ADVERTISEMENT

തിരുവനന്തപുരം∙ ബാങ്ക് ഡിപ്പോസിറ്റിന്റെ കണക്കുകള്‍ പരതുന്നവര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ ഫിക്‌സഡ് ഡിപ്പോസിറ്റ് തുറന്നു; ഇന്നലെ രാവിലെ കണ്ണൂര്‍ ടൗണിലെ ഒരു ബാങ്കില്‍. സാധാരണക്കാരനായ, അവശനായ ഒരു മനുഷ്യന്‍ ബാങ്കിലേക്കു കയറിവന്ന് ചോദിച്ചു: എന്റെ അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്നു പറയാമോ? 2,00,850 രൂപയുണ്ടെന്ന ഉദ്യോഗസ്ഥന്റെ മറുപടിക്കു പിന്നാലേ അടുത്ത നിര്‍ദേശമെത്തി- അതില്‍ രണ്ടു ലക്ഷം രൂപ കോവിഡ് വാക്‌സീന്‍ വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണം.

‘ആദ്യം അമ്പരപ്പായിരുന്നു, പിന്നെ ഞങ്ങളെപോലെയുള്ള ഉദ്യോഗസ്ഥരൊക്കെ ആ മനുഷ്യന്റെ മുന്നില്‍ എത്ര ചെറുതാണെന്ന് ഓര്‍ത്തുപോയി’'-ബാങ്ക് ഉദ്യോഗസ്ഥനായ സി.പി. സൗന്ദര്‍ രാജ് പറയുന്നു. ഇന്നലെയാണ് സൗന്ദര്‍രാജിന്റെ മുന്നിലേക്കു ബാങ്കില്‍ അക്കൗണ്ടുള്ള പ്രായമായ ഒരാളെത്തിയത്. പാസ് ബുക്ക് കൊടുത്തു ബാലന്‍സ് ചോദിച്ചു. അക്കൗണ്ട് ചെക്കു ചെയ്തശേഷം 2,00,850 രൂപ ഉണ്ടെന്നു മറുപടി നല്‍കി. അതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്കു കോവിഡ് വാക്‌സീന്‍ വാങ്ങുന്നതിനു സംഭാവന നല്‍കണമെന്ന മറുപടി കേട്ടപ്പോള്‍ സൗന്ദര്‍രാജ് അദ്ദേഹത്തോടു വിശദമായി സംസാരിച്ചു.

‘കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരാള്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റു ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നും മനസ്സിലായി. വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അൽപം കഴിഞ്ഞും അയച്ചാല്‍ പോരെ എന്നു ചോദിച്ചു. നിങ്ങള്‍ക്ക് പൈസ ആവശ്യമായി വന്നാലോ എന്നും ഓര്‍മിപ്പിച്ചു’-സൗന്ദര്‍രാജ് പറയുന്നു.

‘എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട്. അതിനു ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ അതു തന്നെ ധാരാളം. മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. പണം ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്’-മറുവശത്തെ മറുപടി ഇങ്ങനെ.

സൗന്ദര്‍രാജ് ബാങ്ക് മാനേജരെ വിവരമറിയിച്ചു. ആദ്യ അനുഭവമായതിനാല്‍ ബാങ്കിലെ ജീവനക്കാര്‍ വിഷയം ചര്‍ച്ച ചെയ്തു. അക്കൗണ്ടിലുള്ള പണം മുഴുവനായി കൈമാറുകയാണ്. ബന്ധുക്കളെ അറിയിക്കണോ എന്നതടക്കം ചര്‍ച്ചയായി. പ്രായമായയാള്‍ നിലപാടില്‍ ഉറച്ചുനിന്നു. എന്റെ പണം അയയ്ക്കുന്നതില്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നമെന്ന് അല്‍പം ദേഷ്യപ്പെടുകയും ചെയ്തു. അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ കാരുണ്യമുള്ള മുഖഭാവം കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു മനസിലായി. ആ പ്രവൃത്തിയുടെ മഹത്വവും മനസിലായി. നിരവധിപേര്‍ക്ക് തുണയാകാന്‍ ആ പണം കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫറായി. കേരളത്തെ കേരളമാക്കുന്ന അനുഭവങ്ങളില്‍ ഒന്നുകൂടി പിറന്നു.

English Summary: Elderly man donated Two lakh rupees to Chief Minister's Distress Relief Fund for COVID Vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com