ADVERTISEMENT

‌കൊച്ചി∙ നടൻ ശ്രീനിവാസൻ, വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റർ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, സംവിധായകൻ സിദ്ദിഖ് തുടങ്ങിയവർ കിഴക്കമ്പലം കേന്ദ്രീകരിച്ചു രൂപീകരിക്കപ്പെട്ട ട്വന്റി20 പാർട്ടിയിൽ. പാർട്ടിയുടെ ഉപദേശക സമിതിയിലുള്ള മൂവരും തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് അറിയിച്ചു. കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയാണ് ഏഴംഗ ഉപദേശക സമിതിയുടെ അധ്യക്ഷൻ. പി.ജെ. ജോസഫിന്റെ മരുമകൻ ജോ ജോസഫും ട്വന്റി20യിൽ ചേർന്നിട്ടുണ്ട്.

ട്വന്റി20 പാർട്ടി രൂപീകരിച്ച ഏഴംഗ അഡ്വൈസറി ബോർഡിൽ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ ചെയർമാനായി തിരഞ്ഞെടുത്തതായി പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു. 20 അംഗ കമ്മിറ്റിയായി ഇതിനെ വിപുലപ്പെടുത്തും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെയായിരിക്കും മൽസരം. അഴിമതി മുക്ത സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കമ്പലത്തു പോയത് പിണറായി പറഞ്ഞിട്ട്

തനിക്കു നടുവിനു വേദന കലശലായപ്പോൾ ഒരിക്കൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞിട്ടാണ് ആദ്യമായി കിഴക്കമ്പലത്തു പോകുന്നത്. സാബു ജേക്കബിന്റെ പിതാവ് എം.സി. ജേക്കബ് വൈദ്യർ എന്നയാളുടെ ഒരു ദിവസത്തെ ചികിത്സയിൽ മൂന്നു മാസമായി അനുഭവിച്ചു വന്ന വേദന പാടേ മാറി. ഒരു പണം പോലും വാങ്ങാതെയായിരുന്നു ചികിത്സ. വിദേശത്തുനിന്നു പോലും നിരവധിപ്പേരാണ് ചികിത്സ തേടി എത്തിയിരുന്നത്. അവരോടും പണം വാങ്ങിയതായി അറിയില്ല. തന്നെ സമീപിക്കുന്ന മുഴുവൻ ആളുകളോടും അദ്ദേഹം കാണിച്ചിരുന്ന സൗമനസ്യത്തിന്റെ ബാക്കിപത്രമാണ് ഇന്നുകാണുന്ന ട്വന്റി ട്വന്റിയെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞു.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ശ്രീനിവാസൻ തുടങ്ങിയവർ ട്വന്റി20യിൽ ചേർന്നു.
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ശ്രീനിവാസൻ തുടങ്ങിയവർ ട്വന്റി20യിൽ ചേരുന്നു.

മത്സരിക്കില്ലെന്ന് ചിറ്റിലപ്പിള്ളി

ട്വന്റി20 പാർട്ടി രൂപീകരിച്ചപ്പോൾ അത് എവിടെയെങ്കിലും കൂട്ടിക്കെട്ടുമോ എന്നായിരുന്നു താൻ ഉറ്റുനോക്കിയിരുന്നതെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പറഞ്ഞു. ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല മുന്നോട്ടാണ് എന്നു പറഞ്ഞപ്പോൾ ഈ പാർട്ടി എന്തെങ്കിലും ചലനമുണ്ടാക്കും എന്നു ഉറപ്പിക്കാനായതിനാലാണ് എഴുപതാം വയസിൽ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നു നേരത്തെ അറിയിച്ചിട്ടുണ്ട്. അത്യാവശ്യം ചെളി എറിഞ്ഞാൽ കൊള്ളാൻ തയാറായാണ് എത്തിയിരിക്കുന്നത്. പേരുവെളിപ്പെടുത്താത്തവർ കുറേപ്പേർ പാർട്ടിക്കൊപ്പമുണ്ട്. ട്വന്റി20യിലാണെന്നു പറഞ്ഞാൽ പാർട്ടിക്കാർ ഫാക്ടറി തല്ലപ്പൊളിക്കുമെന്നു പേടിയുണ്ടെന്നു പറഞ്ഞ് രഹസ്യമായി പിന്തുണയ്ക്കുന്ന ധാരാളം പേർ ഒപ്പമുണ്ട്. വിരലിൽ എണ്ണാവുന്ന സ്ഥാനാർഥികളുമായാണ് ഇപ്പോൾ മത്സരത്തിന് ഇറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർഥികൾ ഇവർ

കിഴക്കമ്പലം കടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയ പരീക്ഷണം വൻ വിജയമായതോടെ നിയമസഭാ പരീക്ഷണത്തിനിറങ്ങുന്ന ട്വന്റി20 ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ, പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ, കോതമംഗലത്ത് ഡോ. ജോസ് ജോസഫ്, മൂവാറ്റുപുഴയിൽ സി.എൻ. പ്രകാശ്, വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കൽ എന്നിവരാണ് സ്ഥാനാർഥികൾ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും തദ്ദേശീയരും സുപരിചിതരുമായ ആളുകളെയാണ് സ്ഥാനാർഥികളാക്കിയിരിക്കുന്നത് എന്നത് പ്രത്യേകതയാണ്.

English Summary: Kochouseph Chittilappilly, Actor Srinivasan, Director Siddhique joins Twenty20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com