ADVERTISEMENT

മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമ മരണത്തിനു മുമ്പ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത് പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ഒരു പോലെ പ്രതിരോധത്തിലാക്കുന്ന കത്തിൽ പൊലീസ് പീഡിപ്പിച്ചെന്ന് കാർ ഉടമ ആരോപിക്കുന്നു. താനെ സ്വദേശിയായ സ്പെയർ പാർട്സ് വ്യാപാരി മൻസുക് ഹിരണിനെയാണ് (45) കഴിഞ്ഞ ദിവസം കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

എന്നാൽ, കാറിന്റെ യഥാർഥ ഉടമ‍ മൻസുക് അല്ലെന്നും ഇന്റീരിയർ ജോലികൾക്കായി ഉടമ അദ്ദേഹത്തെ ഏൽപിച്ചതാണെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വെളിപ്പെടുത്തിയതോടെയാണ് കേസിൽ ദുരൂഹതയേറിയത്. ഇതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മൻസുക് അയച്ച കത്ത് പുറത്തു വന്നതോടെ സർക്കാർ പ്രതിരോധത്തിലായി. ദേശീയ അന്വേഷണ ഏജൻസിയ്ക്കും മാധ്യമങ്ങൾക്കും എതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ മൻസുക് ഉന്നയിച്ചിരിക്കുന്നത്.

അന്വേഷണ ഏജൻസികൾ ആറുതവണയാണ് എന്നെ ചോദ്യം ചെയ്തത്. കാർ മോഷ്ടിക്കപ്പെട്ടതാണെന്ന് പല തവണ വ്യക്തമാക്കിയതാണ്. കേസിൽ ഇരയായ തന്നെ ആരോപണ വിധേയനായിട്ടാണ് പൊലീസും മാധ്യമങ്ങളും പരിഗണിച്ചത്. മാധ്യമങ്ങൾ എന്നെ വിടാതെ പിന്തുടരുന്നു. ടിവി ചാനലുകളിൽ നിന്നുള്ള ഇടതടവില്ലാത്ത ഫോൺ വിളികളിൽ മനം മടുത്തിരിക്കുന്നു. പല തവണ പൊലീസ് പീഡനത്തിനെതിരെ പരാതി നൽകിയിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

ഇയാളുടെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. മാർച്ച് രണ്ടാം തീയതിയാണ് പൊലീസ് പീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, മുംബൈ പൊലീസ് കമ്മിഷണർ എന്നിവർക്കു മൻസുക് കത്തയച്ചത്.  

കഴിഞ്ഞമാസം  25നു രാത്രിയാണ് 20 ജലറ്റിൻ സ്റ്റിക്കുകളും അംബാനിക്കെതിരെ ഭീഷണിക്കത്തും സഹിതം കാർ  കണ്ടെത്തിയത്. തുടർന്ന്, മോഷണം പോയ തന്റെ കാറാണിതെന്ന് അറിയിച്ച് മൻസുക് രംഗത്തെത്തി. കാർ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി.

പ്രധാന സാക്ഷിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം എൻഐഎയ്ക്കു കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടതോടെ സംഭവം ചൂടുപിടിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസുമായുള്ള മൻസുകിന്റെ ബന്ധം സംശയകരമാണെന്നും ഫഡ്നാവിസ് ആരോപിച്ചിരുന്നു. റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതു വാസെയാണ്. 

എന്നാൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ ആരോപണം മുംബൈ പൊലീസ് തള്ളി. സച്ചിൻ വാസ് അല്ല സംഭവ സ്ഥലത്ത് ആദ്യം എത്തിയതെന്നു പൊലീസ് വിശദീകരിക്കുന്നു. മൻസുക് ഹിരണുമായി അടുത്ത ബന്ധം ഉണ്ടെന്ന ആരോപണം വാസ് പൂർണമായും തള്ളാത്തത് പൊലീസിനെയും സർക്കാരിനെയും ഒരു പോലെ പ്രതിരോധത്തിലാക്കി. മൻസുകിനെ ഒാർക്കുന്നില്ലെന്നും നേരിട്ട് കണ്ട് സംസാരിച്ചുണ്ടാകാമെന്നും ഉറപ്പില്ലെന്നുമായിരുന്നു വാസിന്റെ പ്രതികരണം. 

English Summary: Ambani SUV case: Bizman wrote of police harassment to Maharashtra CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com