ADVERTISEMENT

രു വർഷത്തോളമായി കോവിഡ് എന്ന പേര് ലോകമാധ്യമങ്ങളിൽ തലക്കെട്ടിട്ടു തുടങ്ങിയിട്ട്. ലോകം മുഴുവൻ ഗ്രസിച്ച ആശങ്കയകറ്റി, വാക്സീൻ കരുത്തിൽ അടച്ചിട്ട വാതായനങ്ങൾ തുറന്ന് ആഗോളജനത സജീവമായിത്തുടങ്ങിട്ട് കുറച്ച് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു. കണക്കിലെ ഏറ്റക്കുറച്ചിലുകൾ ഭീതിയും ആശ്വാസവും ജനിപ്പിച്ച നാളുകളാണ് കടന്നു പോയത്. രോഗബാധിതരുടെ കണക്കിലെ ലക്ഷവും കോടിയുമൊക്കെ നെഞ്ചിടിപ്പേറ്റിയപ്പോഴും ഇതിലൊന്നും പെടാതെ കണക്കിൽ ഒളിച്ചുകളി നടത്തിയ ചില രാജ്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. 

ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്കുകളാണ് കോവിഡിന്റെ ഔദ്യോഗിക കണക്കായി രേഖപ്പെടുത്തുക. ഓരോ രാജ്യങ്ങളും സമർപ്പിക്കുന്ന രോഗബാധിതരുടെയും രോഗമുക്തരുടെയും കണക്കുകൾ മരണനിരക്ക് എന്നിവയാണ് ലോകാരോഗ്യ സംഘടന പുറത്തുവിടുന്നതും. ലോകാരോഗ്യ സംഘടനയുടെ ഈ കണക്കുകളിൽ ഇടം പിടിക്കാത്ത മൂന്നു രാജ്യങ്ങളുണ്ട്– കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ, മധ്യ ഏഷ്യൻ രാജ്യമായ തുർക്മെനിസ്ഥാൻ, ഉത്തര കൊറിയ എന്നിവയാണത്.

കോവിഡ് ഇല്ലേ, അതോ കോവിഡ് കണക്കോ!

ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ ‘ഡബ്ല്യുഎച്ച്ഒ കോവിഡ് ഡാഷ്ബോർഡിൽ’ കോവിഡ് ബാധിച്ച എല്ലാ രാജ്യങ്ങളുടെയും ഇതുവരെയുള്ള കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എത്ര പേർ‌ക്ക് രോഗം ബാധിച്ചു, 24 മണിക്കൂറിനിടെ എത്ര പേർ രോഗബാധിതരായി, എത്ര പേർ രോഗം ബാധിച്ച് മരിച്ചു എന്നിവയെല്ലാം കാണാം.

ഓരോ രാജ്യങ്ങളുടെയും ആരോഗ്യ മന്ത്രാലയം കൊടുക്കുന്ന ഔദ്യോഗിക കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത് അപ്ഡേറ്റ് ചെയ്യുന്നത്.‍ എന്നാൽ ഇതിൽ തിരഞ്ഞാൽ തുർക്മെനിസ്ഥാൻ , ഉത്തര കൊറിയ എന്നിവയുടെ ഇതുവരെയുള്ള ഒരു കണക്കുകളും ലഭിക്കില്ല. റിപ്പബ്ലിക് ഓഫ് ടാൻസാനിയയുടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളാകട്ടെ 509 ആണ്, മരണം 21 ഉം. 2020 മേയ് മാസത്തിനു ശേഷം ഈ ഡേറ്റ അപ്ഡേറ്റ് ചെയ്തിട്ടുമില്ല. 

‘‘ഇതുവരെ ഒരു കേസുകൾ പോലും തുർക്‌മെനിസ്ഥാൻ‌ റിപ്പോർട്ട് ചെയ്തിട്ടില്ല’’ – ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതിങ്ങനെ. എന്നാൽ തുർക്‌മെനിസ്ഥാനിൽ രോഗം അതിവേഗം വ്യാപിക്കുകയാണെന്നാണ് മനുഷ്യാവകാശ സംഘടനകൾ അവകാശപ്പെടുന്നത്. 

കോവിഡ് ബാധിച്ചിട്ടേയില്ല എന്ന് ആവർത്തിച്ചു പറഞ്ഞ് കോവിഡിന്റെ ആദ്യവ്യാപനകാലത്തു തന്നെ വാർത്തകളിൽ ഇടം നേടിയ ഉത്തര കൊറിയയാകട്ടെ ഇതുവരെ ഒരു കേസു പോലും രാജ്യത്ത് ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴും വാദിക്കുന്നത്. എന്നാൽ ഈ വാദഗതികൾ സംശയക്കണ്ണോടെ അല്ലാതെ നോക്കാൻ വിദഗ്ധർക്ക് കഴിയുന്നുമില്ല. കോവിഡിന്റെ ഉറവിടമെന്ന് കരുതുന്ന ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യത്തിന്റെ 26 ദശലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ ഒരു ഭാഗം മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് എന്നതാണ് ഈ സംശയത്തിനു പിന്നിലെ പ്രധാന കാരണം. 

