരത്ത് 47.5 മില്ലിമീറ്റർ മഴ ലഭിച്ചു.

∙ 2020ൽ കൂടുതൽ മഴ വടകരയിൽ

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടകരയിലാണ്. 5423 മില്ലിമീറ്റർ. രണ്ടാമത് കണ്ണൂർ 4487 മില്ലിമീറ്റർ, മൂന്നാമത് കാസർകോട് ജില്ലയിലെ കുഡ്‌ലു 4201 മില്ലിമീറ്റർ. ഇടുക്കി 4126 മില്ലിമീറ്റർ, ഹോസ്ദുർഗ് 4022 മില്ലിമീറ്റർ എന്നീ സ്ഥലങ്ങൾ തൊട്ടുപിന്നിലുണ്ട്. 

∙ സംസ്ഥാനത്ത് 2020ൽ 2 % അധികമഴ

തുടർച്ചയായ മൂന്നാം വർഷവും സംസ്ഥാനത്ത് വാർഷിക മഴ ലഭ്യതയിൽ ശരാശരിയിലും വർധന. 2020 ജനുവരി 1മുതൽ ഡിസംബർ 31 വരെ കേരളത്തിൽ പെയ്തത് 2990 മില്ലിമീറ്റർ മഴയാണ്. 2925 മില്ലിമീറ്ററാണ് ദീർഘകാല ശരാശരി. ഏറ്റവും കൂടുതൽ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. ഒരു വർഷം മുഴുവനായി 3384 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കോഴിക്കോട് ഇത്തവണ ലഭിച്ചത് 4159 മില്ലിമീറ്റർ (23% അധികം ). അതെ സമയം ഏറ്റവും കുറവ് തൃശൂർ ജില്ലയിൽ 3181 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു 2562 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്(20 % കുറവ് ).

കാസർകോട്, കോഴിക്കോട്,എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ 2020ൽ ശരാശരിയെക്കാൾ മഴ ലഭിച്ചു. കാലവർഷം(ജൂൺ–സെപ്റ്റംബർ) 9% അധികമഴ ലഭിച്ചു. 2228 മില്ലീമീറ്റർ. തുലാവർഷമെത്തിയപ്പോൾ(ഒക്ടോബർ–ഡിസംബർ) 26% കുറഞ്ഞു. 

– 2019ൽ ആകെ ലഭിച്ചത് 3117 മില്ലിമീറ്റർ ( 6% അധികം) 

– 2018ൽ ആകെ ലഭിച്ചത് 3521.6 മില്ലിമീറ്റർ ( 20% കൂടുതൽ)

വിവരങ്ങൾക്കു കടപ്പാട്: രാജീവൻ എരിക്കുളം, കാലാവസ്ഥാ ഗവേഷകൻ

English Summary: End of North East Monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com