ADVERTISEMENT

അതിർത്തി സംഘർഷത്തിന് അൽപം അയവു വന്നെങ്കിലും അണിയറയിൽ ഇന്ത്യയ്ക്കെതിരെ വൻ തന്ത്രങ്ങൾ ചൈന ആസൂത്രണം ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ബോംബുകൾക്കും മിസൈലുകൾക്കും പകരം ഇന്ത്യയ്ക്കെതിരെ ജലം ഉപയോഗിക്കാനാണ് ചൈനയുടെ നീക്കം. നിയന്ത്രണ രേഖയിൽ കൂറ്റൻ ഡാം നിർമിച്ച് വെള്ളം കെട്ടിനിർത്തി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വരൾച്ചയുണ്ടാക്കാനും പെട്ടെന്നു തുറന്നുവിട്ട് പ്രളയമുണ്ടാക്കാനുമുള്ള ഗൂഢനീക്കമാണ് ചൈന നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിനു പിന്നിൽ ചൈനയുടെ അട്ടിമറി സാധ്യത ഇനിയും തള്ളിക്കളഞ്ഞിട്ടില്ല. മഞ്ഞുതടാകം പൊട്ടിച്ചുവിടാനുള്ള സ്ഫോടനം നടത്തിയതാണോ എന്ന് ഡിആർഡിഒയുടെ, ചണ്ഡിഗഡ് ആസ്ഥാനമായ സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റ് (എസ്എഎസ്ഇ) പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് നിയന്ത്രണ രേഖയോടു ചേർന്ന് ചൈന കൂറ്റൻ ഡാം നിർമിക്കാൻ ആരംഭിച്ചത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ചൈനയോടു ചേർന്നുള്ള ചെറുരാജ്യങ്ങളിൽ പരീക്ഷിച്ച തന്ത്രം ഇന്ത്യയ്ക്കുമേലും പ്രയോഗിക്കുകയാണ് ചൈന.

ഡാം; ചൈനയുടെ നൂതന ആയുധം

മെകോങ് നദിയിൽ 11 വൻ ഡാമുകൾ ചൈന നിർമിച്ചു. ലോകത്തിലെ ഏറ്റവും നീളമേറിയതും പ്രധാനപ്പെട്ടതുമായ ജലഗതാഗത മാർഗമാണ് ഈ നദി. മ്യാൻമർ, ലവോസ്, തായ്‌ലൻഡ്, കംബോഡിയ എന്നീ രാജ്യങ്ങളിലൂടെയും ഈ നദി ഒഴുകുന്നു. തെക്ക്–കിഴക്കൻ ഏഷ്യയിലെ 60 ദശലക്ഷം ആളുകളുടെ ഉപജീവനം ഈ നദിയെ ആശ്രയിച്ചാണ്. ചൈന ഡാം നിർമിച്ചതോടെ ഈ രാജ്യങ്ങളിലെ പുഴകളിലെ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറയാനും കൂടാനും തുടങ്ങി.

In this picture taken on September 18, 2019, a woman cleans utensils on the banks of Brahmaputra river at Majuli island in the northeastern Indian state of Assam. - Once a vast river island in the heart of the Brahmpatura, now Majuli's days are numbered: Experts warn it may disappear entirely by 2040 as ever more violent flooding swells the river, wreaking havoc on the lives of those that live along its banks. (Photo by DIPTENDU DUTTA / AFP) / TO GO WITH Asia-environment-river-India-flood, FEATURE by Abhaya SRIVASTAVA
ബ്രഹ്മപുത്ര നദി

യുനാൻ പ്രവിശ്യയ്ക്കു സമീപമുള്ള ജിംഗോങ് നഗരത്തിലെ ഡാമിന്റെ ശേഷിയും പ്രവർത്തനവും വിലയിരുത്താൻ, വെള്ളം ഒഴുക്കിവിടുന്നത് ചൈന കുറച്ചുകൊണ്ടുവന്നു. വെള്ളത്തിന്റെ ഒഴുക്കു കുറയ്ക്കുമെന്ന് ഒരാഴ്ച മുൻപ് മാത്രമാണ് ചൈന അയൽരാജ്യങ്ങൾക്ക് അറിയിപ്പു നൽകിയത്. അതിനാൽ കുറഞ്ഞ സമയം കൊണ്ട് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ ഈ രാജ്യങ്ങൾക്കായില്ല. ജലപാതകളിൽ വെള്ളം കുറഞ്ഞതോടെ പല രാജ്യങ്ങളിലേയും ജലഗതാഗതവും ചരക്കു നീക്കവും നിലച്ചു. വാഷിങ്ടനിൽ പ്രവർത്തിക്കുന്ന സ്റ്റിംസൺ സെന്ററാണ് ഉപഗ്രഹമുപയോഗിച്ച് മെകോങ് ഡാമിലെ ജലനിരപ്പിലെ വ്യതിയാനം കണ്ടെത്തിയത്. ഇതിനു ശേഷമാണ് ചൈന അയൽരാജ്യങ്ങൾക്കു നിർദേശം നൽകാൻ തയാറായത്.

