ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഓക്സിജൻ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി ഐഎസ്ആർഒ. ക്രയോജനിക് എൻജിനായി ഉൽപാദിപ്പിക്കുന്ന ലിക്വിഡ് ഓക്സിജനാണ് തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിൽനിന്ന് ഐഎസ്ആർഒ കേരളത്തിലെത്തിച്ചത്.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും  മുൻ വിഎസ്എസ്‌സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഈ നിര്‍ദേശം സർക്കാരിനു മുന്നിൽ‌ വച്ചത്. തുടർന്ന് ചീഫ് സെക്രട്ടറി ഐഎസ്ആർഒ ചെയർമാനു കത്തയയ്ക്കുകയും അനുകൂല നടപടി ഐഎസ്ആർഒയുടെ ഭാഗത്തുനിന്നും ഉണ്ടാകുകയും ചെയ്തു. 12 ടൺ ഓക്സിജൻ ബുധനാഴ്ച കേരളത്തിലെത്തി. ആഴ്ചയിൽ 12 ടൺ തരാമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. പ്രത്യേക ടാങ്കറുകളിലാണ് ലിക്വിഡ് ഓക്സിജൻ എത്തിക്കുന്നത്.

ക്രയോജനിക് എൻജിനായി ടൺ കണക്കിനു ലിക്വിഡ് ഓക്സിജനാണ് മഹേന്ദ്രഗിരിയിലെ പ്ലാന്റിൽ (ഐപിആർസി) ഉൽപ്പാദിപ്പിക്കുന്നത്. 15 വർഷമായി പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. ക്രയോജനിക് എൻജിന് ഉപയോഗിക്കുന്ന ലിക്വിഡ് ഓക്സിജനു മെഡിക്കൽ ഓക്സിജനേക്കാൾ ശുദ്ധി കൂടുതലാണ്. റോക്കറ്റ് ലോഞ്ചിങ് ഇല്ലാത്തതിനാൽ പ്ലാന്റ് പ്രവർത്തിച്ചിരുന്നില്ല. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചത്. തമിഴ്നാട്ടിനും ഈ പ്ലാന്റിൽനിന്ന് ഓക്സിജൻ കൊടുക്കുന്നുണ്ട്. 12 ടണ്ണിനു മുകളിൽ ഓക്സിജൻ ആവശ്യം വന്നാൽ നൽകാനുള്ള സന്നദ്ധതയും ഐഎസ്ആർഒ അറിയിച്ചു.

മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പൽഷൻ കോംപ്ലക്സിലെ ഓക്സിജൻ പുറത്തു കൊടുക്കാൻ അനുമതിയില്ല. കോവിഡ് ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കൂ എന്ന് ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്നാണ് സൗജന്യമായി ഓക്സിജൻ നൽകി തുടങ്ങിയത്. ഐഎസ്ആർഒയുടെ ജിഎസ്എൽവി മാർക്ക് 1, 2, 3 റോക്കറ്റുകളിൽ ക്രയോജനിക് എൻജിനാണ് ഉപയോഗിക്കുന്നത്. ഓക്സിജൻ ഇതിനായി –100 ഡിഗ്രിക്ക് താഴെ തണുപ്പിച്ചാണ് ഉപയോഗിക്കുന്നത്. പ്രത്യേക ടാങ്കറിലാണ് വിതരണം. കേരളത്തിലെത്തിയാൽ സിലിണ്ടറുകളിലാക്കി ആശുപത്രികളിൽ വിതരണം ചെയ്യും.

English Summary: ISRO provide Oxygen for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com