ADVERTISEMENT

മലപ്പുറം∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയം സുഗമമായി നടക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും കോൺഗ്രസ് നേതൃത്വത്തിനു തലവേദനയായി മാറുന്ന ചില മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ. ജില്ലയിൽ ആകെ 4 സീറ്റുകൾ മാത്രമുള്ള കോൺഗ്രസ്, നിലമ്പൂരിലെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ വെള്ളം കുടിക്കുകയാണ്. രാഹുൽ ഗാന്ധി വരെ ഇടപെട്ടെങ്കിലും പി.വി.അൻവറിനെതിരെ ആര് എന്ന പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല.

മൂന്നു പതിറ്റാണ്ടുകാലം കൂട്ടുവിടാതെ കൂടെനിന്ന പൊന്നാപുരം കോട്ടയാണ് കോൺഗ്രസിന് നിലമ്പൂർ. 1987 മുതൽ 2016 വരെ ആര്യാടൻ മുഹമ്മദ് കുത്തകയാക്കിയ മണ്ഡലം കോൺഗ്രസിനെ കൈവിട്ടത് കഴിഞ്ഞ തവണയാണ്. പഴയ കോൺഗ്രസുകാരൻ പി.വി.അൻവർ ഇടതു സ്വതന്ത്രനായി മത്സരക്കളത്തിലേക്കെത്തിയപ്പോൾ അടിതെറ്റിയത് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിന്. 11504 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച അൻവറിൽനിന്നു മണ്ഡലം തിരിച്ചു പിടിക്കണമെന്ന അതിയായ ആഗ്രഹം മണ്ഡലത്തിലെ ഓരോ കോൺഗ്രസുകാരനുമുണ്ട്. പക്ഷേ അത് ആരിലൂടെ എന്നു തീരുമാനിക്കാൻ നേതൃത്വത്തിനു കഴിയാത്തതാണു ‘വലിയ’ പ്രശ്നം.

അഞ്ച് വർഷത്തിനുശേഷം വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ നിലമ്പൂർ സീറ്റിനായി ആര്യാടൻ ഷൗക്കത്ത് രംഗത്തുണ്ട്. 2016ൽ മാരത്തൺ ചർച്ചകൾക്കൊടുവിൽ ഷൗക്കത്തിന് അവസരം നൽകിയപ്പോൾ അവസാന നിമിഷം സീറ്റ് നഷ്ടമായത് നിലമ്പൂരുകാരനും നിലവിലെ ഡിസിസി പ്രസി‍ഡന്റുമായ വി.വി.പ്രകാശിനാണ്. അതുകൊണ്ടു തന്നെ ഇത്തവണ സീറ്റ് വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രകാശ്. ഇവരിൽ ഒരാൾ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കിൽ പൊതു സമ്മതനായ മൂന്നാംസ്ഥാനാർഥിയെ അവതരിപ്പിക്കാനുള്ള സാധ്യതകളുണ്ട്.

മുൻ കെഎസ്‍യു സംസ്ഥാന പ്രസിഡ‍ന്റും നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയുമായ വി.എസ്.ജോയിയാണ് അങ്ങനെയൊരു സാധ്യതയ്ക്കായി കാത്തിരിക്കുന്നത്. വി.എസ്.ജോയിക്കു റാന്നി സീറ്റ് നൽകി പകരം മുൻ കോഴിക്കോട് ഡിസിസി പ്രസി‍ഡന്റ് ടി.സിദ്ധിഖിനെ നിലമ്പൂരിൽ മത്സരിപ്പിക്കുന്നതു സംബന്ധിച്ചും ആലോചനകൾ നടക്കുന്നു. ‌നിലവിലെ സാഹചര്യത്തിൽ വി.വി.പ്രകാശിനാണ് സാധ്യതയെങ്കിലും ആര്യാടൻ മുഹമ്മദിനെയും മകൻ ഷൗക്കത്തിനെയും അനുനയിപ്പിക്കുകയെന്നതാണു നേതൃത്വത്തിനു മുൻപിലുള്ള വലിയ വെല്ലുവിളി.

നിലമ്പൂരിനു പകരം മന്ത്രി കെ.ടി.ജലീലിന്റെ മണ്ഡലമായ തവനൂർ സീറ്റ് എന്ന വാഗ്ദാനമാണ് ഷൗക്കത്തിന് മുൻപിലുള്ളത്. എ ഗ്രൂപ്പ് മത്സരിച്ചിരുന്ന സീറ്റ് ആണിത്. മന്ത്രി ജലീലിനെതിരെ അതേ മതവിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്ന പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന് ആവശ്യത്തിനും ആര്യാടൻ ഷൗക്കത്തിലൂടെ പരിഹാരം കാണാമെന്നു നേതൃത്വം കണക്കുകൂട്ടുന്നു.

എന്നാൽ ജയസാധ്യത കുറഞ്ഞ സീറ്റ് വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ ഷൗക്കത്തിന് സുരക്ഷിതമായ മത്സരക്കളം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ജില്ലയിലെ കോൺഗ്രസ് നേതൃത്വം നടത്തുന്നുണ്ട്. തവനൂർ ഏറ്റെടുത്ത് ഏറനാട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലൊന്നു നൽകണമെന്ന് മുസ്‍ലിം ലീഗിനോട് ആവശ്യപ്പെട്ടത് ഇതിന്റെ പശ്ചാത്തലത്തിലാണ്. എന്നാൽ കാര്യമായ വെല്ലുവിളികൾ ഇല്ലാത്ത സിറ്റിങ് സീറ്റുകളിൽ ഒന്ന് നഷ്ടപ്പെടുത്തി തവനൂർ ഏറ്റെടുക്കാൻ ലീഗിന് താൽപര്യമില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിലമ്പൂർ മണ്ഡലത്തിൽ ഇരു മുന്നണികൾക്കും തുല്യ ദുഃഖമാണ് സമ്മാനിച്ചത്. നിലമ്പൂർ നഗരസഭാ ഭരണം ആദ്യമായി പിടിച്ചെടുത്തതു ‘അൻവർ’ ഇഫക്ടായി സിപിഎം ഉയർത്തിക്കാട്ടുമ്പോൾ എൽഡിഎഫിന്റെ കൈവശമുണ്ടായിരുന്ന വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകൾ പിടിച്ചെടുത്തതാണ് യുഡിഎഫിന്റെ നേട്ടക്കണക്ക്. വഴിക്കടവ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ നഷ്ടമായെങ്കിലും നിയോജക മണ്ഡലത്തിലെ ആകെ വോട്ടുകണക്കിൽ യുഡിഎഫിന് 784 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.

Content Highlights: Nilambur Assembly Seat, Congress, PV Anwar, Aryadan Shoukath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com