ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകളെ ചൊല്ലിയുള്ള പിടിവാശി സിപിഐ ഉപേക്ഷിക്കുന്നു. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി മതിയെന്ന് സിപിഐ സിപിഎമ്മിനെ അറിയിച്ചു. കേരള കോണ്‍ഗ്രസുമായി സിപിഎം ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് സിപിഐ നിലപാട് അറിയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ആലോചനകള്‍ക്കായി സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

2016 ല്‍ 27 സീറ്റില്‍ മല്‍സരിച്ച സിപിഐ മലബാറിലെ രണ്ടു സീറ്റുകള്‍ ഉപേക്ഷിക്കാനും രണ്ടെണ്ണം വച്ചുമാറാനും തയാറാണെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസിന് വേണ്ടി കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും വിട്ടുനല്‍കാമെന്നും പകരം ചങ്ങാനാശേരിയും പേരാവൂരും വേണമെന്നുമായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ ഇടതുമുന്നണിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമായതോടെ സിപിഐ വിട്ടുവീഴ്ചയ്ക്ക് തയാറാവുകയാണ്. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി എന്നതില്‍ മാത്രമാണ് സിപിഐക്ക് നിര്‍ബന്ധമുള്ളത്. ഇരിക്കൂറിന് പകരം കണ്ണൂരില്‍ വേറെ സീറ്റ് വേണ്ടെന്നും സിപിഐ സിപിഎമ്മിനോട് വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥിരം തോല്‍ക്കുന്ന ഒരു സീറ്റ് ഉപേക്ഷിച്ച് സമാനമായ മറ്റൊരു സീറ്റ് എന്തിനെന്ന ചോദ്യമാണ് സിപിഐ ഉയര്‍ത്തുന്നത്. ഇതോടെ മൂന്ന് സീറ്റുകള്‍ ഉപേക്ഷിച്ച് 24 സീറ്റുകളില്‍ സിപിഐ മല്‍സരിക്കും. ഓരോ ജില്ലകളിലേയും സിപിഐ സ്ഥാനാർഥികളുടെ പട്ടിക തയാറാക്കാന്‍ ജില്ല എക്സിക്യൂട്ടീവുകള്‍ക്ക് സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശം നൽകി. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാട് പരിഗണിച്ച് പട്ടിക തയാറാക്കിയാല്‍ മതിയെന്നാണ് ജില്ല ഘടകങ്ങളോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ജില്ലാ ഘടകങ്ങള്‍ തയാറാക്കി നല്‍കുന്ന പട്ടിക സംസ്ഥാന എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്ത് സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കും.

സമാന്തരമായി കേരള കോണ്‍ഗ്രസ് എമ്മുമായുള്ള സീറ്റ് വിഭജനചർച്ച സിപിഎം ഇന്ന് പൂര്‍ത്തിയാക്കും. 15 സീറ്റുകള്‍ ജോസ് കെ. മാണി ആവശ്യപ്പെടുന്നുണ്ടെങ്കിലും 10 സീറ്റുകള്‍ നല്‍കാമെന്നാണ് സിപിഎം നിലപാട്. പരമാവധി 12 സീറ്റ് നേടിയെടുക്കാനാണ് ജോസ് കെ. മാണി ശ്രമിക്കുന്നത്.

English Sumamry: Kerala Assembly Elections 2021 - CPI - CPM - Kerala Congress Seat Sharing Discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com