ADVERTISEMENT

പൊൻകുന്നം ∙ ആശിച്ചു വാങ്ങിച്ച സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്‍റെ വിഷമത്തിലായിരുന്ന കണിച്ചേരില്‍ വീട്ടിലേക്ക് റിപ്പബ്ളിക് ഡേ ദിനം ഉച്ചയ്ക്ക് പുതുപുത്തന്‍ സൈക്കിളെത്തി. കൊണ്ടു വന്നത് കോട്ടയം ജില്ലാ കലക്ടര്‍ എം.അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷിന്‍റെ കുടുംബത്തിന്‍റെ സങ്കടത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പുതിയ സൈക്കിള്‍ നല്‍കിയത്.

കൈകള്‍ക്കും കാലുകള്‍ക്കും വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്. വൈകല്യത്തിനു മുൻപിൽ മനസ്സു തളരാതെ ഉരുളികുന്നത്തിന് സമീപം കുരുവിക്കൂട് എന്ന സ്ഥലത്ത് സ്വന്തമായി സ്ഥാപനം നടത്തി വരികയാണ്. ഒൻപതു വയസുള്ള മകന്‍ ജസ്റ്റിന് വാങ്ങി നല്‍കിയ സൈക്കിളാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടുമുറ്റത്തു നിന്ന് മോഷണം പോയത്. ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ഥിച്ച് സുനീഷ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേര്‍ പങ്കുവച്ചിരുന്നു.

സൈക്കിള്‍ തിരികെ കിട്ടാന്‍ കാത്തിരിക്കുന്ന കുടുംബത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടയുടന്‍ പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞയുടന്‍ കോട്ടയത്തു നിന്ന് സൈക്കിള്‍ വാങ്ങി കലക്ടര്‍ സുനീഷിന്‍റെ വീട്ടില്‍ എത്തുകയായിരുന്നു.

കാണാതായ സൈക്കിളിന്‍റെ അതേ നിറത്തിലുള്ള പുത്തന്‍ സൈക്കിള്‍ സ്വന്തമായപ്പോള്‍ ജസ്റ്റിന്‍ മനസ്സ് നിറഞ്ഞു ചിരിച്ചു. ഒപ്പം സുനീഷും ഭാര്യ ജിനിയും മകള്‍ ജസ്റ്റിയയും. പത്രവാര്‍ത്ത വന്നപ്പോഴും ഇങ്ങനെയൊരു ഇടപെടല്‍ പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ സങ്കടം മനസിലാക്കിയതിന് ഒത്തിരി നന്ദിയുണ്ട്-സുനീഷ് പറഞ്ഞു.

English Summary: Sunish and family gets cycle from collector as directed by Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com