ADVERTISEMENT

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുൻബെര്‍ഗ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടൂള്‍കിറ്റാണ് ഇപ്പോള്‍ ചര്‍ച്ച. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രതിഷേധത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ടൂള്‍ കിറ്റ് ഖലിസ്ഥാന്‍ അനുകൂല സംഘടനയാണ് നിര്‍മിച്ചതെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്. ടൂള്‍കിറ്റിനെതിരെ ഡല്‍ഹി പൊലീസ് കേസും എടുത്തു. ജനുവരി 23 മുതലുള്ള നീക്കങ്ങള്‍ ടൂള്‍കിറ്റിലുണ്ടെന്നാണു പൊലീസിന്റെ വിശദീകരണം. 

ആദ്യം ഷെയര്‍ ചെയ്ത ടൂള്‍കിറ്റ് ഗ്രേറ്റ ഡിലീറ്റ് ചെയ്തിരുന്നു. ജനുവരി 26നോ അതിനു ശേഷമോ കര്‍ഷകര്‍ക്ക് അനുകൂലമായി ഡിജിറ്റല്‍ സ്‌ട്രൈക്ക് നടത്തണമെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരുന്നത്. രണ്ടാമത്തെ അപ്‌ഡേറ്റഡ് ടൂള്‍കിറ്റ് ഫെബ്രുവരി നാലിന് വീണ്ടും ഗ്രേറ്റ ഷെയര്‍ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൃഷിമന്ത്രി നരേന്ദ്ര തോമറെയും ടാഗ് ചെയ്യണമെന്നും ഗ്രേറ്റ ഷെയര്‍ ചെയ്ത ടൂള്‍കിറ്റില്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കാരിന് മുകളില്‍ രാജ്യാന്തര സമ്മര്‍ദമുണ്ടാകേണ്ടത് അനിവാര്യമാണെന്നും ഇതിൽ പറയുന്നു. ഏതു രാജ്യത്തായാലും പ്രദേശിക പ്രതിനിധിയെ കണ്ടെത്തി വിഷയം ശ്രദ്ധയില്‍പെടുത്തണം. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് മെയില്‍ അയയ്ക്കണം. അതിനുള്ള എല്ലാ വിവരങ്ങളും ടൂള്‍ കിറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. 

1200-greta-thunberg-activist
ഗ്രേറ്റ ട്യുൻബെർഗ് (ഫയൽ ചിത്രം)

മൂന്നു കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതുള്‍പ്പെടെ മൂന്നു ഹര്‍ജിയിൽ ഒപ്പു വയ്ക്കണമെന്നും ടൂള്‍കിറ്റില്‍ പറയുന്നു. ജനാധിപത്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവകാശം സംബന്ധിച്ച് യുഎന്നിനുള്ള ഹര്‍ജിയും ടൂള്‍കിറ്റിലുണ്ട്. ഇന്ത്യയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ജനപ്രതിനിധികള്‍ക്ക് എങ്ങിനെ അപേക്ഷ സമര്‍പ്പിക്കണമെന്നും വിശദീകരിച്ചിട്ടുണ്ട്. ഉണരൂ, ചെറുക്കൂ എന്ന ആഹ്വാനത്തോടെയാണ് ടൂള്‍കിറ്റ് അവസാനിക്കുന്നത്. ഇന്റര്‍നെറ്റ് വിച്‌ഛേദിച്ചതോടെ കര്‍ഷകരെ പിന്തുണയ്ക്കാനായി തയാറാക്കിയ ‘ട്രോളി ടൈംസ്’ എന്ന ദ്വൈവാര ന്യൂസ്‌ലെറ്ററും ടൂള്‍കിറ്റിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 13, 14 തീയതികളില്‍ മാധ്യമ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍, തുടങ്ങിയവയ്ക്കു സമീപം ഏതു തരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ടൂള്‍കിറ്റില്‍ പറയുന്നു. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ഹാഷ് ടാഗ് സഹിതം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യണം. 

#AskIndiaWhy ഹാഷ് ടാഗില്‍ ഡിജിറ്റല്‍ പ്രചാരണം നടത്തണമെന്നും ടൂള്‍കിറ്റില്‍ ആവശ്യപ്പെടുന്നു. ദുര്‍ബലവിഭാഗത്തിനെതിരെ അതിശക്തമായ മനുഷ്യാവകാശലംഘനം നടത്തുന്ന ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ടൂള്‍കിറ്റില്‍ കുറ്റപ്പെടുത്തുന്നു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ശബ്ദം ലോകമെങ്ങും എത്തിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിന്തുണ ആര്‍ജിക്കാനും ഡിജിറ്റല്‍ സ്‌ട്രൈക് നടത്തണമെന്നാണ് ആഹ്വാനം. 

എന്താണു ടൂള്‍കിറ്റ്?

∙ ഒരു വിഷയമോ ഉദ്ദേശ്യമോ വിശദീകരിക്കാന്‍ നിര്‍മിക്കുന്ന ലഘുലേഖയോ രേഖയോ ആണ് ടൂള്‍കിറ്റ്

∙ താഴേത്തലത്തില്‍ ആ വിഷയത്തെ ഏതു തരത്തില്‍ അഭിസംബോധന ചെയ്യണമെന്ന നിലപാടുകള്‍ വിശദീകരിക്കുന്നതാണത്.

∙ പ്രതിഷേധത്തിന്റെയോ മറ്റു പരിപാടികളുടെയോ സജീവാംഗങ്ങൾക്ക് ആധികാരികവും യോജ്യവുമായ വിവരശേഖരമാകും ഇതിൽ. 

ഗ്രെറ്റ തുൻബർഗ് (Photo by Kenzo TRIBOUILLARD / AFP)
ഗ്രേറ്റ ട്യുൻബെർഗ് (ഫയൽ ചിത്രം)

ഗ്രേറ്റ ട്യുൻബെര്‍ഗ് ആദ്യം ഷെയര്‍ ചെയ്ത ടൂള്‍കിറ്റില്‍ ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രതിഷേധത്തിന്റെയും ഓണ്‍ലൈന്‍, തെരുവ് പ്രതിഷേങ്ങളുടെയും വിവരങ്ങളാണ് ഉണ്ടായിരുന്നതെന്നാണു പൊലീസ് പറയുന്നത്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ടൂള്‍കിറ്റിനു പിന്നില്‍ ഇന്ത്യവിരുദ്ധ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.

ഇന്ത്യക്കെതിരായ ഗൂഢാലോചനാ നുണ പുറത്തായെന്നു കേന്ദ്രമന്ത്രി വി.കെ. സിങ്ങും ട്വീറ്റ് ചെയ്തു. വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും സിങ് ആവശ്യപ്പെട്ടു. പോപ് താരം റിയാനയ്ക്ക് കര്‍ഷകരെ പിന്തുണച്ച് ട്വീറ്റ് ചെയ്യാന്‍ പണം നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പൊലീസ് അതു സ്ഥിരീകരിച്ചിട്ടില്ല.

English Summary: What is tool kit and what Greta Thunburg plans from it?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com