അയൽ രാജ്യങ്ങളെ സമ്മർദത്തിലാക്കി മറ്റു ലക്ഷ്യങ്ങൾ സാധിക്കുകയാണ് ഡാം നിർമാണത്തിനു പിന്നിലെ ചൈനയുടെ ഗൂഢലക്ഷ്യമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 2016 ന് ശേഷം അതിർത്തികളിൽ ചൈന ചെറുതും വലുതുമായ 87000 ഡാമുകൾ നിർമിച്ചു. പലയിടത്തായി ഡാമുകൾ നിർമിച്ച് പരമാവധി ജലം സംഭരിക്കുകയാണ് ലക്ഷ്യം. വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത് ജനജീവിതത്തെ മാത്രമല്ല, പാരിസ്ഥിതിക സന്തുലിതാവസ്ഥയേയും തകിടം മറിക്കും. ജലജീവികൾ ചത്തൊടുങ്ങുകയും സസ്യജാലങ്ങൾ നശിക്കുകയും ചെയ്യും. കഴിഞ്ഞവർഷം മെകോങ് നദിയിലെ വെള്ളം വറ്റിയിരുന്നു. മഴ കുറഞ്ഞതാണ് ഇതിനു കാരണമെന്നാണ് ചൈനയുടെ വാദം. നദി വറ്റിയതോടെ വരൾച്ച ബാധിച്ചത് തായ്‌ലൻഡിലായിരുന്നു. 40 വർഷത്തിനുശേഷമായിരുന്നു ഇത്രയും രൂക്ഷമായ വരൾച്ചയുണ്ടായത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചൈന ഡാമുകളിൽ വൻതോതിൽ വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നത് 2019 ഏപ്രിലിൽ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാണ്. വിയറ്റ്നാം, കംബോഡിയ, ലവോസ് എന്നിവിടങ്ങളിൽ വരൾച്ച വർധിച്ചുവരികയാണ്.

‘വാട്ടർ ടവർ ഓഫ് ഏഷ്യ’ കീഴടക്കാൻ ചൈന

ടിബറ്റിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കി അയൽ രാജ്യങ്ങൾക്കുമേൽ ഭീഷണി ഉയർത്താനാണ് ചൈനയുടെ നീക്കം. ‘വാട്ടർ ടവർ ഓഫ് ഏഷ്യ’ എന്നറിയപ്പെടുന്ന ടിബറ്റിൽ നിന്നാണ് ഏഷ്യയിലെ പ്രധാനപ്പെട്ട 10 നദികൾ ഉദ്ഭവിക്കുന്നത്.സത്‌ലജ്, ബ്രഹ്മപുത്ര, ഇരാവതി, സൽവീൻ, മഞ്ഞനദി, യാങ്സെ, മെകോങ് എന്നിവയാണ് പ്രധാന നദികൾ. ഇന്ത്യ, ചൈന, ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ, പാക്കിസ്ഥാൻ, വിയറ്റ്നാം, തായ്‌ലൻഡ്, ബർമ, കംബോഡിയ, ലവോസ് എന്നീ രാജ്യങ്ങളിലൂടെയാണ് ഈ നദികളിൽ പലതും ഒഴുകുന്നത്. ടിബറ്റ് പൂർണമായും നിയന്ത്രണത്തിലാകുന്നതോടെ ഈ നദികളുടെയും നിയന്ത്രണം ചൈനയ്ക്കാകും. ഭാവിയിൽ‍ അയൽരാജ്യങ്ങൾക്ക് ജലത്തിന് ചൈനയെ ആശ്രയിക്കേണ്ട സ്ഥിതിയാകും.

