ADVERTISEMENT

പള്ളിവാസൽ∙ ഇടുക്കി പള്ളിവാസലിലെ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകൾ കണ്ടെത്തി. അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകൾ കണ്ടത്. കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മൽപ്പിടുത്തത്തിനിടെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്പില്‍ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്.

രേഷ്മ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുമുള്ള അനുവിന്റെ കുറ്റസമ്മത കുറുപ്പ് രാജകുമാരിയിലെ വാടക മുറിയിൽനിന്ന് പൊലീസിനു ലഭിച്ചിരുന്നു. അരുണ്‍ ആത്മഹത്യ ചെയ്തേക്കാമെന്ന നിഗമനത്തില്‍ കഴിഞ്ഞ ദിവസം ഏഴ് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാത്രിയോടെ അരുണ്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. കൊലപാതകം നടന്ന വെള്ളിയാഴ്ച മുതല്‍ അരുണ്‍ സമീപ പ്രദേശങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എന്നും പൊലീസ് ഉറപ്പിക്കുന്നു.

കൊലപാതക ദിവസം വൈകിട്ട് രേഷ്മയും അരുണും ഒന്നിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അരുണിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയത്. ഉളി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും രേഷ്മയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ 2 മുറിവുകൾ ഉണ്ട്. ഉളി കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മരപ്പണിക്കാരനായ അരുണിന്റെ പക്കല്‍ ഉളി കണ്ടതായി നാട്ടുകാരുടെ മൊഴിയുമുണ്ട്. പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

English Summary: Wounds found in Arun's body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com