ഡബ്ല്യുഎച്ച്ഒ കോവിഡ് ഡാഷ്ബോർഡ് പരിശോധിച്ചാൽ ‘സീറോ’ കേസുകൾ റിപ്പോർട്ട് ചെയ്ത ഒരു കൂട്ടം രാജ്യങ്ങളെ കാണാം. അതുകൊണ്ടു തന്നെ ഡാഷ്ബോർഡിൽ ഒരു കേസുകളും റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളും ഇതുവരെ വിവരങ്ങൾ കൈമാറാത്ത രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാകില്ല. അതിനാൽ  ഈ രാജ്യങ്ങൾ മാത്രം എങ്ങനെ വേർപെട്ടു നിൽക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ ഒരു കേസു പോലും റിപ്പോർ‌ട്ട് ചെയ്യാത്ത മറ്റു ചെറു രാജ്യങ്ങളായ ഹെലേന, കിറിബാറ്റി, ടുവാലു എന്നിവ തുർക്മെനിസ്ഥാനും ഉത്തര കൊറിയയും പോലെയല്ല, ഒറ്റപ്പെട്ട ചില തുരുത്തുകൾ‌ മാത്രമാണ്. 

‘പ്രാർഥിച്ച് കൊറോണയെ അകറ്റാൻ’ ടാൻസാനിയ

വൈറസിനെ പ്രാധാന്യം കുറച്ചു കാണുകയാണ് ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫുലി ആദ്യംതന്നെ ചെയ്തത്. ‘പ്രാർഥനയിലൂടെ കൊറോണവൈറസിനെ അകറ്റാം’ എന്നാണ് അദ്ദേഹം ജനത്തോടു പറഞ്ഞത്. 58 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് വാക്സീനെ പടിക്കുപുറത്തു നിർത്തുകയാണ് അദ്ദേഹം ചെയ്ത മറ്റൊരു കാര്യം. വാക്സീൻ എടുക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും മഗുഫുലി പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം രണ്ടു മുതിർന്ന നേതാക്കളുടെ മരണം ഉണ്ടായതോടെ ടാൻസാനിയ തീരുമാനം പുനഃപരിശോധിക്കുകയാണെന്നു റിപ്പോർട്ടുകളുണ്ട്. 

TANZANIA-HEALTH-VIRUS

രാജ്യത്തെ ഏറ്റവും വലിയ നഗരമായ ദാർ എസ് സലാമിലുള്ള യുഎസ് എംബസി ജനുവരി മുതൽ രാജ്യത്ത് കേസുകൾ വർധിക്കുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു. ടാൻസാനിയയിലേക്കുള്ള യുഎസ് അംബാസിഡർ കഴിഞ്ഞ ആഴ്ച രാജ്യത്ത് നടക്കുന്ന പരിശോധനകളുടെ റിപ്പോർ‌ട്ടുകൾ സമാഹരിക്കേണ്ടത് അത്യാവശ്യമാണെന്നും വാക്സീനുകളെ കുറിച്ച് അവലോകനം ചെയ്യാൻ ടാൻസാനിയ ആരോഗ്യവിദഗ്ധരോട് ആവശ്യപ്പെടുകയും ചെയ്തു. 

ലോകത്തെ എറ്റവും ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് ടാൻസാനിയ. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത ഭരണാധികാരികളും മോശം ഭരണകൂടവുമാണ് ഇത്തരത്തിൽ ഒരു ദുരിതത്തിലേക്ക് ജനത്തെ തള്ളിവിടുന്നതെന്നാണ് ആഗോള ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാസ്ക് ധരിച്ച് ജനങ്ങൾ പുറത്തിറങ്ങുന്ന രാജ്യങ്ങളായ ബ്രസീൽ,യുഎസ് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അതിനാൽ അവ ഉപയോഗിക്കേണ്ട കാര്യമില്ലെന്നുമുളള കുപ്രചരണങ്ങളാണ് ഈ ഭരണാധികാരികൾ നടത്തുന്നതെന്നും അത് ഒഴിവാക്കാവുന്ന മരണങ്ങൾ വരെ വിളിച്ചുവരുത്തുകയാണെന്നും ഇവർ അഭിപ്രായപ്പെടുന്നു.