നദിയിലെ ജലത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങൾ (ഹൈഡ്രോളജിക്കൽ ഡാറ്റ) കൈമാറുന്നത് ചൈന നിർത്തിവച്ചു. 2017 ൽ ദോക്‌ലാം സംഘർഷമുണ്ടായ ശേഷം ബ്രഹ്മപുത്ര, സത്‌ലജ് എന്നീ നദികളിലെ ഹൈഡ്രോളജിക്കൽ വിവരങ്ങൾ കൈമാറാൻ ചൈന തയാറായില്ല. ടിബറ്റിലും ചൈന ഡാം നിർമാണം ആരംഭിച്ചു. ബ്രഹ്മപുത്ര നദിക്കു കുറുകെ 4 ഡാമുകൾ നിർമിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപത്തായി മറ്റൊരു കൂറ്റൻ ഡാം കൂടി പണിയാനുള്ള നീക്കം ചൈന ആരംഭിച്ചു. ലോകത്തിൽ ഏറ്റവും അധികം ജലവൈദ്യുതി ഉൽപാദിപ്പിക്കുന്ന ചൈനയിലെ ത്രീ ഗോർജസ് ഡാമിന്റെ മൂന്നിരട്ടി ശേഷിയുള്ളതാണ് പുതിയ ഡാം എന്ന് ചൈനയുടെ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ ഡാം നിർമാണം പൂർത്തിയാകുന്നതോടെ വടക്കു കിഴക്കൻ ഇന്ത്യയിലേയും ബംഗ്ലദേശിലേയും ജലവിതരണം താറുമാറാകും. വരൾച്ചയും വെള്ളപ്പൊക്കവും ഭീഷണിയാകും.

This photo taken on July 19, 2020 shows water being released from the Three Gorges Dam, a gigantic hydropower project on the Yangtze river, to relieve flood pressure in Yichang, central China's Hubei province. - Rising waters across central and eastern China have left over 140 people dead or missing, and floods have affected almost 24 million since the start of July, according to the ministry of emergency management. (Photo by STR / AFP) / China OUT
This photo taken on July 19, 2020 shows water being released from the Three Gorges Dam, a gigantic hydropower project on the Yangtze river, to relieve flood pressure in Yichang, central China's Hubei province. - Rising waters across central and eastern China have left over 140 people dead or missing, and floods have affected almost 24 million since the start of July, according to the ministry of emergency management. (Photo by STR / AFP) / China OUT

ഇന്ത്യയുടെ വെള്ളംകുടി മുട്ടിക്കും

ജലം കൊണ്ട് ഇന്ത്യക്കെതിരെ യുദ്ധസന്നാഹമൊരുക്കുകയാണ് ചൈന. യർലുങ് സങ്ബോ ഡാം നിർമിക്കുന്നത് ഇന്ത്യയും ചൈനയും തമ്മിലുള്ള ജലവിതരണ കരാറുകളുടെ ലംഘനമാണ്. ഇന്ത്യയും ചൈനയുമായി സൗഹൃദബന്ധം പുലർത്തുന്ന രാജ്യമാണ് ഭൂട്ടാൻ. ഡാം നിർമിക്കുന്നതിനെതിരെ ഭൂട്ടാനും പ്രതിഷേധം അറിയിച്ചു. ബ്രഹ്മപുത്ര നദി ഒഴുകുന്ന അരുണാചൽ പ്രദേശിന്റെ തീരങ്ങൾ തെക്കൻ ടിബറ്റിന്റെ ഭാഗങ്ങളാണ് എന്നാണ് ചൈനയുടെ വാദം. ലഡാക്കിൽ സംഘട്ടനം ഉണ്ടായ ശേഷം 1,126 കിലോമീറ്റർ ദൂരം അതിർത്തിയിൽ ഇന്ത്യ കൂടുതൽ ഔട്ട്പോസ്റ്റുകൾ നിർമിച്ചു. അരുണാചൽ പ്രദേശിലെ 6 സ്ഥലങ്ങൾക്കുമേൽ ചൈന അവകാശമുന്നയിക്കുകയും അവയ്ക്കു പുനർനാമകരണം നടത്തുകയും ചെയ്തു. ഇതിനിടെയാണ് കൂറ്റൻ ഡാം നിർമാണം. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിലെ കുടിവെള്ളവും ജലസേചനവും വൈകാതെ ചൈനയുടെ നിയന്ത്രണത്തിലാകുമെന്ന് അയൽ രാജ്യങ്ങൾ ആശങ്കപ്പെടുന്നു.

Content Highlights: Water wars: How China weaponises rivers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com