ADVERTISEMENT

നോയിഡ∙ ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ഹൃദയഭേദകമായ നിരവധി സംഭവങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ശ്വാസം കിട്ടാതെ നിരവധിയാളുകൾ പിടഞ്ഞുവീണു മരിക്കുന്ന കാഴ്ചയാണ് ഉത്തർപ്രദേശിലെ നോയിഡയിൽ കാണാനാവുന്നത്.

നോയിഡയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിക്കാൻ അനുമതിയില്ലാതെ സമീപമുള്ള പാർക്കിങ് സ്ഥലത്ത് ഒരു കാറിനുള്ളിൽ ശ്വാസം കിട്ടാതെ കോവിഡ് ബാധിച്ച യുവതി മരണമടഞ്ഞതാണ് ഏറ്റവും പുതിയ സംഭവം. ജാഗൃതി ഗുപ്‌ത (35) എന്ന എൻജിനീയറാണ് കൃത്യമായ പരിചരണം ലഭിക്കാതെ മരണമടഞ്ഞത്. നോയിഡയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവും രണ്ട് കുട്ടികളും മധ്യപ്രദേശിലാണ് കഴിഞ്ഞിരുന്നത്.

ഓക്‌സിജൻ ലഭിക്കാൻ മൂന്ന് മണിക്കൂറാണ് കാത്തിരുന്നത്. സർക്കാർ ആശുപത്രിയായ ജിംസിന് സമീപം ഒരുപാട് നേരം കാറിൽ കാത്തിരുന്നതിനെത്തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ സഹായത്തിനു ഒപ്പമുണ്ടായിരുന്ന വ്യക്തി ആശുപത്രി അധികൃതരോട് പലതവണ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

‘ജാഗൃതിക്ക് അസുഖം വന്നതിനെത്തുടർന്ന് വീട്ടുടമ പല ആളുകളെയും സമീപിക്കുകയും ആശുപത്രിയിൽ കൊണ്ടുപോവാൻ സഹായം അഭ്യർഥിക്കുകയും ചെയ്‌തു. എന്നാൽ ആരും തന്നെ രക്ഷയ്‌ക്കെത്തിയില്ല. ആശുപത്രിയിൽ കയറാൻ പോലുമാവാതെ മണിക്കൂറുകളോളം വെറുതെ ഇരുന്നു. ശ്വാസമെടുക്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ആരോഗ്യം വഷളായതോടെ ആശുപത്രി റിസപ്‌ഷനിൽ വിവരമറിയിച്ചു. അവർ പരിശോധിക്കാൻ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’– സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ പറഞ്ഞു.

സംസ്ഥാനത്ത് ആശുപത്രികളിൽ കിടക്കകൾക്കോ ഓക്സിജനോ ഒരു തരത്തിലുള്ള ക്ഷാമവും അനുഭവപ്പെടുന്നില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനാവശ്യ പരിഭ്രാന്തി പരത്തുന്നവർക്കെതിരെ നിയമനടപടികൾ എടുക്കുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടു. എന്നാൽ ഇതിന് വിപരീതമായ റിപ്പോർട്ടുകളാണ് നോയിഡയിൽനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആശുപത്രി കിടക്കകൾ ലഭിക്കാതെ പല രോഗികളും റോഡിൽ കുഴഞ്ഞുവീണ് മരണമടയുന്നു. നിരവധി കുടുംബങ്ങൾ ഓക്‌സിജൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ രോഗിയെയും കൂട്ടി ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നു.

നോയിഡ അധികൃതർ നൽകിയ ഓൺലൈൻ ട്രാക്കർ പ്രകാരം പ്രദേശത്ത് 2568 കിടക്കകൾ ഉള്ളതായാണ് വിവരം. എന്നാൽ ഇതേക്കുറിച്ചു ഹെൽപ്‌ലൈനിൽ അന്വേഷിച്ചപ്പോൾ കിടക്കകളൊന്നും ബാക്കിയില്ലെന്നായിരുന്നു മറുപടി. വെള്ളിയാഴ്‌ചയിലെ കണക്ക് പ്രകാരം നോയിഡയിൽ 8200 കേസുകളും 212  മരണവുമാണ് രേഖപ്പെടുത്തിയത്.

English Summary: Woman dies in car outside Noida hospital, gasping, unable to find bed

വോട്ടെണ്ണാം മനോരമ ഓൺലൈനൊപ്പം - നാളെ രാവിലെ മുതൽ തൽസമയം. കൂടുതൽ തിരഞ്ഞെടുപ്പു വാർത്തകൾക്കു സന്ദർശിക്കൂ www.manoramaonline.com/elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com