TANZANIA-HEALTH-VIRUS-RELIGION
ടാൻസാനിയയിലെ ഡാറി സലാമിലെ പള്ളിയിൽ എത്തുന്ന കുട്ടിയുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു.Ericky BONIPHACE / AFP

ഇതിനു പുറമേ കേവിഡിനെ പ്രതിരോധിക്കാൻ പാരമ്പര്യ മരുന്നുകൾ ഉപയോഗിക്കാൻ ആരോഗ്യമന്ത്രി ഡൊറോത്തി ഗ്വാജിമയുടെ ആഹ്വാനവുമുണ്ടായി.. കോവിഡ് ഡേറ്റകളുടെ അഭാവം ഇത്തരം രാജ്യങ്ങളിലെ കൃത്യമായ സ്ഥിതി വിലയിരുത്താൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചെന്നാണ് വിലയിരുത്തൽ. 

ഡേറ്റകൾ കൈമാറാത്തതിലെ പ്രതിസന്ധി ഡബ്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. ടാൻസാനിയയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. യുകെയിലേക്ക് യാത്ര ചെയ്ത രണ്ടു ടാൻസാനിയൻ പൗരന്മാരിൽ വൈറസിന്റെ ബി.1351 വകഭേദമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം അതിവേഗം വ്യാപിക്കുന്ന ഗണത്തിൽപ്പെടുന്നവും ആന്റിബോഡികൾ നൽകുന്ന രോഗപ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. രോഗത്തെ അവഗണിക്കുന്നത് അതിവേഗ വ്യാപനത്തിനും അതിർത്തി കടന്ന് രോഗം പടരുന്നതിനും കാരണമാകും. അതിനേക്കാളുപരി അനിയന്ത്രിതമായ പകർച്ച കോവിഡ് 19 വാക്സീനുകൾക്ക് പ്രതിരോധിക്കാൻ കഴിയാത്ത വൈറസ് വകഭേദങ്ങളുടെ വളർച്ചയ്ക്കും കാരണമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

‘മാസ്ക് വയ്ക്കുന്നത് പൊടിയെ തുരത്താൻ, കോവിഡല്ല’

ആഗോള തലത്തിൽ മനുഷ്യാവകാശ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ച്(എച്ച്ആർഡബ്ല്യു)  പ്രകാരം ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. മാസ്കും സാമൂഹിക അകലവുമൊക്കെ ഇവിടെയുണ്ട്. എന്നാൽ അതൊന്നും കോവിഡിനെ തുരത്താനല്ലെന്നു മാത്രം. വായുജന്യ രോഗങ്ങളിൽ നിന്നും പൊടിപടലങ്ങളിൽ നിന്നും സംരക്ഷണം നേടാനാണത്രേ. കാരണം തുർക്മെനിസ്ഥാന്റെ കണക്കിൽ അഥവാ അവർ പുറത്തുവിടുന്ന കണക്കിൽ ഇതുവരെ ഒരു കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 

എന്നാൽ തുർക്സ്ഥാനിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും മനുഷാവകാശത്തിനും പ്രവർത്തിക്കുന്ന സംഘടനയുടെ ഡയറക്ടർ ഡയാന സെറിബ്രിയാനക് പറയുന്നത് ജനങ്ങൾക്കിടയിൽ പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ കണ്ടെത്താൻ സർക്കാർ ശ്രമിക്കാത്തത് രാജ്യത്ത് വൻ ദുരന്തത്തിലേക്കാണ് തള്ളിവിടുന്നതെന്നാണ്. ‘കൃത്യമായ ആരോഗ്യ സംവിധാനങ്ങളോ ആരോഗ്യപ്രവർത്തകർക്ക് സ്വയരക്ഷാ ഉപകരണങ്ങളോ ഇവിടെ ഇല്ല. രോഗികൾക്ക് ആവശ്യമുള്ള ഓക്സിജനും ആശുപത്രികളിലില്ല. രോഗികൾ ആവശ്യപ്പെട്ടാൽ മാത്രമാണ് കോവിഡ് ടെസ്റ്റ് പോലും നടക്കുന്നത്. അതും ഫലങ്ങൾ എല്ലാം നെഗറ്റീവ് ആയിരുക്കും. ആന്റിബോഡി പരിശോധനകൾ നടക്കുന്നുമില്ല’– ഇതാണ് രാജ്യത്തിന്റെ ചിത്രമെന്നാണ് സെറിബ്രാനക് പറയുന്നത്. 

