ADVERTISEMENT

ന്യൂഡൽഹി∙ റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി, ദേശീയ പാത അതോറിറ്റി, പിഡബ്ല്യുഡി, റോഡ് നിർമാണവുമായി ബന്ധപ്പെട്ട മറ്റു വിഭാഗങ്ങൾ എന്നിവയിലെ എൻജിനീയമാർക്കും മറ്റും നിർബന്ധിത പരിശീലനം നൽകാൻ പദ്ധതി. റോഡ് സുരക്ഷയുടെ വിവിധ വശങ്ങളാണ് 3 ദിവസത്തെ പരിശീലനത്തിലുൾപ്പെടുത്തുക. എല്ലാ ഉദ്യോഗസ്ഥരും പരിശീലനത്തിൽ പങ്കെടുക്കുന്നുവെന്ന് ഗതാഗതമന്ത്രാലയം ഉറപ്പു വരുത്തും.

2025ൽ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കാനുള്ള ഗതാഗതമന്ത്രാലയത്തിന്റെ നീക്കങ്ങളുടെ ഭാഗമായിരിക്കും ഇത്. ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങളുണ്ടാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിൽ മിക്കതും റോഡ് നിയമലംഘനങ്ങളുടെയും റോഡ് നിർമാണത്തിലെ അപാകതകളുടെയും ഫലമാണെന്ന് വിവിധ റിപ്പോർട്ടുകളുണ്ടായിരുന്നു.

അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശാസ്ത്രീയ നടപടികളുടെ ഭാഗമായി രാജ്യത്തെ വിവിധ സാങ്കേതിക സ്ഥാപനങ്ങളെ റോഡുനിർമാണത്തിൽ സഹകരിപ്പിക്കുന്നതിന് ഗതാഗത മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടിരുന്നു. സാങ്കേതിക സ്ഥാപനങ്ങളുടെ സമീപത്തുളള ദേശീയപാതകളുടെ അറ്റകുറ്റപ്പണികളും മേൽനോട്ടവും അവയെ ഏ‍ൽപിക്കുന്ന പദ്ധതിയുമുണ്ട്. റോഡ് അപകടങ്ങൾ വിലയിരുത്തുമ്പോൾ റോഡ് നിർമാണം അതിൽ വഹിച്ച പങ്കും ഉൾപ്പെടുത്തണമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രത്യേകം നിർദേശിക്കുകയും ചെയ്തിരുന്നു.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഓരോ പ്രദേശത്തെയും എംപിമാരെ ഉൾപ്പെടുത്തി കൗൺസിലുകളുണ്ടാക്കുന്നുണ്ട്. സമാന മാതൃകയിൽ എംഎൽഎമാരും അതത് മണ്ഡലങ്ങളിൽ റോഡ് അപകട നിവാരണക്കമ്മിറ്റികളുണ്ടാക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിൽ മന്ത്രി നിർദേശിച്ചിരുന്നു.

രാജ്യത്ത് ഓരോ മണിക്കൂറിലും 51 അപകടങ്ങളും 17 മരണങ്ങളും നടക്കുന്നതായാണ് ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട്.  2019ൽ 4,49002 അപകടങ്ങളിൽ 1,51, 113 പേരാണ് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്നതിൽ നാലാം സ്ഥാനത്താണ് കേരളം. രാജ്യമൊട്ടാകെ അപകടങ്ങളിൽ കുറവുണ്ടായെങ്കിലും കേരളത്തിൽ കൂടുകയാണ്. 2019ൽ കേരളത്തിൽ ഉണ്ടായ 41,111 അപകടങ്ങളിൽ 4440 പേർ മരിച്ചു. അതിനു മുൻപത്തെ വർഷം 40181 അപകടങ്ങളിൽ 4303 പേർക്കാണ് ജീവാപായം സംഭവിച്ചത്. 

English Summary: Three-day mandatory training for various agencies related to road safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com