ADVERTISEMENT

ഹൈദരാബാദ് ∙ തമിഴ്നാട് ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ബ്രാഞ്ച് കൊള്ളയടിച്ചത് 22 വയസ്സുള്ള വിദ്യാര്‍ഥിയുടെ നേതൃത്വത്തിലെന്ന് പൊലീസ്. മാസങ്ങളെടുത്ത് റൂട്ട് മാപ്പടക്കം തയാറാക്കി 15 മിനിറ്റിനുള്ളിലാണ് സംഘം 25.5 കിലോ സ്വര്‍ണം കവര്‍ന്നത്. ഹൈദരാബാദ് പൊലീസിന്റെ പിടിയിലായവരുടെ എണ്ണം ഏഴായി. രണ്ടുപേര്‍ക്കായി തമിഴ്നാട് പൊലീസ് തിരച്ചില്‍ തുടങ്ങി.

വെള്ളിയാഴ്ച രാവിലെയാണ് ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി സംഘം ബ്രാഞ്ച് കൊള്ളയടിച്ചത്. മധ്യപ്രദേശ് ജബല്‍പുര്‍ സ്വദേശിയും വിദ്യാര്‍ഥിയുമായ രൂപ് സിങ് ഭാഗലിന്റെ (22) നേതൃത്വത്തിലാണ് ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന കവര്‍ച്ച നടന്നത്. സംഘത്തില്‍പെട്ട സഹോദരന്‍ ശങ്കര്‍ സിങ് ഭാഗല്‍, ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശികളായ പവന്‍കുമാര്‍, ബുബേന്ദര്‍ മാഞ്ചി, വിവേക് മണ്ഡല്‍, മീററ്റ് സ്വദേശികളായ തെക്ക്റാം, രാജീവ് കുമാര്‍ എന്നിവരെയാണ് സൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

രൂപ് സിങ് ഭാഗല്‍ മൂന്നുമാസം ബംഗളുരുവില്‍ താമസിച്ചാണു കൊള്ളയ്ക്കായി ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സ് തിരഞ്ഞെടുത്തത്. ഹൊസൂരിലെത്തി മൊബൈലില്‍ വിഡിയോ ചിത്രീകരിച്ചു റൂട്ട് മാപ്പ് തയാറാക്കിയായിരുന്നു കവര്‍ച്ച. മൂന്നു ബൈക്കുകളിലായി ആറു പേരാണ് കവര്‍ച്ചയ്ക്കായി മുത്തൂറ്റിലെത്തിയത്. രണ്ടുപേര്‍ പുറത്ത് നിറതോക്കുമായി കാവല്‍ നിന്നു. രണ്ടുപേര്‍ ജീവനക്കാരെ ബന്ദികളാക്കി.

ബാക്കിയുള്ളവരാണു മാനേജറെ കൊണ്ടു ലോക്കര്‍ തുറപ്പിച്ചു സ്വര്‍ണവും പണവും കവര്‍ന്നത്. ഇതിനെല്ലാം വെറും 15 മിനിറ്റ് സമയം മാത്രമാണെടുത്തത്. വന്ന ബൈക്കുകളില്‍തന്നെ മടങ്ങിയ സംഘം തമിഴ്നാട്– കര്‍ണാടക അതിര്‍ത്തിയില്‍ വാഹനം ഉപേക്ഷിച്ചു. ഇവിടെ ഒരു ലോറിയും എസ്‍യുവിയും നേരത്തെ തയാറാക്കി നിര്‍ത്തിയിരുന്നു. ലോറിയുടെ രഹസ്യ അറയിലേക്കു സ്വര്‍ണം മാറ്റി. ലോറിയും എസ്‍യുവിയും നേരെ ജാര്‍ഖണ്ഡ് ലക്ഷ്യമാക്കി കുതിച്ചു.

സ്വര്‍ണം അടങ്ങിയ ബാഗുകളിലെ ജിപിഎസ് സംവിധാനത്തില്‍നിന്നാണു ഹൈദരാബാദ് ഭാഗത്തേക്കു കൊള്ളക്കാര്‍ പോകുന്നത് കൃഷ്ണഗിരി പൊലീസ് മനസ്സിലാക്കിയത്. ടോള്‍ പ്ലാസകളില്‍നിന്ന്  ലോറിയുടെയും എസ്‍യുവിയുടെയും നമ്പറുകള്‍ കണ്ടെത്തി. ഉടന്‍‌ വിവരം ഹൈദരാബാദ് പൊലീസിനു കൈമാറി.

സൈദരാബാദ് കമ്മിഷണര്‍ വി.സി.സജ്ജനാരുടെ നേതൃത്വത്തില്‍ ഇരൂന്നൂറിലേറെ സായുധ പൊലീസുകാരെ അണിനിരത്തിയാണു കൊള്ളക്കാരെ പിടിച്ചത്. ഷംസാദ്ബാദിനടുത്തുള്ള തൊണ്ടപ്പള്ളി ടോള്‍ ഗേറ്റില്‍ എസ്‍യുവിയിൽ സഞ്ചരിച്ചിരുന്ന അഞ്ചു പേരെയും പിടികൂടി. മറ്റൊരു ടോള്‍ പ്ലാസയില്‍നിന്നു ലോറിയും കസ്റ്റഡിയിലെടുത്തു. 25.5 കിലോ സ്വര്‍ണവും ഏഴു തോക്കുകളും 86 തിരകളും പിടികൂടി.

English Summary: Muthoot Finance robbery organized and executed by a student says police 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com