ADVERTISEMENT

സെക്രട്ടേറിയറ്റിൽ സന്ദർശകർക്കു പുതുതായി കർശന നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ വലയുന്നത് ജീവൽപ്രശ്നങ്ങളുമായി എത്തുന്ന സാധാരണക്കാർ. നികുതിദായകരായ ഈ ജനങ്ങളുടെ ചോദ്യമിതാണ്: തങ്ങളുടെ വോട്ടു നേടി അധികാരത്തിലെത്തിയ മന്ത്രിമാരും പൊതുഖജനാവിൽനിന്നു ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും ഇരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ദൂരെനിന്നു കാണാൻ മാത്രമുള്ള വെറും കെട്ടിടമാണോ? ഭരണ സിരാകേന്ദ്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിപ്പോൾ പെരുവഴിയിലായ ജനം ചോദിച്ചു പോകുന്ന ന്യായമായ ചോദ്യം.

അകത്തുള്ള ജീവനക്കാർ ആരെങ്കിലും ശുപാർശ ചെയ്താലേ സന്ദർശകർക്ക് സെക്രട്ടേറിയറ്റിൽ പ്രവേശിക്കാനാകൂ എന്നതാണ് ഇപ്പോഴത്തെ പ്രധാന നിയന്ത്രണം. അതും, നാലു ഗേറ്റ് ഉള്ളതിൽ ഒരു ഗേറ്റിലൂടെ മാത്രം. ഇതിൽ പ്രശ്നങ്ങൾ പലതാണ്. പരാതി ബോധിപ്പിക്കാനോ അവകാശപ്പെട്ട ഉത്തരവോ ആനുകൂല്യമോ നേടിയെടുക്കാനോ വരുന്നവർക്ക് ഉദ്യോഗസ്ഥരുമായി വ്യക്തിബന്ധം ഉണ്ടാകണമെന്നില്ല. മറ്റു ജില്ലകളിൽനിന്ന് ഉൾപ്പെടെ തേടിപ്പിടിച്ച് വല്ലവിധവും തലസ്ഥാനത്ത് എത്തുന്ന ഇത്തരക്കാരെ സെക്രട്ടേറിയറ്റിലേക്ക് കയറ്റി വിടാൻ ആര് ശുപാർശ ചെയ്യും?

കാണേണ്ട ഉദ്യോഗസ്ഥന്റെ തസ്തികയോ, അല്ലെങ്കിൽ ഓഫിസിന്റെ പേരോ മാത്രമേ ഇവർക്ക് അറിയാനാകൂ. വരുന്നയാൾ പരിചയമുള്ള ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കണം. പിന്നെ ഈ ഉദ്യോഗസ്ഥൻ സെക്യൂരിറ്റിയോടു ഫോണിൽ ശുപാർശ ചെയ്യണം. എങ്കിലേ ആളെ കയറ്റി വിടൂ. ഈ പുതിയ നിബന്ധന അറിയാതെ വന്നു നക്ഷത്രമെണ്ണുന്ന, നട്ടം തിരിയുന്ന സാധാരണക്കാർ ഇപ്പോൾ സെക്രട്ടേറിയറ്റ് കവാടത്തിലെ പതിവു കാഴ്ചയായി.

മുൻപ് ഉണ്ടായിരുന്ന സൗകര്യം അഴിയുമ്പോഴേ ജനത്തിന്റെ ഇപ്പോഴത്തെ കഷ്ടപ്പാട് ബോധ്യമാകൂ. വൈകിട്ട് മൂന്നു മുതൽ 5 വരെ സന്ദർശകർക്ക് സെക്രട്ടേറിയറ്റിൽ പ്രവേശനമുണ്ടായിരുന്നു. അതും രണ്ടു ഗേറ്റ് വഴി. തിരിച്ചറിയൽ കാർഡ് കാണിച്ച് പാസ് എടുക്കണമെന്നു മാത്രം. പോകുന്ന ഓഫിസ് ഏതെന്നു പറയണം. അല്ലാതെ, ആ ഓഫിസിന്റെ മുൻകൂർ അനുമതി വേണ്ടായിരുന്നു. മന്ത്രിമാരുടെ ഓഫിസിലും ഇതുപോലെ പൊതുജനത്തിനു പ്രവേശിക്കാമായിരുന്നു.

അത്തരം സൗകര്യങ്ങളെല്ലാം പുതിയ നിയന്ത്രണം കൊണ്ട് ഇല്ലാതായി. 3 മുതൽ 5 വരെയുള്ള സമയത്തല്ലാതെ വരുന്നവർക്കു മാത്രം മതിയായിരുന്നു ബന്ധപ്പെട്ട ഓഫിസിന്റെ മുൻകൂർ അനുമതി. ഇപ്പോഴത്തെ അവസ്ഥ ഇതാണ്: സെക്രട്ടേറിയറ്റ് സാധാരണക്കാരന് അപ്രാപ്യമായിരിക്കുന്നു. ഇവിടെയെത്തുമ്പോഴാണു പുതിയ നിയന്ത്രണത്തെപ്പറ്റി പലരും അറിയുന്നതുതന്നെ. പിന്നെ ഗേറ്റിൽ സെക്യൂരിറ്റിയുടെയും മറ്റും ദയാദാക്ഷിണ്യത്തിനു കെഞ്ചി വശംകെട്ടു തിരിച്ചു പോകുന്നു.

English Summary: Kerala Secretariat becomes inaccessible to public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com