ADVERTISEMENT

കണ്ണൂർ ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വർഗീയതയുടെ ആൾരൂപമാണെന്നും വർഗീയത വളർത്താൻ എന്തും ചെയ്യുമെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം ‘പടയൊരുക്കം’ പിണറായിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമിത് ഷാ കേരളത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അപമാനിക്കുന്നതിനെതിരെ കോൺഗ്രസ് ഒരക്ഷരം പറഞ്ഞില്ല. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട സംശയാസ്പദ മരണത്തെക്കുറിച്ച് അദ്ദേഹംതന്നെ വെളിപ്പെടുത്തട്ടെ, അന്വേഷിക്കാം. എന്നാൽ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കരുത്. അമിത് ഷാ നീതിബോധം പഠിപ്പിക്കാൻ വരേണ്ടതില്ല. അദ്ദേഹം ശംഖുമുഖത്ത് സംസാരിച്ചത് പദവിക്ക് നിരക്കാത്ത രീതിയിലാണ്.

വഹിക്കുന്ന സ്ഥാനം മനസ്സിലാക്കി സംസാരിച്ചാലേ ആദരം തിരിച്ചുകിട്ടൂ. ഗുജറാത്ത് കലാപകാലത്തെ അമിത് ഷായില്‍നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ശംഖുമുഖം പ്രസംഗത്തില്‍ മുസ്‍ലിം എന്ന പദം ഉപയോഗിച്ചത് വല്ലാത്ത കടുപ്പത്തിലായിരുന്നു. ആരെയെങ്കിലും തട്ടിക്കൊണ്ടുപോയതിന് താൻ ജയിലില്‍ കിടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകം, നിയമവിരുദ്ധമായ പിന്തുടരല്‍ തുടങ്ങിയ കേസുകള്‍ നേരിട്ടതാരെന്ന് ഓര്‍ക്കണം. സൊറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ആളുടെ പേര് അമിത് ഷാ എന്നാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായതും ജയിലിലായതും ആരായിരുന്നു? ജഡ്ജി ലോയയുടെ ദുരൂഹമരണത്തില്‍ ആരോപണം നേരിട്ടതാരാണ്? ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല വര്‍ത്തമാനം എങ്കില്‍ ഞങ്ങള്‍ക്കും പറയേണ്ടിവരും. നിങ്ങളുടെ സംസ്കാരം വച്ച് മറ്റുള്ളവരെ അളക്കാന്‍ പുറപ്പെടരുത്.

നയതന്ത്ര സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനി സംഘപരിവാറുകാരനല്ലേ? സ്വര്‍ണക്കടത്ത് തടയാനുള്ള പൂര്‍ണ ചുമതല കസ്റ്റംസിനല്ലേ? സ്വര്‍ണം അയച്ചയാളെയും സ്വീകരിച്ചയാളെയും എന്തുകൊണ്ട് ചോദ്യം ചെയ്തില്ല? അന്വേഷണ ഏജന്‍സിയെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചതാര്? സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സഹമന്ത്രിയുടെ പങ്ക് അറിയില്ലേ? വിരട്ടല്‍ വേണ്ട, ഇത് കേരളമാണെന്നും പിണറായി വിജയൻ പറഞ്ഞു.

Content Highlights: Pinarayi Vijayan slams Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com