ADVERTISEMENT

ന്യൂഡൽഹി∙ കർഷകസമരം നടക്കുന്ന സിംഘു അതിർത്തിയിൽ വെടിവയ്പ്. ഞായറാഴ്ച രാത്രിയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം അന്തരീക്ഷത്തിലേക്ക് മൂന്നു റൗണ്ട് വെടിയുതിർത്തശേഷം കടന്നുകളയുകയായിരുന്നെന്ന് കർഷകർ പറഞ്ഞു. ഹരിയാന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചാബ് റജിസ്ട്രേഷനിൽ ഉള്ള കാറാണ് ഇതെന്നും സംഘം പഞ്ചാബിൽനിന്നുള്ളവരാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീ കർഷകർ ട്രാക്ടർ റാലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടത്താനിരിക്കെയാണ് വെടിവയ്പ്പുണ്ടായത്. വനിത ദിനമായ ഇന്ന് ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്‍റെ നേതൃത്വം പൂര്‍ണമായും സ്ത്രീകള്‍ ഏറ്റെടുക്കും. സിംഘു, തിക്രി, ഗാസിപൂര്‍ സമരഭൂമികളിലെ സ്റ്റേജുകളില്‍ ഇന്നു സ്ത്രീകള്‍ മാത്രമായിരിക്കും ഉണ്ടാവുക.

കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങള്‍ സ്ത്രീകള്‍ പങ്കുവയ്ക്കും. സമരഭൂമികളിലെ ഭക്ഷണ വിതരണം, സുരക്ഷ ചുമതലകളും ഇന്ന് സ്ത്രീകള്‍ക്കായിരിക്കും. വനിത സമരക്കാര്‍ക്കൊപ്പം നൂറുകണക്കിന് വിദ്യാർഥിനികളും വനിത ആക്ടിവിസ്റ്റുകളും സമരത്തില്‍ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 25നാണ് പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിൽനിന്നുള്ള കർഷകർ സമരം ആരംഭിച്ചത്.

പ്രക്ഷോഭം 100 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിൽ സമരത്തിനു വീര്യം കൂട്ടാൻ കർഷകർ തീരുമാനിച്ചിരുന്നു. സമരത്തിനിടെ ഒരു കർഷകൻ കൂടി ഞായറാഴ്ച ആത്മഹത്യ ചെയ്തു. രാജ്ബിർ (49) എന്നയാളെയാണു ഡൽഹി ഹരിയാന അതിർത്തിയിലെ തിക്രിയിൽ നിന്ന് 7 കിലോമീറ്റർ അകലെ, മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുവരെ 249 പേർ മരിച്ചിട്ടുണ്ടെന്നാണു സംയുക്ത കിസാൻ മോർച്ചയുടെ കണക്ക്.

English Summary: Shots fired in air near farmers' protest site at Singhu border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com