ADVERTISEMENT

കോട്ടയം∙ ഭിന്നത തുടരുന്ന എന്‍സിപിയില്‍ മാണി സി.കാപ്പൻ എംഎൽഎയെ അനുനയിപ്പിക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്‍റെ ശ്രമം. പാലാ സീറ്റിനു പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. എന്നാൽ, എന്തുവന്നാലും പാലാ വിട്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണി സി.കാപ്പൻ വ്യക്തമാക്കി.

പ്രശ്നപരിഹാരത്തിന് അടുത്തയാഴ്ച എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലെത്തുന്നതിന് മുന്നോടിയായാണ് അനുനയ നീക്കങ്ങള്‍ നടക്കുന്നത്. എ.കെ.ശശീന്ദ്രന്‍, മാണി സി.കാപ്പനെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചു. പാലാ സീറ്റ് നഷ്ടപ്പെടുകയാണെങ്കില്‍ പകരം കുട്ടനാട് സീറ്റ് ഉറപ്പാക്കാം എന്ന വാഗ്ദാനമാണ് ശശീന്ദ്രന്‍ നല്‍കിയത്.

അതേസമയം, കുട്ടനാട് വിട്ടുകൊടുക്കാനുള്ള നീക്കത്തില്‍ ശശീന്ദ്രന്‍ പക്ഷത്തും അതൃപ്തിയുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ് കുട്ടനാട്ടില്‍ മത്സരിക്കാന്‍ തയാറെടുത്തിരിക്കുകയാണ്. മറിച്ചുള്ള ഏതു നീക്കവും ആലപ്പുഴ ജില്ലാ നേതൃത്വത്തിന്‍റെ പിന്തുണ ശശീന്ദ്രനു നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെയാകും തുടര്‍നീക്കങ്ങള്‍. ഇന്നലെ ശശീന്ദ്രന്‍റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗം എന്തുസംഭവിച്ചാലും ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കാനുള്ള തീരുമാനത്തിലേക്കാണ് എത്തിയത്.

23നാണ് ശരദ് പവാര്‍ കേരളത്തിലെത്തുന്നത്. അതിന് മുന്നോടിയായി പരമാവധി ജില്ലാ കമ്മിറ്റികളെയും സംസ്ഥാന ഭാരവാഹികളെയും ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണ് ഇരുപക്ഷവും പയറ്റുന്നത്. ജോസ് കെ.മാണിയോട് പാലായില്‍ ഏറ്റുമുട്ടി വിജയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മാണി സി. കാപ്പനെ ബോധ്യപ്പെടുത്താനാണ് ശശീന്ദ്രന്‍ പക്ഷം ശ്രമിക്കുന്നത്. ജോസ് കെ.മാണിയോട് പരാജയപ്പെട്ടാല്‍ മാണി സി.കാപ്പന്‍റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കുമെന്ന പ്രചാരണവും ശശീന്ദ്രന്‍ പക്ഷം നടത്തുന്നുണ്ട്.

English Summary: NCP dispute over Pala seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com