ADVERTISEMENT

വീട്ടിലെ ഇളയ അംഗം വിടവാങ്ങിയ ദുഃഖത്തിലാണ് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി കുടുംബം. ചെന്നൈ മാധവരാമിൽ താമസിക്കുന്ന ജോൺ പീറ്റർ അലക്സിന്റെ കുടുംബത്തോടൊപ്പം 14 വർഷം ഒപ്പമുണ്ടായിരുന്ന വളർത്തുനായ ‘ക്യൂട്ടി’ ആണ് മരണത്തിന് കീഴടങ്ങിയത്. സാധാരണഗതിയിൽ നൽകുന്ന എല്ലാ മരണാന്തര ചടങ്ങുകളും നടത്തിയശേഷമാണ് വളർത്തുനായയേയും ജോണും കുടുംബവും യാത്രയാക്കിയത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു ക്യൂട്ടിയുടെ മരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ക്യൂട്ടിയെ ജോണും കുടുംബവും കണ്ടത്. അതിനാൽ തന്നെ പ്രിയ കുടുംബാംഗത്തിനെന്നപോലെ എല്ലാ മരണാന്തര ചടങ്ങുകളും നൽകി മാത്രമെ ക്യൂട്ടിയെ യാത്രയാക്കൂ എന്നവർ ഒരുമിച്ചു തീരുമാനിച്ചു. പ്രവാസിയായ ജോൺ ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഇളയമകൻ സെസിലും അവിടെത്തന്നെ. സെസിൽ കഴിഞ്ഞ ദിവസം അവധിക്കു നാട്ടിൽ എത്തിയിരുന്നു.

ക്യൂട്ടി
ക്യൂട്ടി

തിങ്കളാഴ്ച, സെസിൽ ചാലക്കുടിയിലെ ഭാര്യവീട്ടിൽ എത്തിയപ്പോഴാണ് ക്യൂട്ടിയുടെ മരണവിവരം അറിഞ്ഞത്. അപ്പോൾ തന്നെ സെസിൽ, മൊബൈൽ മോർച്ചറിയിൽ ക്യൂട്ടിയുടെ മൃതദേഹം സൂക്ഷിക്കണമെന്ന് അമ്മ ജൂലിയറ്റിനോട് പറഞ്ഞു. താൻ എത്തിയതിനു ശേഷമേ സംസ്കാരം നടത്താവൂ എന്നും. തിങ്കളാഴ്ച വൈകിട്ട് ചാലക്കുടിയിൽനിന്ന് പുറപ്പെട്ട സെസിലും ഭാര്യ ജെനറ്റും 14 മണിക്കൂറോളം കാറിൽ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ വീട്ടിലെത്തി.

വളർത്തുനായയോടുള്ള കുടുംബത്തിന്റെ അടുപ്പം തിരിച്ചറിഞ്ഞ അയൽവാസികൾ തന്നെ സമീപത്തുള്ള പൊതുശമ്ശാനത്തിൽ ക്യൂട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് അനുവാദം വാങ്ങി നൽകി. വീട്ടിലെ മരണാന്തര പ്രാർഥനയ്ക്കു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്യൂട്ടിയുടെ മൃതദേഹം ശമ്ശാനത്തിൽ സംസ്കരിച്ചു.

cutie-dog-death-2
ജോണും കുടുംബവും മൂന്നാറിൽ വിനോദസഞ്ചാരത്തിന് പോയപ്പോൾ ക്യൂട്ടിയും ഒപ്പം

എറണാകുളം ഇടക്കൊച്ചി സ്വദേശിയായിരുന്ന ജോണിന്റെ പിതാവ്, ജോലിസംബന്ധമായാണ് ചെന്നൈയിലെത്തുന്നത്. പിന്നീട് കുടുംബം അവിടെ സ്ഥിരതാമസമാക്കി. ജോണിന്റെ സഹോദരന്മാരും ചെന്നൈയിൽ തന്നെ. 2007 ഏപ്രിൽ എട്ടിനാണ് ജോൺ, മൂത്തമകൻ ഏണസ്റ്റിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഒരു മാസം പ്രായമുണ്ടായിരുന്ന, പോമറേനിയൻ–ലാബ് ക്രോസ് വിഭാഗത്തിൽപ്പെട്ട നായ ക്യൂട്ടിയെ വാങ്ങിക്കുന്നത്.

അന്ന് പതിനൊന്നാം ക്ലാസിൽ പഠിച്ചിരുന്ന സെസിലാണ് ക്യൂട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിവന്നത്. ഒരു വർഷം മുൻപു സെസിൽ ഖത്തറിലേക്കു പോയപ്പോൾ ക്യൂട്ടിയുടെ പൂർണ ചുമതല അമ്മ ജൂലിയറ്റിനായി. ക്യൂട്ടിക്കായി പ്രത്യേക കൂട് ഒരുക്കാൻ ഒന്നും ആ കുടുംബം തയാറായിരുന്നില്ല. വീട്ടുകാർക്കൊപ്പം വീടിനുള്ളിൽ തന്നെ ക്യൂട്ടിയും കഴിഞ്ഞു. കുടുംബം സഞ്ചരിക്കുന്നയിടങ്ങളിലേക്ക് ക്യൂട്ടിയെയും ഒപ്പം കൂട്ടി. മൂന്നാറിൽ വിനോദസഞ്ചാരത്തിനു പോയപ്പോഴും വേളാങ്കണ്ണി തീർഥാടനം പോയപ്പോഴും സെസിലിന്റെ വിവാഹനിശ്ചയത്തിന് ചാലക്കുടിയിൽ എത്തിയപ്പോഴും ക്യൂട്ടിയും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു.

cutie-dog-death-1
സെസിലിന്റെ വിവാഹച്ചടങ്ങിൽ ക്യൂട്ടി (ഇടത്), സെസിലിനും അമ്മ ജൂലിയറ്റിനും ഒപ്പം ക്യൂട്ടി (വലത്)

എല്ലാ വർഷവും ഏപ്രിൽ എട്ടിന് ക്യൂട്ടിയുടെ ജന്മദിനം, കേക്കു മുറിച്ചാണ് കുടുംബം ആഘോഷിച്ചു വന്നത്. കുടുംബത്തിന്റെ ‘ഭാഗ്യദേവത’ ആയിരുന്നു ക്യൂട്ടിയെന്നും സെസിൽ പറഞ്ഞു. അവൾ കടന്നുവന്നശേഷമാണ് കുടുംബത്തിൽ എല്ലാ ഭാഗ്യവും വന്നതെന്നും സെസിൽ വിശ്വസിക്കുന്നു. അവൾ സൃഷ്ടിച്ച ശൂന്യത വലുതമാണ്. പുതിയ വളർത്തുനായയെ വാങ്ങിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അങ്ങനെ ഒന്നു വന്നാൽ തന്നെ അതു ക്യൂട്ടിക്ക് പകരമാവില്ലെന്നും സെസിൽ.

English Summary: Funeral of a Pet Dog by a Malayali Family in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com