ADVERTISEMENT

കൊച്ചി ∙ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണം നേരിടുന്ന കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. വിദേശ നാണയ വിനിമയ നിയമം (ഫെമ) ലംഘിച്ചതായാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ചട്ടലംഘനത്തിനു കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഏതെല്ലാം വകുപ്പുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിച്ചിട്ടില്ല.

കിഫ്‌ബിയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് ധനമന്ത്രി ആരോപിച്ച സിഎജി റിപ്പോർട്ടിന്റെ ചുവടു പിടിച്ചാണ് ഇഡി നടപടി എന്നതും ശ്രദ്ധേയമാണ്. കിഫ്‌ബിയിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കും നീളുമോ എന്നതാണ് ചോദ്യം. കിഫ്ബി മരണക്കെണിയാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബിജെപിയുടെ തിര‍ഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച് ദിവസങ്ങള്‍ക്കകമാണ് ഇഡി കേസ്.  

കിഫ്ബി സിഇഒ, ഡപ്യൂട്ടി സിഇഒ, സാമ്പത്തിക പങ്കാളിത്തമുള്ള ആക്സിസ് ബാങ്ക് ഹോൾസെയിൽ വിഭാഗം മേധാവി എന്നിവരെ ഇഡി അടുത്തയാഴ്ച ചോദ്യം ചെയ്യും. കൊച്ചി ഓഫിസിൽ ഹാജരാകാൻ 3 പേർക്കും നോട്ടിസ് നൽകി. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കിഫ്ബി വൈസ് ചെയർമാൻ കൂടിയായ സംസ്ഥാന ധനമന്ത്രിയുടെ മൊഴി രേഖപ്പെടുത്തും.

കിഫ്ബിയുടെ ‘മസാല ബോണ്ട്’ നിക്ഷേപ സമാഹരണം വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായുള്ള ആരോപണത്തിനു തുടക്കമിട്ടത് സിഎജി റിപ്പോർട്ടിലാണ്. റിപ്പോർട്ട് ലഭിച്ചതിനുശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി ഇഡി 2020 നവംബർ 20നു റിസർവ് ബാങ്കിനു കത്ത് നൽകിയിരുന്നു. ‘മസാല ബോണ്ട്’ വഴി വിദേശനിക്ഷേപം സ്വീകരിക്കാൻ ശ്രമം തുടങ്ങിയ 2019 മാർച്ച് മുതൽ കിഫ്ബിയുടെ നീക്കങ്ങൾ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണു അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.

English Summary: ED serves notices on KIIFB CEO and others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com