ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജോ ബൈഡന്റെ, ലോകം ഉറ്റുനോക്കിയ ആദ്യ പ്രസംഗത്തിന്റെ പിന്നണിയിൽ ഇന്ത്യൻ വംശജനും. ബൈഡന്റെ നയങ്ങൾ പ്രതിപാദിച്ച പ്രസംഗം തയാറാക്കിയത് ഇന്ത്യൻ വംശജനായ വിനയ് റെഡ്ഡിയാണ്. തെലങ്കാനയിൽ കുടുംബവേരുകളുള്ള വിനയ് റെഡ്ഡിക്കാണ് ബൈഡന്റെ പ്രസംഗങ്ങൾ തയാറാക്കാനുള്ള ചുമതല.

ബൈഡൻ രണ്ടാം തവണ വൈസ് പ്രസിഡന്റായിരുന്ന 2013 മുതൽ 2017 വരെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ തയാറാക്കിയിരുന്നത് വിനയ് ആയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണ കാലയളവിൽ ബൈഡൻ – കമല ഹാരിസ് ടീമിന്റെ മുതിർന്ന ഉപദേഷ്ടാവായി പ്രവർത്തിച്ച വിനയ്‍യ്ക്കു പ്രചാരണത്തിലുടനീളമുള്ള പ്രസംഗങ്ങൾ തയാറാക്കാനുള്ള ചുമതലയുമുണ്ടായിരുന്നു.

നാഷനൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഒബാമ – ബൈഡൻ ഭരണകാലയളവിൽ യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിൽ പ്രസംഗം തയാറാക്കുന്ന സംഘത്തിലെ മുതിർന്ന അംഗമായിരുന്നു വിനയ്.

ഒബാമ – ബൈഡൻ ടീം രണ്ടാമതും തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രസംഗങ്ങൾ തയാറാക്കിയ സംഘത്തിലുമുണ്ടായിരുന്നു. വിനയ് റെഡ്ഡിയുടെ പിതാവ് നാരായണ റെഡ്ഡി, എംബിബിഎസ് പൂർത്തിയായ ശേഷം 1970 ൽ യുഎസിലേക്ക് കുടിയേറുകയായിരുന്നു. തെലങ്കാനയിലെ കരിംനഗറാണ് നാട്.

നാരായണ റെഡ്ഡി – വിജയ റെഡ്ഡി ദമ്പതികളുടെ മൂന്ന് ആൺമക്കളിൽ രണ്ടാമനായ വിനയ്, യുഎസിലെ ഒഹായോയിലാണ് ജനിച്ചത്. മയാമി സർവകലാശാല, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളജ് ഓഫ് ലോ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബമാണ് ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ വിനയ് റെഡ്ഡിയുടേത്.

English Summary: Joe Biden's Speech Writer Is Indian-American Vinay Reddy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com