TURKMENISTAN-HEALTH-VIRUS
മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന ടർക്‌മെൻ സ്ത്രീകൾ.STR / AFP

ആരോഗ്യപ്രവർത്തകരെ നിശബ്ദരാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളും സർക്കാരിന്റെ അലക്ഷ്യമായ പ്രവർത്തനങ്ങളും  മഹാമാരിയെ വളർത്തുകയാണെന്നാണ് എച്ച് ആർഡബ്ല്യവിന്റെ 2021 ലെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. തുർക്മെനിസ്ഥാനിലെ യുഎസ് എംബസി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ ഭീതി ജനിപ്പിക്കുന്നതാണ്. കോവിഡ് ലക്ഷണങ്ങളുമായി എത്തുന്ന ജനത്തെ പരിശോധനയ്ക്കു വിധേയമാക്കിയശേഷം ക്വാറന്റീനിൽ താമസിപ്പിക്കുന്നത് പകർച്ച വ്യാധികൾക്ക് ചികിത്സ നൽകുന്ന ആശുപത്രികളിലാണെന്നതാണ് ഇതിലൊന്ന്.  

ആറു ദശലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യത്ത് ഒരു സ്വതന്ത്ര മാധ്യമത്തിന്റെ അഭാവം വിവരങ്ങൾ ലഭിക്കുന്നതിൽ വിലങ്ങുതടിയാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. തുർക്മെനിസ്ഥാൻ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് കഴിഞ്ഞ ജൂലൈയിൽ ഇവിടം സന്ദർശിച്ച ലോകാരോഗ്യ സംഘടന സംഘം അറിയിച്ചത്. ഈ സന്ദർശനത്തിന്റെ വിവരങ്ങൾ നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തുർക്മെൻ ഡോട്ട് ന്യൂസ് എന്ന വെബ്സൈറ്റിന് നൽകിയതിന് ഒരു 26കാരനെ നാലു വർഷത്തേക്കാണ് ജയിലിൽ അടച്ചത്. 

ഇവിടെ കോവിഡില്ല, ആവർത്തിച്ച് കിം

രാജ്യത്ത് കോവിഡ് ബാധിച്ചിട്ടില്ലെന്നു കാണിക്കാൻ സൈനിക പരേഡ് വരെ നടത്തിയ ഭരണാധികാരിയാണ് കിം ജോങ് ഉൻ. മാസ്ക് ധരിക്കാതെ കിം യോഗത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളും സൈനിക പരേഡിന്റെ ചിത്രങ്ങളും ഉത്തര കൊറിയ പുറത്തുവിട്ടിരുന്നു. 2021 ജനുവരി 8ൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 13,257 ആളുകളിൽ നടത്തിയ പരിശോധനയിൽ ഒരു പോസിറ്റീവ് കേസു പോലും കണ്ടെത്തിയില്ല. ഉത്തര കൊറിയയുടെ പൊതുജനാരോഗ്യ മന്ത്രാലയം ഡബ്ല്യുഎച്ച്ഒയ്ക്ക് നൽകിയ 15 ലാബുകളുടെ പരിശോധനാഫലം പ്രകാരമാണിത്.

north-korea-parade-kim-1
ഉന്നത അധികാരികൾക്കൊപ്പം സൈനിക പരേഡ് വീക്ഷിക്കുന്ന ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉൻ

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കാൻ തുടങ്ങിയതു മുതൽ മറ്റു രാജ്യങ്ങളെല്ലാം കോവിഡിൽ വരിഞ്ഞുമുറുകുന്നവയും ഉത്തര കൊറിയ അത് ഒരുതരത്തിലും ബാധിക്കാത്തതുമായ ഒന്നാണെന്നാണ് അവർ ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവർ വേർപെടുത്തി, ബെയ്ജിങ്ങുമായുള്ള വ്യാപാരബന്ധം വരെ. ഉത്തര കൊറിയയുടെ ‘സ്വയം ഒറ്റപ്പെടൽ’ രീതി അതിനെ ഒരു പരിധി വരെ സംരക്ഷിച്ചെന്നു വേണമെങ്കിൽ പറയാം. എന്നാൽ പ്രതിരോധ കുത്തിവയ്പ്പുകൾ ക്രമേണ ലോകത്തെ സാധാരണ ജീവിതത്തിലേക്ക് മടങ്ങികൊണ്ടു വരാനുളള സാധ്യത തുറന്നു നൽകുമ്പോൾ,  കാഴ്ചയിൽ നിന്ന് വിട്ടുനിൽക്കുന്ന വൈറസ് കണ്ണികൾ ലോകത്തിന് കൂടുതൽ ഭീഷണി ഉയർത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. 

English Summary : The countries making dubious claims over Covid-19 and what that means for the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com