ADVERTISEMENT

ന്യൂഡൽഹി∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എഐഐഎംഎസ്) പ്രവേശിപ്പിക്കപ്പെട്ട ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് മകൻ തേജസ്വി യാദവ്. നിലവിൽ ഐസിയുവിലാണ് ലാലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും അണികൾ എഐഐഎംഎസിലേക്ക് വരരുത്. ലാലുവിനെ കാണുന്നതിന് ആർക്കും അനുമതി നൽകിയിട്ടില്ല. അണികളോട് അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

അതിനിടെ ലാലു എത്രയും പെട്ടെന്ന് രോഗം ഭേദമായി തിരികെയെത്തട്ടേയെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആശംസിച്ചു. ലാലുവിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വാർത്തകൾ തുടർച്ചയായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യനില വഷളായതിനെത്തുടർന്ന് ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എയർ‍ ആംബുലൻസിൽ റാഞ്ചിയിൽനിന്ന് ലാലുവിനെ ഡൽഹിയിലെത്തിച്ചത്. ഒൻപതരയോടെ എഐഐഎംഎസിൽ പ്രവേശിപ്പിച്ചു.

എഴുപത്തിരണ്ടുകാരനായ ലാലു കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. അതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ദീർഘനാളായി ചികിത്സയിലായിരുന്നു. ‘കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന് ശ്വസനസംബന്ധിയായ പ്രശ്നങ്ങളുണ്ട്. വെള്ളിയാഴ്ച ന്യുമോണിയയും സ്ഥിരീകരിച്ചു. പ്രായാധിക്യത്തിന്റെ പ്രശ്നങ്ങളുമുള്ളതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം ഡൽഹിയിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

മെഡിക്കൽ ബോർഡിന്റെ ശുപാർശ പ്രകാരം എഐഐഎംഎസിൽ ഒരു മാസത്തെ ചികിത്സയാണ് ലാലുവിനു നിർദേശിച്ചിരിക്കുന്നത്. ആഴ്ചതോറുമുള്ള റിപ്പോർട്ട് അനുസരിച്ച് ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടി നൽകുമെന്നും ജയിൽ വിഭാഗം ഐജി ബീരേന്ദ്ര ഭൂഷൺ പറഞ്ഞു. തേജസ്വിക്കൊപ്പം ലാലുവിന്റെ ഭാര്യ റാബ്റി ദേവി, മകൾ മിസ യാദവ് എന്നിവരും ആശുപത്രിയിലുണ്ട്. ജയിൽ മാന്വൽ പ്രകാരമുള്ള നിർദേശങ്ങൾ ആർഐഎംഎസ് ആശുപത്രിയിൽ ലാലു ലംഘിച്ച സംഭവത്തിൽ ഫെബ്രുവരി അഞ്ചിന് ജാർഖണ്ഡ് ഹൈക്കോടതി വാദം കേൾക്കാനിരിക്കുകയാണ്.

English Summary: Lalu Prasad Yadav Shifted to AIIMS Delhi, as Health Condition Deteriorates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com