ADVERTISEMENT

കൊച്ചി ∙ ദൈവികതയും മാനുഷികതയും നിറഞ്ഞു നിന്ന സഭാശ്രേഷ്ഠനായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്നു കെസിബിസി പ്രസിഡന്റും ഇന്റർ ചർച്ച് കൗൺസിൽ ഫോർ കേരള ചെയർമാനുമായ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. കരുത്താർന്ന സുവിശേഷ പ്രസംഗങ്ങളിലൂടെ അദ്ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹിക പ്രവർത്തനങ്ങൾ വഴി അനേകർക്കു സംരക്ഷണവും ആശ്വാസവും നൽകി. മാരാമൺ കൺവൻഷൻ മാർത്തോമ്മാ സഭയുടെ മുഖമുദ്രയാക്കി കേരളത്തിൽ സഭയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിലും വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.

ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് അദ്ദേഹം സ്വീകാര്യനായിരുന്നു. നർമ്മം അദ്ദേഹത്തിന്റെ സദസുകളെ സന്തോഷഭരിതമാക്കി. സഭാഐക്യരംഗത്തും സജീവമായിരുന്നു. കത്തോലിക്കാ സഭയിൽ നവീകരണത്തിന്റെ വഴി തുറന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ അദ്ദേഹം എക്യുമെനിക്കൽ പ്രതിനിധിയായി പങ്കെടുത്തിരുന്നു. വൈദിക മേലധ്യക്ഷന്മാർക്കും വൈദികർക്കും സമർപ്പിതർക്കും മാതൃകയാണ് വലിയ മെത്രാപ്പോലീത്ത. മാർത്തോമാ സഭയ്ക്ക് അദ്‌ദേഹം നൽകിയ ദിശാബോധം ഇതര സഭകൾക്കും മതസമൂഹങ്ങൾക്കും പ്രചോദനം നൽകിയിട്ടുണ്ട്. ജനഹൃദയങ്ങളിൽ വലിയ മെത്രാപ്പൊലീത്തായ്ക്ക് എന്നും സ്ഥാനമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വതീയന്‍ കാതോലിക്കാ ബാവാ

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാട് ഭാരത ക്രൈസ്തവ സഭയ്ക്ക് ഒരു തീരാനഷ്ടമാണ് എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ പ്രീതികരമായ നിലയില്‍ മഹാ പൗരോഹിത്യ ശുശ്രൂഷ എങ്ങനെ നിർവഹിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ അജപാലന ശുശ്രൂഷ. കേരള ജനതയുടെ മനസ്സില്‍ ജാതി-മത-വര്‍ഗ-വർണ വ്യത്യാസങ്ങള്‍ക്കപ്പുറമായി നന്മയെ പ്രഘോഷിക്കുന്ന ഒരു നല്ല ഇടയന്റെ പ്രതീകമായി ചിരപ്രതിഷ്ഠ നേടുവാന്‍ ആ പിതാവിന് സാധിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉത്തമനായ സ്‌നേഹിതനായി എന്നും അദ്ദേഹം നിലകൊണ്ടു എന്നത് നന്ദിയോടെ ഓര്‍ക്കുന്നുതായി കാതോലിക്കാ ബാവാ പറഞ്ഞു. 

ഇതരസഭാ മേലദ്ധ്യക്ഷന്മാരുടെയും സമുദായ നേതാക്കളുടെയും മനസില്‍ അദ്ദേഹത്തിന് ഒരു പിതാവിന്റെയും ഗുരുവിന്റെയും സ്ഥാനം ഉണ്ടായിരുന്നു എന്നത് ആ പിതാവിന്റെ അതുല്യവും ശ്രേഷ്ഠവുമായ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. ആദ്ദേഹം പകര്‍ന്നുതന്ന ആഴമേറിയ ജീവിത ദര്‍ശനങ്ങളിലൂടെയും അതിരുകള്‍ക്കപ്പുറമുള്ള മാനവീക മൂല്യങ്ങളിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം എന്നും ജീവിക്കും. വ്യക്തിപരമായി അദ്ദേഹം നല്‍കിയിട്ടുള്ള സ്‌നേഹത്തിനും വാത്സല്യത്തിനും ഉപദേശത്തിനും എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അനുശോചനവും ആദരാജ്ഞലികളും അര്‍പ്പിക്കുന്നതായി പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ 

ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ ദേഹവിയോഗത്തിലൂടെ മാനവികതയുടെ മഹാചാര്യനാണു മാഞ്ഞു പോയതെന്നു എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ പറഞ്ഞു. പിതാവ് മാർത്തോമ്മാ സഭയുടെ മാത്രമല്ല എല്ലാവരുടെയും പിതാവായിരുന്നു. താൻ ജീവിച്ച കാലത്തിന് നർമ്മമധുരമായി ക്രിസ്തുവിനെ പരിചയപ്പെടുത്തിയ ആ മഹത്ജീവിതം മാതൃകാപരമായിരുന്നു. സഭൈക്യത്തിന്റെ ശക്തനായ വക്താവായിരുന്ന വലിയ ഇടയൻ ജാതി മത ഭേദമെന്യേ സകലരുടെയും ആദരവു നേടി. മാർത്തോമ്മാ സഭയുടെ അപരിഹാര്യമായ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ് ജോസഫ് കരിയിൽ

വിനീതവും ലളിതവുമായി ജീവിതം നയിച്ചു ലോകത്തിനാകെ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉത്തമ മാതൃകയായി തീർന്ന ശ്രേഷ്ഠനായ മെത്രാപ്പൊലീത്തയായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റമെന്നു കേരള ലത്തീൻ കത്തോലിക്ക സഭാ മേലധ്യക്ഷനും കെആർഎൽസിസി പ്രസിഡന്റുമായ ബിഷപ് ജോസഫ് കരിയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനാകെ മെത്രാപ്പൊലീത്തായുടെ വേർപാട് അപരിഹാര്യമായ നഷ്ടമാണ്. ഫലിതത്തിന്റെ മേമ്പൊടി ചേർത്ത് അദ്ദേഹം നടത്തിയിരുന്ന സാമൂഹിക നിരീക്ഷണങ്ങൾ അദ്ദേഹത്തെ കേരളത്തിനു പ്രിയങ്കരനാക്കി. എല്ലാ വേർതിരിവുകളെയും ശ്രേണികളെയും മറികടന്നു കേരളത്തിനാകെ സ്നേഹധനനായ പിതാവായി അദ്ദേഹം മാറിയെന്നു ബിഷപ് കരിയിൽ അനുസ്മരിച്ചു.

ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

അജപാലകനായി ദീർഘകാലം സേവനം ചെയ്യുകയും ജാതിമതഭേദമന്യേ ജനമനസുകളിൽ സ്ഥാനം പിടിക്കുകയും ചെയ്ത ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ വിയോഗം രാജ്യത്തിനു തന്നെ തീരാനഷ്ടമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കിഴക്കിന്റെ സഭയുടെ നവീകരണത്തെപ്പറ്റി വ്യക്തമായ നിലപാടുകളുണ്ടായിരുന്ന അദ്ദേഹം ദീർഘദർശിയായ ഒരു ഇടയനായിരുന്നു. എപ്പോഴും പ്രസന്നഭാവത്തോടെ ജനങ്ങളുടെ മുന്നിൽ വന്നിരുന്ന വലിയ ആത്മീയ ആചാര്യന് നർമ്മഭാവനകളിലൂടെ ക്രിസ്തുദർശനങ്ങൾ മറ്റുള്ളവരിലേക്കു പകരാനുള്ള കഴിവുണ്ടായിരുന്നു. അദ്ദേഹവുമായി ആത്മാർത്ഥമായി ഇടപെടുന്നവരിൽ നല്ല കാര്യങ്ങൾ സംഭവിക്കാൻ സ്വാധീനം ചെലുത്താൻ ശേഷിയുള്ള വ്യകതിത്വമായിരുന്നു മെത്രാപ്പൊലീത്തയെന്നും ആർച്ബിഷപ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.

English Summary: Condolence messages by church heads in the demise of Philipose Mar Chrysostom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com